ADVERTISEMENT

ന്യൂഡൽഹി ∙ പുൽവാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാൻ കരസേനയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ നിരത്തി ഇന്ത്യ.  ഭീകരർക്കായി കശ്മീരിൽ വ്യാപക തിരച്ചിൽ ആരംഭിച്ച സൈന്യവും ജമ്മു കശ്മീർ പൊലീസും ജയ്ഷ് അനുകൂലികളായ 23 പ്രദേശവാസികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ആക്രമണത്തിനു നേതൃത്വം നൽകിയ ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിനു പാക്ക് സേനയുമായുള്ള അടുപ്പം ചൂണ്ടിക്കാട്ടി, ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താൻ നീക്കങ്ങൾ ഊർജിതമാക്കി. പാക്ക് പങ്ക് ഗൾഫ് രാജ്യങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയ ഇന്ത്യ, മ്യൂണിക്കിൽ ചേർന്ന സുരക്ഷാ ഉച്ചകോടിയിൽ യുഎസ്, ജർമനി, റഷ്യ എന്നിവയുടെ സാന്നിധ്യത്തിൽ വിഷയം ഉന്നയിക്കുകയും ചെയ്തു.

തെളിവുകൾ ഇവ

∙ പാക്ക് സൈനിക ആശുപത്രിയിൽ ചികിൽസയിൽ കഴിയവേയാണ് അസ്ഹർ ആക്രമണത്തിനു ചരടുവലി നടത്തിയത്. ആക്രമണ ആഹ്വാനവുമായുള്ള മസൂദിന്റെ ഓഡിയോ ക്ലിപ് കശ്മീരിൽ പ്രചരിച്ചിരുന്നു. ആക്രമണത്തിനുള്ള അന്തിമ നിർദേശം പോയതും ഈ ആശുപത്രിയിൽനിന്ന്.

∙ അസ്ഹറിന്റെ താവളം റാവൽപിണ്ടിയിൽ പാക്ക് സേനാ ആസ്ഥാനത്തിനു സമീപം.

∙ ചാവേറായ ആദിൽ അഹമ്മദിനു പരിശീലനം നൽകിയത് അസ്ഹറിന്റെ അനന്തരവനായ അബ്ദുൽ റഷീദ് ഗാസി. പാക്കിസ്ഥാനിൽനിന്ന് ഇയാൾ കശ്മീരിലേക്കു നുഴഞ്ഞുകയറിയതു ഡിസംബറിൽ.

∙ കശ്മീരിൽ വൻതോതിൽ ചാവേറാക്രമണങ്ങൾ നടക്കുമെന്ന് ഒക്ടോബറിൽ പാക്കിസ്ഥാനിലെ ലഫ്. ജനറൽ (റിട്ട) അംജദ് ഷുഐബ് പരാമർശം നടത്തിയിരുന്നു.

വിഘടനവാദികൾക്ക് സുരക്ഷ പിൻവലിച്ചു

കശ്മീരിലെ വിഘടനവാദി നേതാക്കൾക്കുള്ള സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചു. പാക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മിർവായ്സ് ഉമർ ഫാറൂഖ്, അബ്ദുൽ ഗനി ഭട്ട്, ബിലാൽ ലോൺ, ഹാഷിം ഖുറേഷി, ഫസൽ ഹഖ് ഖുറേഷി, ഷബീർ ഷാ എന്നിവർക്കുള്ള സുരക്ഷയാണു പിൻവലിച്ചത്. പാക്ക് ധനസഹായം ലഭിക്കുന്നവർക്കുള്ള സുരക്ഷ റദ്ദാക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മറ്റു നേതാക്കളായ സയ്യിദ് അലി ഷാ ഗീലാനി, യാസീൻ മാലിക് എന്നിവർക്കു നേരത്തേ തന്നെ സുരക്ഷയില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com