ADVERTISEMENT

ലക്നൗ ∙ സമാജ്‍വാദി പാർട്ടിയുടെ വയോധിക നേതാവ് മുലായം സിങ് യാദവ്, ലോക്സഭയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മനസ്സു തുറന്ന് അഭിനന്ദിക്കുകയും മോദി വീണ്ടും അധികാരത്തിലെത്തുമെന്നു പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തത് ദേശീയ രാഷ്ട്രീയത്തിൽ സൃഷ്ടിച്ച കോലാഹലം അവസാനിക്കുന്നില്ല. മുലായത്തിന്റെ മകൻ അഖിലേഷ് ബിജെപിക്കെതിരെ ബിഎസ്പിയുമായി ചേർന്നു വൻ പോരാട്ടത്തിനൊരുങ്ങുമ്പോഴാണ് ഈ പ്രതികരണമെന്നതും രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ചു. മൂന്നു കാരണങ്ങളാണ്, മുലായത്തിന്റെ അപ്രതീക്ഷിത വാക്കുകൾക്കു കാരണമായതെന്നു വിലയിരുത്തപ്പെടുന്നു:

1. ബിഎസ്പി സഖ്യത്തോടുള്ള എതിർപ്പ്

അഖിലേഷ്, മായാവതിയുടെ ബിഎസ്പിയുമായി സഖ്യമുണ്ടാക്കിയത് മുലായത്തിന് പിടിച്ചിട്ടില്ല. സഖ്യത്തിന് ബിജെപിയെപ്പോലെ വലിയ വിജയമുണ്ടാകാൻ പോകുന്നില്ലെന്ന് നേരത്തെ മുലായം പറഞ്ഞിരുന്നു. ബിഎസ്പിയോട് ഏറെക്കാലമായി പോരാടിയും അകലംപാലിച്ചും നിന്നതാണ് മുലായം.

2. മകനോടുള്ള അതൃപ്തി

പാർട്ടിയുടെ സിംഹാസനത്തിൽ നിന്ന് തന്നെ ഒഴിവാക്കിയ അഖിലേഷിനോട് മുലായത്തിനു പരിഭവങ്ങളുണ്ട്. ഏറെ പണിപ്പെട്ടു വളർത്തിയെടുത്തു കൊണ്ടുവന്ന യുവനിര, തന്നെ അരികിൽ ഉപേക്ഷിച്ചത് മുലായത്തെ മുറിപ്പെടുത്തിയിട്ടുമുണ്ട്. വലംകയ്യായിരുന്ന സഹോദരൻ ശിവ്പാൽ യാദവുമായി അകലമുണ്ടാകാൻ കാരണവും അഖിലേഷ് ആണെന്ന് മുലായം കരുതുന്നു.

3. സിബിഐ പേടി

മുലായത്തിനും കുടുംബാംഗങ്ങൾക്കുമെതിരെ അനധികൃത സ്വത്തു സമ്പാദനത്തിനു സിബിഐയുടെ കേസുണ്ട്. 2000 – 2005 കാലത്തെ സ്വത്തു സംബന്ധിച്ച ഈ കേസ് സിബിഐ ഫ്രീസറിൽ വച്ചിരിക്കുകയാണെങ്കിലും അവസാനിപ്പിച്ചിട്ടില്ല. ഏതു നിമിഷവും പൊടിതട്ടിയെടുക്കാവുന്ന ഈ കേസും മുലായത്തെ ഭയപ്പെടുത്തുന്നുണ്ട്.

മോദി സ്നേഹം മുൻപും

ആദ്യമായല്ല മുലായം, മോദിയോടു സ്നേഹം കാട്ടുന്നത്. അനന്തരവൻ തേജ് പ്രതാപിന്റെ വിവാഹത്തിന് മുലായത്തിന്റെ ജന്മഗ്രാമത്തിൽ മോദി എത്തിയിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത മുലായം അന്നു മോദിയുടെ തൊട്ടടുത്താണ് ഇരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com