ADVERTISEMENT

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു അടുത്തിരിക്കെ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനു പുതിയ പരീക്ഷണമായി എൻടിആർ, വൈഎസ്ആർ സിനിമകൾ. മമ്മൂട്ടി, അന്തരിച്ച മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ വേഷത്തിലെത്തുന്ന ‘യാത്ര’ പ്രതിപക്ഷമായ വൈഎസ്ആർ കോൺഗ്രസിന് അനുകൂലവികാരം ഉയർത്തുമെന്നാണു പ്രതീക്ഷ. അതിനിടെ, ചന്ദ്രബാബു നായിഡുവിനു വില്ലൻ പരിവേഷം നൽകുന്ന രാം ഗോപാൽ വർമ സംവിധാനം ചെയ്ത ‘ലക്ഷ്മീസ് എൻടിആർ’ ട്രെയ്‌ലർ ഇന്നലെയിറങ്ങി.

ലക്ഷ്മിപാർവതിയുമായുള്ള വിവാഹത്തിന്റെ പേരിൽ തന്നെ ഒറ്റപ്പെടുത്തുകയും അധികാരത്തിൽ നിന്നു പുറത്താക്കുകയും ചെയ്ത നായിഡുവിനെ ‘സർപ്പം’ എന്നു എൻടിആർ വിളിക്കുന്ന രംഗം ട്രെയ്‌ലറിൽ കാണാം. എൻടിആറിന്റെ മകൻ നന്ദമൂരി ബാലകൃഷ്ണ എൻടിആറായ, കൃഷ് സംവിധാനം ചെയ്ത എൻടിആർ ജീവിതകഥയുടെ ആദ്യഭാഗം ‘എൻടിആർ കഥാനായകുടു’ കഴിഞ്ഞ മാസമാണിറങ്ങിയത്.

എൻടിആറിനെ മഹാനായി ചിത്രീകരിക്കുന്ന ഈ സിനിമയിൽ നായിഡുമായുള്ള കലഹം അടക്കം വിവാദസംഭവങ്ങൾ പരാമർശിച്ചിരുന്നില്ല. രണ്ടാം ഭാഗം ‘എൻടിആർ: മഹാനായകുടു’ 22നു റിലീസ് ചെയ്യാനിരിക്കെയാണു വിവാദ സൂചന നൽകിയ ‘ലക്ഷ്മീസ് എൻടിആർ’ ട്രെയ്‌ലർ പുറത്തുവന്നത്. എൻടിആറുമായുള്ള അസാധാരണ രൂപസാദ്യശ്യമുള്ള പി. വിജയകുമാറാണു നായകൻ. ലക്ഷ്മി പാർവതിയായി യഗ്‌ന ഷെട്ടിയും നായിഡുവായി തരക് പൊന്നപ്പയും.

‘ലക്ഷ്മീസ് എൻടിആർ’ റിലീസ് തീയതി തീരുമാനിച്ചിട്ടില്ല. വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകനും വൈഎസ്ആർ കോൺഗ്രസ് നേതാവുമായ ജഗൻ മോഹൻ റെഡ്ഡി തിരഞ്ഞെടുപ്പു പദയാത്ര നടത്തിക്കൊണ്ടിരിക്കെ റിലീസ് ചെയ്ത ‘യാത്ര’ വൻഹിറ്റാണ്. ആന്ധ്രയിൽ ലോക്‌സഭയ്ക്കൊപ്പം നിയമസഭയിലേക്കും തിരഞ്ഞെടുപ്പു നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com