ADVERTISEMENT

ന്യൂഡൽഹി ∙ 1999 ഡിസംബർ 31ന് പ്രതിസന്ധിഘട്ടത്തിൽ മറ്റുവഴികളെല്ലാം അടഞ്ഞപ്പോൾ ഇന്ത്യ വിട്ടയച്ച കൊടുംഭീകരൻ വിഷസർപ്പമായി തിരികെയെത്തുമ്പോൾ, അയാളെ ആഗ്നേയാസ്ത്രമാക്കി ചൈന മുടന്തൻ ന്യായങ്ങൾ നിരത്തുന്നു. ജയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസ്ഹറിനു രക്ഷാകവചമൊരുക്കുന്ന ചൈന ഇന്ത്യയിലെ ഭീകരാക്രമണങ്ങളെ പരോക്ഷമായി പിന്തുണയ്ക്കുകയാണെന്നും വിമർശനമുയരുന്നു.

1999 ഡിസംബർ 24 ന് നേപ്പാളിലെ കാഠ്മണ്ഡുവിൽ നിന്നു 189 യാത്രക്കാരുമായി ഡൽഹിയിലേക്കു പറന്ന ഇന്ത്യൻ എയർലൈൻസിന്റെ വിമാനം റാഞ്ചിയ 5 പാക്ക് ഭീകരർ ഒടുവിൽ അത് അഫ്ഗാനിസ്ഥാനിലെ കാണ്ടഹാറിലാണ് ഇറക്കിയത്. ഇന്ത്യയിൽ തടവിലുള്ള മസൂദ് അസ്ഹർ ഉൾപ്പെടെ ഏതാനും ഭീകരരെ മോചിപ്പിച്ചില്ലെങ്കിൽ വിമാനം തകർക്കുമെന്നായിരുന്നു ഭീഷണി. അന്ന് താലിബാൻ ഭരിച്ചിരുന്ന അഫ്ഗാനിസ്ഥാനിൽ നയതന്ത്ര ഇടപെടലിനു സാധ്യതയില്ലെന്നിരിക്കെ ഇന്ത്യയ്ക്കു വഴങ്ങേണ്ടിവന്നു.

മസൂദ് അസ്ഹർ, അഹമ്മദ് ഒമർ ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് സാഗർ എന്നീ ഭീകരരെ ജയിലിൽനിന്നു മോചിപ്പിച്ച് അന്നത്തെ വിദേശകാര്യമന്ത്രി ജസ്വന്ത് സിങ് പ്രത്യേക വിമാനത്തിൽ കാണ്ടഹാറിൽ എത്തിച്ച് റാഞ്ചികൾക്കു കൈമാറി. നിരപരാധികളായ വിമാനയാത്രക്കാരുടെ ജീവൻ രക്ഷിക്കാനായി ഇന്ത്യയ്ക്ക് അന്നു മോചിപ്പിക്കേണ്ടി വന്ന ആ വില്ലനാണ് ജയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയ്ക്കു രൂപം നൽകി ഇപ്പോൾ ചൈനയുടെ കൂടി ഒത്താശയോടെ സ്വൈരവിഹാരം നടത്തുന്നത്.

∙ ചൈനയുടെ ആഗ്നേയാസ്ത്രം

കശ്‌മീരിലെ അവന്തിപ്പുരയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ചാവേറാക്രമണത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തിയ ചൈന പക്ഷേ, മസൂദ് അസ്ഹറിനെ ആഗോള ഭീകരരുടെ പട്ടികയിൽപെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം വീണ്ടും തള്ളി. 2016 ജനുവരിയിൽ പഠാൻകോട്ട് വ്യോമത്താവളത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ ജയ്ഷെ ഭീകരരുടെ പങ്കു വ്യക്തമായതോടെയാണ് അസ്ഹറിനെ ആഗോള ഭീകരരുടെ പട്ടികയിൽപെടുത്തണമെന്ന ആവശ്യം യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ ഉന്നയിച്ചത്. യുഎസും ബ്രിട്ടനും ഫ്രാൻസും ഇന്ത്യയെ പിന്തുണച്ചതോടെ ചൈന അന്നു വീറ്റോ അധികാരം പുറത്തെടുത്തു.

2001 ൽ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിനു പിന്നിലും അസ്ഹറിന്റെ ഭീകരസംഘമായിരുന്നു. രാജ്യാന്തര സമ്മർദത്തെ തുടർന്ന് പാക്കിസ്ഥാൻ ഇയാളെ അറസ്റ്റ് ചെയ്തു. 2002 ൽ അന്നത്തെ പാക്ക് പ്രസിഡന്റ് പർവേസ് മുഷാറഫ് ജയ്ഷെ മുഹമ്മദിനെ നിരോധിക്കുകയും ചെയ്തു. എന്നാൽ ലഹോർ ഹൈക്കോടതി അയാളെ കുറ്റവിമുക്തനാക്കി.

സർബെ മുഅമിൻ പത്രത്തിലൂടെ അസ്ഹർ വിധ്വംസക ആശയങ്ങളുടെ പ്രചാരണം തുടർന്നു. 2008 ൽ മുംബൈ ഭീകരാക്രമണത്തെ തുടർന്നും പാക്കിസ്ഥാനിൽ അസ്ഹറിനെ വീട്ടുതടങ്കലിലാക്കി. ഇയാളെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഇന്ത്യ രംഗത്തെത്തിയെങ്കിലും പാക്കിസ്ഥാൻ വഴങ്ങിയില്ല. വീട്ടുതടങ്കലിൽ നിന്നു പിന്നീട് മോചിപ്പിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com