ADVERTISEMENT

ജമ്മു∙ പുൽവാമ ഭീകരാക്രമണത്തിനെതിരായ പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് ഏർപ്പെടുത്തിയ നിശാനിയമം തുടരുന്നു. 9 കോളം സൈനികരെക്കൂടി വിന്യസിച്ച് നഗരത്തിൽ സുരക്ഷ ശക്തമാക്കി. ഇപ്പോൾ 18 കോളം സൈനികർ നഗരത്തിലുണ്ട്. പ്രശ്നബാധിത മേഖലകളിൽ സൈന്യം ഫ്ലാഗ് മാർച്ച് നടത്തി. 

ജമ്മു സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു. ജമ്മു മേഖലയിൽ മൊബൈൽ, ഇന്റർനെറ്റ് സർവീസ് നിരോധനം തുടരുന്നു. നിയമം ലംഘിച്ച് പ്രതിഷേധത്തിനു തുനിയുന്നവർക്കെതിരെ നടപടി ശക്തമാക്കി. സൈനിക വാഹനങ്ങൾ നഗരത്തിൽ പട്രോൾ നടത്തുന്നുണ്ട്. സൈനിക ഹെലിക്കോപ്റ്ററുകളും പൈലറ്റില്ലാ വിമാനങ്ങളും മേഖലയിൽ നിരീക്ഷണം തുടരുന്നു. 

ദേശവിരുദ്ധ ശക്തികളുടെ കുപ്രചാരണത്തിനു ചെവികൊടുക്കരുതെന്ന് പൊലീസ് ഐജി എം. കെ. സിൻഹ ജനങ്ങളോടഭ്യർഥിച്ചു. ജമ്മു ചേംബർ ഓഫ് കൊമേഴ്സ് ആഹ്വാനം ചെയ്ത ബന്ദ് പൂർണമായിരുന്നു. 

സ്ഥിതി നിയന്ത്രണാധീനമാണെന്നും അക്രമത്തിന് ആഹ്വാനം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ജമ്മു ജില്ലാ മജിസ്ട്രേട്ട് രമേഷ് കുമാർ അറിയിച്ചു. ഇവർക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. പുൽവാ ആക്രമണത്തിനെതിരെ ജമ്മു ചേംബർ ഓഫ് കൊമേഴ്സിന്റെ ആഹ്വാനത്തിൽ നടന്ന പ്രതിഷേധം വിവിധ വിഭാഗങ്ങൾ തമ്മിലുള്ള കല്ലേറിലും അക്രമത്തിലും കലാശിക്കുകയായിരുന്നു. 

ജമ്മുവിൽ കശ്മീരികൾക്കെതിരെ നടന്ന ആക്രമണത്തിനെതിരെ താഴ്‍വരയിൽ പലയിടത്തും പ്രതിഷേധപ്രകടനം നടന്നു. ശ്രീനഗറിൽ ലാൽ ചൗക്ക് സിറ്റി സെന്റർ പൂർണമായും അടഞ്ഞുകിടന്നു. വ്യാപാരി സംഘടനകളും വിദ്യാർഥി, തൊഴിലാളി യൂണിയനുകളും പ്രതിഷേധത്തിൽ പങ്കുചേർന്നു. ഇന്ന് കശ്മീർ ബന്ദിന് വ്യാപാരി സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com