ADVERTISEMENT

ന്യൂഡൽഹി ∙ കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ ജയ്ഷ് ഭീകരർ നടത്തിയ ചാവേർ കാർബോംബാക്രമണത്തിൽ വീരമൃത്യുവരിച്ച 40 ജവാന്മാർക്ക് രാജ്യത്തിന്റെ ആദരാഞ്ജലി. മൃതദേഹപേടകം ചുമലിലേന്തി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, ജവാന്മാരോട് ജനകോടികളുടെ ആദരം പ്രകടിപ്പിച്ചു.  ഭീകരർക്ക് പിന്തുണ നൽകുന്ന പാക്കിസ്ഥാനെ രാജ്യാന്തരതലത്തിൽ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങൾ ഇന്ത്യ ഊർജിതമാക്കി. ഒപ്പം, അതിർത്തികടന്നുള്ള സൈനിക തിരിച്ചടിയും പരിഗണിക്കുന്നുണ്ട്.

ഇതുസംബന്ധിച്ച സാധ്യത നിഴലിക്കുന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. ഇന്ത്യയെ ദുർബലപ്പെടുത്താമെന്ന പാക്ക് വ്യാമോഹം വെറുതെയാണ്. ഉത്തരവാദികളെ വെറുതെവിടില്ല. ഏതുദിവസം ഏതുസമയം എവിടെ എങ്ങനെ തിരിച്ചടിക്കണമെന്നതിൽ സൈന്യത്തിനു പൂ‍ർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട് – പ്രധാനമന്ത്രി വ്യക്തമാക്കി.  വ്യാപാരരംഗത്ത് പാക്കിസ്ഥാന്റെ അഭിമതരാഷ്ട്ര പദവി ഇന്ത്യ പിൻവലിച്ചു. കശ്മീർ സാഹചര്യവും സർക്കാർ തീരുമാനങ്ങളും വിശദീകരിക്കാൻ ഇന്ന് ഡൽഹിയിൽ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. വീരമൃത്യുവരിച്ച ജവാന്മാർ 12 സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. ഏറ്റവുമധികം ഉത്തർപ്രദേശുകാർ; 12.

രാഷ്ട്രീയപ്പോരിന് അവധി നൽകി പ്രമുഖ കക്ഷികൾ ഒറ്റക്കെട്ടായി നിന്നു. ഇന്ത്യയുടെ ആത്മാവിനു നേരെയുള്ള ആക്രമണമെന്നു പറഞ്ഞ രാഹുൽ ഗാന്ധി, മറ്റു ചർച്ചകൾക്കില്ലെന്നും സർക്കാരിനു പിന്തുണ നൽകുകയാണ് ഇപ്പോൾ പ്രധാനമെന്നും വ്യക്തമാക്കി.  ആക്രമണത്തെ ലോകരാജ്യങ്ങൾ ഒന്നടങ്കം അപലപിച്ചു; ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്കു പിന്തുണ പ്രഖ്യാപിച്ചു. പാക്കിസ്ഥാന്റെ പേരെടുത്തുപറഞ്ഞ് യുഎസ് വിമർശിച്ചു.

137 യുദ്ധവിമാനങ്ങൾ ഇന്ന് അതിർത്തിയിൽ

പുൽവാമയിലെ ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാൻ അതിർത്തിയിൽ ശക്തിപ്രകടനത്തിനൊരുങ്ങി ഇന്ത്യൻ വ്യോമസേന. രാജസ്ഥാനിലെ പൊഖ്റാനിൽ ഇന്ന് സേന നടത്തുന്ന അഭ്യാസപ്രകടനത്തിൽ 137 യുദ്ധവിമാനങ്ങളും സായുധ ഹെലികോപ്റ്ററുകളും അണിനിരക്കും.

‘വായുശക്തി’ എന്നു പേരിട്ട അഭ്യാസം നേരത്തേ തീരുമാനിച്ചതാണെങ്കിലും ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരായ മുന്നറിയിപ്പ് കൂടിയാണ്.  ഇതിനിടെ, അവധി റദ്ദാക്കി മടങ്ങിയെത്താൻ കര, നാവിക, വ്യോമ സേനാംഗങ്ങൾക്ക് പ്രതിരോധ വകുപ്പ് നിർദേശം നൽകി.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com