ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയുടെ കസ്റ്റഡിയിലായിരിക്കെ, ആദ്യ അടിയിൽ തന്നെ രഹസ്യങ്ങളെല്ലാം തുറന്നു പറഞ്ഞുപോയി ജയ്ഷെ മുഹമ്മദ് സ്ഥാപകനായ പാക്ക് ഭീകരൻ മൗലാന മസൂദ് അസ്‌ഹർ. 1994 ൽ അറസ്റ്റിലായ അസ്ഹറിനെ  ചോദ്യം ചെയ്ത രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റേതാണു വെളിപ്പെടുത്തൽ. 

അസ്ഹറിനെ കസ്റ്റഡിയിൽ കൈകാര്യം ചെയ്യാൻ ഒരു പ്രയാസവുമില്ലായിരുന്നു. കരസേനാ ഉദ്യോഗസ്ഥന്റെ ആദ്യ അടിയിൽ തന്നെ വിറച്ചുപോയ അസ്ഹർ, കശ്മീരിലെ ഭീകരനീക്കങ്ങൾ സംബന്ധിച്ച് ഒട്ടേറെ വിവരങ്ങൾ വെളിപ്പെടുത്തിയെന്നു സിക്കിം മുൻ ഡിജിപി കൂടിയായ അവിനാഷ് മൊഹനനേയ് പറഞ്ഞു. 20 വർഷം മൊഹനനേയ് ഇന്റിലിജൻസ് ബ്യൂറോയിലായിരുന്നു. 

പോർച്ചുഗീസ് പാസ്പോർട്ട് ഉപയോഗിച്ച് ബംഗ്ലദേശ് വഴി ഇന്ത്യയിലെത്തിയ അസ്ഹർ 1994 ഫെബ്രുവരിയിൽ ദക്ഷിണകശ്‌മീരിലെ അനന്ത്നാഗിലാണ് അറസ്റ്റിലായത്. 1999 ൽ ഇന്ത്യൻ എയർലൈൻസിന്റെ വിമാനം തട്ടിയെടുത്ത ഭീകരർ യാത്രക്കാരെ ബന്ദികളാക്കിയപ്പോൾ അന്നത്തെ ബിജെപി സർക്കാർ ഇയാളെ മോചിപ്പിക്കുകയായിരുന്നു.

ഇതിനുശേഷമാണു അസ്ഹർ ജയ്ഷെ മുഹമ്മദ് രൂപീകരിച്ചത്. പുൽവാമയിലെ  ഭീകരാക്രമണത്തിനു പുറമേ പാർലമെന്റ് ആക്രമണം, പഠാൻകോട്ട് വ്യോമസേനാത്താവള ആക്രമണം, ജമ്മുവിലെയും ഉറിയിലെയും കരസേനാ ക്യാംപുകളിലെ ആക്രമണം എന്നിവയുടെ പിന്നിലും ജയ്ഷ് ഭീകരരായിരുന്നു. 

കസ്റ്റഡിയിലായിരിക്കെ പാക്കിസ്ഥാനിലെ ഭീകരസംഘടനകളുടെ പ്രവർത്തനരീതിയും ആളുകളെ ചേർക്കലുമെല്ലാം അസ്ഹർ വെളിപ്പെടുത്തിയിരുന്നു. അക്കാലത്ത് അതിർത്തി കടന്നുള്ള ഭീകരത സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിനും കാര്യമായ വിവരമുണ്ടായിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com