ADVERTISEMENT

ന്യൂഡൽഹി ∙ അടിക്കു തിരിച്ചടി നൽകുമെന്നു രാജ്യത്തിനും സൈന്യത്തിനും നൽകിയ ഉറപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാലിച്ചിരിക്കുന്നു. പൊതുതിരഞ്ഞെടുപ്പിനു മുൻപു വിഷയങ്ങൾ മാറിമറിയുന്ന ദേശീയരാഷ്ട്രീയത്തിൽ അതിർത്തി കടന്നുള്ള വ്യോമാക്രമണം എതിരാളികളുടെ വോട്ടു ബാങ്കുകൾക്കു നേരെ മോദിയുടെയും ബിജെപിയുടെയും മിന്നലാക്രമണം കൂടിയാണ്. ‘അസാധ്യമായത് ഇപ്പോൾ സാധ്യം’ എന്ന പ്രചാരണ വാചകം ബിജെപിക്കു ധൈര്യമായി ആവർത്തിക്കാം. മറ്റു വിഷയങ്ങളെല്ലാം ഇരുട്ടിവെളുക്കും മുൻപു തൽക്കാലത്തേക്കെങ്കിലും പിന്നിലാവുന്നു.

ഡൽഹിക്കു പൂർണ സംസ്ഥാന പദവി ആവശ്യപ്പെട്ടു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വെള്ളിയാഴ്ച തുടങ്ങാനിരുന്ന നിരാഹാരസമരം വേണ്ടെന്നുവച്ചു. പുൽവാമ ആക്രമണത്തിനിടെ പ്രധാനമന്ത്രി സിനിമാ ഷൂട്ടിങ്ങിലായിരുന്നു എന്ന ആരോപണം പോലും ഇനി എത്രകണ്ട് ഉന്നയിക്കപ്പെടുമെന്നും കാണേണ്ടിയിരിക്കുന്നു. റഫാൽ യുദ്ധവിമാന ഇടപാടിൽ നടപടിക്രമങ്ങൾ ലംഘിച്ചെന്ന ആക്ഷേപവും തൽക്കാലം അരങ്ങിനു പിന്നിലേക്കു മാറുന്നു. രാജ്യത്തിന്റെ അഭിമാനം എന്ന ദേശീയ വികാരം ജ്വലിച്ചു നിൽക്കുമ്പോൾ ‌മറ്റു ദേശീയ പ്രശ്നങ്ങൾ വഴിമാറി നിൽക്കുന്നതു താൽക്കാലികം എന്നു കരുതുക മാത്രമാണ് ഇപ്പോൾ പ്രതിപക്ഷത്തിനു പോംവഴി.

റഫാൽ മുതൽ കാർഷിക പ്രശ്നങ്ങളും മുന്നാക്ക സംവരണവും പുൽവാമ ആക്രമണവും വരെ പല വിഷയങ്ങൾ അനുകൂലമായും എതിരായും മാറി മറിഞ്ഞതു പോലെ തിരഞ്ഞെടുപ്പിനു മുൻപ് ഇനിയും കൂടുതൽ വിഷയങ്ങൾക്കു വന്നു പോകാൻ വേണ്ടത്ര സമയമുണ്ട്. ഒരു തരത്തിൽ, അതാണു പ്രതിപക്ഷത്തിന്റെ ആശ്വാസം; പ്രാർഥനയും.

ഉറങ്ങാതെ പ്രധാനമന്ത്രി

ജയ്ഷെ മുഹമ്മദ് ഭീകരരുടെ കേന്ദ്രങ്ങളിൽ വ്യോമാക്രമണം കഴിഞ്ഞു യുദ്ധവിമാനങ്ങൾ തിരികെയെത്തും വരെ ഉറങ്ങാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. പുലർച്ചെ 4.30ന് ഓപ്പറേഷനു നേതൃത്വം നൽകിയവരെ അഭിനന്ദിച്ച ശേഷം അദ്ദേഹം അടുത്ത ദിവസത്തെ തിരക്കുകളിലേക്കു പ്രവേശിക്കുകയും ചെയ്തു.

മിന്നലാക്രമണത്തിന്റെ പേരിൽ തന്റെ പരിപാടികളൊന്നും മോദി റദ്ദാക്കിയില്ല. മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി യോഗം, രാഷ്ട്രപതി ഭവനിൽ ഗാന്ധി സമാധാന സമ്മാനദാനം, രാജസ്ഥാനിലെ റാലി, ഇസ്കോൺ ക്ഷേത്രത്തിൽ ലോകത്തെ ഏറ്റവും വലിയ ഭഗ‌വദ്‌ ഗീതയുടെ സമർപ്പണം തുടങ്ങിയവയായിരുന്നു പ്രധാന പരിപാടികൾ.

കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ വസതിയിലെത്തിയയുടൻ പ്രധാനമന്ത്രി വ്യോമാക്രമണത്തിന്റെ തയാറെടുപ്പുകളിൽ വ്യാപൃതനായെന്നു പിഎംഒ വൃത്തങ്ങൾ പറഞ്ഞു. പ്രതിരോധ മന്ത്രി നിർമല സീതാരാമൻ, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വ്യോമസേനാ മേധാവി ബി.എസ്. ധനോവ തുടങ്ങിയവരുമായി അദ്ദേഹം നിരന്തര സമ്പർക്കത്തിലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com