ADVERTISEMENT

ന്യൂഡൽഹി∙ പാക്കിസ്ഥാനോടു ചേർന്ന പടിഞ്ഞാറൻ അതിർത്തിയിൽ സർവ സന്നാഹങ്ങളുമായി വ്യോമസേനയുടെ യുദ്ധ പരിശീലനം. രാജസ്ഥാനിലെ പൊഖ്റാൻ മരുഭൂമിയിൽ ഇന്നലെ നടത്തിയ ‘വായുശക്തി’ അഭ്യാസപ്രകടനത്തിൽ ശത്രുവിനു നേർക്കുള്ള സൂക്ഷ്മ ആക്രമണങ്ങളിൽ സേന പരിശീലനം നടത്തി.

രാഷ്ട്രം ഏൽപിക്കുന്ന ഏതു ദൗത്യവും നടപ്പാക്കാൻ തയാറാണെന്നു വ്യക്തമാക്കിയ സേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ, പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരെ കടുത്ത നടപടികൾക്കു വ്യോമസേന ഒരുങ്ങുന്നതിന്റെ സൂചന നൽകി. 

യഥാർഥ യുദ്ധസാഹചര്യം പുനരാവിഷ്കരിച്ച് വ്യോമസേനാ ആക്രമണങ്ങളുടെ കുന്തമുനയായ ആകാശ്, അസ്ത്ര മിസൈലുകളിലായിരുന്നു പരീക്ഷണം. ശത്രുമേഖലയിൽ മിന്നലാക്രമണം നടത്തുന്നതിനു സേനയുടെ കമാൻഡോ വിഭാഗമായ ‘ഗരുഡ്’ സേനാംഗങ്ങളുടെ പ്രത്യേക പരിശീലനവും നടന്നതായി പ്രതിരോധ വൃത്തങ്ങൾ വ്യകതമാക്കി. 

137 യുദ്ധവിമാനങ്ങൾ പങ്കെടുത്ത പ്രകടനത്തിൽ ശത്രുവിനെതിരെ പകൽ – രാത്രി വ്യത്യാസമില്ലാതെ ആക്രമണം നടത്തുന്നതിനുള്ള സേനയുടെ ശേഷി വിലയിരുത്തി. സുഖോയ് 30 എംകെഐ, മിറാഷ് 2000, മിഗ്, ജാഗ്വാർ, തേജസ് യുദ്ധവിമാനങ്ങളും ഹെലിക്കോപ്റ്ററുകളും സാന്നിധ്യമറിയിച്ചു. 

നേരിട്ടുള്ള യുദ്ധത്തിലൂടെ നമ്മെ തോൽപിക്കാനാവില്ലെന്നു ശത്രുവിനറിയാം. അതിനാൽ അവർ മറ്റു മാർഗങ്ങൾ തേടുന്നു. ശത്രുവിനെ ശിക്ഷിക്കാനുള്ള നമ്മുടെ കരുത്തിന്റെ നേർക്കാഴ്ചയാണു വായുശക്തി അഭ്യാസപ്രകടനം. – എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ (വ്യോമസേനാ മേധാവി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com