ADVERTISEMENT

ജയ്പുർ ∙ ലാത്തിയേന്തിയ ആർഎസ്എസ്, ബിജെപി പ്രവർത്തകർ വെറുപ്പു വിതയ്ക്കുകയാണെന്നും സ്നേഹത്തിലൂടെയായിരിക്കണം കോൺഗ്രസ് പ്രവർത്തകർ ഇതിനെ നേരിടേണ്ടതെന്നും പാർട്ടി പ്രസിഡന്റ് രാഹുൽ ഗാന്ധി. അജ്മേറിൽ സേവാദൾ റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൗരത്വബില്ലിലൂടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അശാന്തിയുടെ തീ പടർത്തിയിരിക്കുകയാണു മോദി സർക്കാർ. നമ്മൾ അവിടം സ്നേഹംകൊണ്ടു കീഴ്പ്പെടുത്തും.

ബിജെപി തന്നെയും തന്റെ കുടുംബത്തെയും അപഹസിച്ചുകൊണ്ടിരിക്കുകയാണെന്നു പറഞ്ഞ രാഹുൽ, ബിജെപിയുടെ വെറുപ്പിനെ വെറുപ്പുകൊണ്ടല്ല സ്നേഹംകൊണ്ടാണു നേരിടേണ്ടതെന്നും പ്രവർത്തകരോട് നിർദേശിച്ചു. ഇതേ കാരണത്താലാണു താൻ മോദിയെ ആലിംഗനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ 2014 നു മുമ്പ് ഒന്നും നേടിയില്ല എന്നു മോദി പറയുമ്പോൾ അദ്ദേഹം നെഹ്റുവിനെയും അംബേദ്കറെയും മാത്രമല്ല അപഹസിക്കുന്നത്. നമ്മുടെ കർഷകരും ചെറുകിട ബിസിനസുകാരും മോദിക്കു മുമ്പേ രാജ്യത്തിനായി ഒന്നും ചെയ്തില്ലെന്നാണു പ്രധാനമന്ത്രി പറയുന്നത്. ഇതിലൂടെ ഇന്ത്യയിലെ മുഴുവൻ ജനതയെയുമാണ് മോദി അധിക്ഷേപിക്കുന്നത്.

കോൺഗ്രസ് അധികാരത്തിൽ വന്ന സംസ്ഥാനങ്ങളിൽ കർഷകരുടെ കടങ്ങൾ എഴുതി തള്ളിയപ്പോൾ കേന്ദ്രസർക്കാർ 3.5 ലക്ഷം കോടി രൂപയാണു വിജയ് മല്യ, അനിൽ അംബാനി, നീരവ് മോദി, മെഹുൽ ചോക്സി എന്നിവർക്കായി എഴുതിത്തള്ളിയത്. മോദിയുടെ ഭരണം പത്തിരുപതു പണക്കാർക്കു വേണ്ടി മാത്രമാണെന്നും രാഹുൽ കുറ്റപ്പെടുത്തി. 30 വർഷത്തിനുശേഷം നടക്കുന്ന സേവാദൾ അധിവേശൻ പരിപാടിയിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് എന്നിവരും പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com