ADVERTISEMENT

ന്യൂഡൽഹി ∙ പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ പോരിന് അവധി നൽകി പ്രമുഖ കക്ഷികൾ. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളിൽ നേർക്കുനേർ വാക്പോര് നടത്തിയ കോൺഗ്രസും ബിജെപിയും ഇന്നലെ മൗനം പാലിച്ചു. ഇപ്പോൾ മറ്റു ചർച്ചകൾക്കുള്ള സമയമല്ലെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കിയപ്പോൾ, ഭീകരർക്കെതിരെ സ്വീകരിക്കാൻ പോകുന്ന കടുത്ത നടപടികളെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി വാചാലനായി.

വിദേശ നയതന്ത്ര പ്രതിനിധികളുമായുള്ള ചർച്ച ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ റദ്ദാക്കിയപ്പോൾ നേരത്തേ നിശ്ചയിച്ച പരിപാടികളിൽ മോദി പങ്കെടുത്തു. ഡൽഹിയിൽ നിന്നു വാരാണസിയിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ രാവിലെ ഫ്ലാഗ് ഓഫ് ചെയ്ത അദ്ദേഹം അവിടെവച്ചു പുൽവാമയെക്കുറിച്ച് ആദ്യ പരസ്യ പ്രതികരണം നടത്തി. രാജ്യം വിതുമ്പുന്ന വേളയിൽ ട്രെയിൻ ഉദ്ഘാടനവുമായി മുന്നോട്ടു പോയ കേന്ദ്രസർക്കാർ നിലപാടിനെ പലരും വിമർശിച്ചെങ്കിലും അതു രാജ്യത്തോടുള്ള കടമയാണെന്നായിരുന്നു കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ മറുപടി.

‘ഭീകർക്കുള്ള മറുപടി കൂടിയാണത്. രാജ്യത്തോടുള്ള കടമയും സേവനവുമെന്ന നിലയിലാണ് ഉദ്ഘാടനം കൃത്യസമയത്തു നടത്തിയത്. നമ്മുടെ സൈന്യമോ രാജ്യത്തെ ജനങ്ങളോ ഭീകരർക്കു മുന്നിൽ അടിപതറില്ലെന്നതിന്റെ അടയാളമാണിത്’ – പീയൂഷ് ഗോയൽ പറഞ്ഞു. ഉച്ചയ്ക്ക് യുപിയിലെ ഝാൻസിയിൽ പ്രതിരോധ വകുപ്പിന്റെ പരിപാടിയിൽ പങ്കെടുത്ത മോദി, പുൽവാമ വിഷയം ആവർത്തിച്ചു.

പാക്കിസ്ഥാനിലെ ഭീകരർക്കു തക്കമറുപടി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. വീരമൃത്യു വരിച്ച സേനാംഗങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ രാത്രി എട്ടിനു പാലം വ്യോമതാവളത്തിൽ നടത്തിയ ചടങ്ങിൽ മോദി, പ്രതിരോധ മന്ത്രി നിർമല സീതാരാമൻ, രാഹുൽ ഗാന്ധി, കര, നാവിക, വ്യോമ സേന, സിആർപിഎഫ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com