ADVERTISEMENT

ന്യൂഡൽഹി ∙ റിലയൻസ് കമ്യൂണിക്കേഷൻ (ആർകോം) മേധാവി അനിൽ അംബാനിക്കു സഹായകമായ രീതിയിൽ സുപ്രീം കോടതി ഉത്തരവു തിരുത്തിയ 2 കോർട്ട് മാസ്റ്റർമാരെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അന്വേഷണവിധേയമായി സർവീസിൽ നിന്നു പുറത്താക്കി. അസിസ്റ്റന്റ് റജിസ്ട്രാർ റാങ്കിലുള്ള തപൻ കുമാർ ചക്രവർത്തി, മാനവ് ശർമ എന്നിവരാണ് പുറത്താക്കപ്പെട്ടത്. ടെലികോം കമ്പനിയായ എറിക്സൺ ഇന്ത്യ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ, അനിൽ അംബാനിയും മറ്റും കോടതിയിൽ നേരിട്ടു ഹാജരാകണമെന്നാണ് ജസ്റ്റിസ് റോഹിന്റൺ നരിമാൻ അധ്യക്ഷനായബെഞ്ച് കഴിഞ്ഞ മാസം 7ന് ഉത്തരവിട്ടത്. എന്നാൽ, ഹാജരാകേണ്ടതില്ല എന്നു തിരുത്തൽ വരുത്തിയാണ് അന്ന് ഉത്തരവു വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്.

കോടതിയിൽ വച്ച് ഉത്തരവ് എഴുതിയെടുത്തതും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനുള്ള രേഖ തയാറാക്കിയതും കഴിഞ്ഞ ദിവസം പുറത്താക്കപ്പെട്ട കോർട്ട് മാസ്റ്റർമാരാണ്. കോടതിയിൽ പറഞ്ഞ ഉത്തരവും വെബ്സൈറ്റിൽ വന്നതും തമ്മിലുള്ള വ്യത്യാസം എറിക്സന്റെ അഭിഭാഷകർ കോടതിയിൽ ജസ്റ്റിസ് നരിമാന്റെ ശ്രദ്ധയിൽപ്പെടുത്തി. അനിൽ അംബാനിയെ സഹായിക്കാനുള്ള ശ്രമമാണു നടന്നതെന്ന് അഭിഭാഷകൻ ദുഷ്യന്ത് ദവെ ആരോപിച്ചു. തുടർന്ന്, കഴിഞ്ഞ മാസം 10ന് ശരിയായ ഉത്തരവ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

വിഷയം ജസ്റ്റിസ് നരിമാൻ, ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തി. ചീഫ് ജസ്റ്റിസിന്റെ നിർദേശാനുസരണം നടത്തിയ അന്വേഷണത്തിലാണ്, അബദ്ധം സംഭവിച്ചതല്ലെന്നും തിരുത്തൽ ബോധപൂർവമെന്നും വ്യക്തമായത്.  കൃത്യവിലോപത്തിനാണ് ഇപ്പോൾ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടുള്ളത്. വ്യാജ രേഖയുണ്ടാക്കൽ, അഴിമതി തുടങ്ങിയ വശങ്ങൾ പരിഗണിച്ച് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ നടപടിയുണ്ടാകുമോയെന്നു വ്യക്തമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com