ADVERTISEMENT

ന്യൂഡൽഹി ∙ പുൽവാമ ഭീകരാക്രമണത്തിൽ പാക്ക് സേനയുടെ പങ്ക് കൂടി സ്ഥിരീകരിച്ച്, അതിർത്തിയിൽ ശക്തമായ തിരിച്ചടിക്ക് ഇന്ത്യയുടെ ഒരുക്കം. രണ്ടു സാധ്യതകളാണു ചർച്ചകളിലുള്ളത്.

∙ കമാൻ‍ഡോകളെ ഉപയോഗിച്ചുള്ള മിന്നലാക്രമണം.

∙ പാക്ക് മണ്ണിലെ ഭീകര താവളങ്ങൾക്കു നേരെ വ്യോമമാർഗമുള്ള മിസൈലാക്രമണം.

മിന്നലാക്രമണത്തിൽ വൈദഗ്ധ്യമുള്ള കര, വ്യോമ സേനകളുടെ കമാൻഡോ വിഭാഗങ്ങളായ പാരാ സ്പെഷൽ ഫോഴ്സ്, ഗരുഡ് എന്നിവയ്ക്കു ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ പൊഖ്‌റാനിൽ നടത്തിയ അഭ്യാസപ്രകടനത്തിൽ, ശത്രു മേഖലകളിൽ കടന്നുകയറിയുള്ള മിന്നലാക്രമണങ്ങളിലുള്ള പരിശീലനവും ഗരുഡ് കമാൻഡോകൾ നടത്തി. എന്നാൽ, മുൻ അനുഭവം കണക്കിലെടുത്ത് മിന്നലാക്രമണത്തെ പ്രതിരോധിക്കാനുള്ള തയാറെടുപ്പുകൾ പാക്ക് സേന നടത്തിയേക്കും.ഈ സാഹചര്യത്തിലാണു വ്യോമമാർഗമുള്ള സൂക്ഷ്മ ആക്രമണം പരിഗണിക്കുന്നത്. യുദ്ധവിമാനങ്ങളിൽ നിന്നുള്ള മിസൈലാക്രമണത്തിനു പ്രത്യാക്രമണമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അതിർത്തി മേഖലകളിൽ ആകാശ് മിസൈലുകൾ സജ്ജമാക്കും. പാക്കിസ്ഥാനെ ആക്രമിച്ചാൽ ചൈനയുടെ ഇടപെടലുണ്ടായേക്കുമെന്ന കണക്കുകൂട്ടലിൽ വടക്ക്, കിഴക്കൻ അതിർത്തികളിലും സുരക്ഷ ശക്തമാക്കി.

അൽ ഖായിദ തലവൻ ഉസാമ ബിൻ ലാദനെ യുഎസ് കമാൻഡോകൾ പാക്കിസ്ഥാനിൽ പോയി വധിച്ചതു പോലെയുള്ള സൈനികനടപടി മസൂദ് അസ്ഹറിന്റെ കാര്യത്തിൽ ഇന്ത്യ സ്വീകരിക്കണമെന്ന ആവശ്യവും ശക്തം. ജമ്മു കശ്മീരിലെ ഉധംപുർ ആസ്ഥാനമായുള്ള കരസേനയുടെ വടക്കൻ കമാൻഡിന്റെ നേതൃത്വത്തിലാണു പ്രത്യാക്രമണ തന്ത്രങ്ങൾ മെനയുന്നത്. തിരിച്ചടി എവിടെ, എപ്പോൾ വേണമെന്നു നിശ്ചയിക്കാൻ കൃത്യമായ ഇന്റിലിജൻസ് വിവരം അനിവാര്യമാണ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com