ADVERTISEMENT

ന്യൂഡൽഹി ∙ കൃത്യതയുള്ള സൈനിക ശക്തിപ്രകടനം, രാഷ്ട്രീയ നിശ്ചയദാർഢ്യം, ശക്തമായ രാജ്യാന്തര പിന്തുണ–പാക്കിസ്ഥാനിൽ കടന്ന് ജയ്ഷെ മുഹമ്മദ് താവളം ആക്രമിച്ചു തകർത്ത ഇന്ത്യയുടെ നിർണായക പ്രതികരണത്തിന്റെ പ്രത്യേകതകൾ ഇതെല്ലാം. ശബ്ദരഹിതമായ തോക്കുകളും കഠാരകളും മറ്റും ഉപയോഗിച്ച് കരസേനയുടെ പ്രത്യേക ദൗത്യസംഘമായിരുന്നു 2016 ലെ മിന്നലാക്രമണം നടത്തിയത്. അതു നിശബ്ദമായ തിരിച്ചടിയായിരുന്നു.

എന്നാൽ ഇന്നലെ ബാലാക്കോട്ടിൽ നടന്ന വ്യോമാക്രമണം ശബ്ദസ്ഫോടനങ്ങളുടേതായിരുന്നു. മിന്നലാക്രമണ സമയത്ത് പാക്ക് പട്ടാളത്തിന്റെ ഒരു ഫോർവേഡ് പോസ്റ്റാണു കമാൻഡോകൾ തകർത്തതെങ്കിൽ, ഇന്നലെ ഡസൻ പോർവിമാനങ്ങളുടെ കാതടിപ്പിക്കുന്ന പ്രകമ്പനങ്ങൾക്കിടയിൽ വർഷിച്ച ബോംബുകൾ ഭീകരരുടെ വലിയ പരിശീലനകേന്ദ്രം തന്നെ ഇല്ലാതാക്കി. ഇന്ത്യയുടെ അതിർത്തിയിൽ നിന്ന് ബാലാക്കോട്ടിലേക്കുള്ള ചെറിയ ദൂരം പരിഗണിക്കുമ്പോൾ ഇത് ഒരു മിസൈൽ ഉപയോഗിച്ചു ചെയ്യാവുന്ന ജോലിയേയുള്ളു. എന്നാൽ, വ്യോമസേനയുടെ അതീവ വിദഗ്ധരായ പൈലറ്റുമാർ നിയന്ത്രണ രേഖ മറികടന്ന് പാക്ക് അധീന കശ്മീരിനും അപ്പുറം രാജ്യാന്തര അതിർത്തിയിലൂടെ ലേസർ നിയന്ത്രിത ബോംബുകൾ ഭീകരരുടെ താവളത്തിലേക്കു ഉന്നംതെറ്റാതെ തൊടുക്കുകയായിരുന്നു. മിറാഷ് വിമാനങ്ങൾ പാക്കിസ്ഥാനു നൽകിയ ഞെട്ടൽ അതാണ്.

ലോഡ് ഷെഡ്ഡിങ് മൂലം പാക്ക് റഡാറുകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ലെന്നും അവർ ചൈനയിൽ നിന്നുള്ള ജനറേറ്ററുകൾക്കു വേണ്ടി കാത്തിരിപ്പാണെന്നുമുള്ള തമാശയും ഇതിനിടെ ഉയർന്നു. അതെന്തായാലും, പുൽവാമ ഭീകരാക്രമണത്തിനു പ്രതികാരം ചെയ്യാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ രാഷ്ട്രീയ നിശ്ചയദാർഢ്യമാണു വ്യോമാക്രമണം സാധ്യമാക്കിയത്. പുൽവാമ ആക്രമണം നടന്ന് 11 ദിവസം കഴിഞ്ഞ് 12 –ാം ദിവസം പുലരും മുൻപേയാണു തിരിച്ചടിയെന്നതിൽ ഒരു പ്രതീകാത്മകതയുമുണ്ട്. ഉറി ഭീകരാക്രമണത്തിനു നാം മറുപടി കൊടുത്തത് 11–ാം ദിവസമായിരുന്നു. തിരിച്ചടിക്ക് ഉചിതമായ സമയവും സ്ഥലവും നിശ്ചയിക്കാനുള്ള അവകാശം സൈന്യത്തിനു സർക്കാർ വിട്ടുകൊടുത്തിരുന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കാബിനറ്റ് സമിതിയുടെ ഏകോപനത്തിനു കീഴിൽ വ്യോമസേനയുടെ നീക്കം ദ്രുതഗതിയിലായി. സമാനമായ സുരക്ഷാ സാഹചര്യങ്ങളിൽ മുൻപുള്ള പ്രധാനമന്ത്രിമാരുടെ പ്രതികരണം സമ്മിശ്രമായിരുന്നുവെന്നു കാണാം.

പി.വി. നരസിംഹ റാവുവും ഐ.കെ. ഗുജ്റാളും ആണവ വിസ്ഫോടനം നടത്തണമെന്നാണ് ആഗ്രഹിച്ചത്. എന്നാൽ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റന്റെ സമ്മർദത്തെ തുടർന്ന് വേണ്ടെന്നു വച്ചു. പക്ഷേ, 1998 ൽ ലോകത്തെ അമ്പരപ്പിച്ച് അടൽ ബിഹാരി വാജ്‌പേയ് ആണവപരീക്ഷണം നടത്തി. ഇതേ വാജ്‌പേയിക്ക് 1999 ൽ ഇന്ത്യൻ എയർലൈൻസ് വിമാനം കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയപ്പോൾ ഫലപ്രദമായി ഒന്നും ചെയ്യാനായില്ല. ഈ വിമാനറാഞ്ചലിനെത്തുടർന്നായിരുന്നു ജയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസ്ഹറിനെ ഇന്ത്യക്കു മോചിപ്പിക്കേണ്ടി വന്നത്. 2001 ൽ പാർലമെന്റ് ആക്രമിക്കപ്പെട്ടപ്പോൾ കരസേനയെ സജ്ജമാക്കി നിർത്തിയെങ്കിലും നടപടിയിലേക്കു നീങ്ങിയില്ല. 2008 ൽ മുംബൈ ഭീകരാക്രമണത്തിനു ശേഷം മൻമോഹൻസിങ് സർക്കാരും ആക്രമണത്തിനു മുതിർന്നില്ല.

പക്ഷേ, പാക്ക് ഭീകരൻ കസബിനെ ജീവനോടെ പിടിക്കാനായതു നേട്ടമായി. പഠാൻകോട്ടിനു ശേഷം മോദി സർക്കാരും തിരിച്ചടിച്ചില്ല പക്ഷേ, ഉറിക്കു ശേഷവും പുൽവാമയ്ക്കു ശേഷവും അദ്ദേഹത്തിന്റെ പ്രതികരണം അങ്ങനെയായിരുന്നില്ല. പുൽവാമയിലെ ചാവേർ സ്ഫോടനത്തിനു ശേഷം, ഇന്ത്യ ശക്തമായി എന്തെങ്കിലും ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭിപ്രായപ്പെട്ടത് ഇന്ത്യക്കുള്ള പിന്തുണയുടെ സൂചനയായിരുന്നു. ഭീകരാക്രമണങ്ങളോട് ഒത്തുതീർപ്പില്ലാത്ത നയം സ്വീകരിച്ചിട്ടുള്ള ട്രംപിനെ, പാക്കിസ്ഥാനിലെ ഭീകരതാവളങ്ങൾ തകർക്കാനുള്ള ഇന്ത്യയുടെ നിശ്ചയദാർഢ്യം മോദി ബോധ്യപ്പെടുത്തുകയും ചെയ്തു. യുഎസ് തന്നെയും പാക്കിസ്ഥാനിൽ കടന്ന് ഭീകരതാവളങ്ങൾ തകർത്തിട്ടുണ്ട്.

യുഎസ് മറീനുകൾ ഉസാമ ബിൻ ലാദനെ വധിച്ചത് അങ്ങനെയായിരുന്നു. മറ്റു രാജ്യങ്ങളിലെ ഭീകരതാവളങ്ങൾ വ്യോമാക്രമണങ്ങളിലൂടെ തകർക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിലേക്ക് ഇന്ത്യയും ചേർന്നുകഴിഞ്ഞു. ലോകമെമ്പാടും ഈ രീതി യുഎസ് പ്രയോഗിച്ചിട്ടുണ്ട്, വിശേഷിച്ചിട്ടും അഫ്ഗാനിസ്ഥാൻ, ഇറാഖ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ. സിറിയയിലെ ഐഎസ് താവളങ്ങൾ റഷ്യ ഇല്ലാതാക്കായത് വ്യോമാക്രമണങ്ങളിലൂടെയായിരുന്നു. മാലി ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിലെ ഐഎസ് താവളങ്ങൾ ഫ്രാൻസ് ബോംബിട്ടു തകർത്തിട്ടുണ്ട്. ഇന്ത്യയുടെ നടപടിയുടെ വേറിട്ട സ്വഭാവം, അത് ഒരു ആണവ ശക്തിക്കെതിരെ മറ്റൊരു ആണവശക്തി നടത്തിയ ആക്രമണമെന്നതാണെന്നു പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പാക്കിസ്ഥാനിൽ നിന്നു രണ്ടുതരം തിരിച്ചടികളാണ് ഇന്ത്യ കണക്കുകൂട്ടുന്നത്. ഒന്ന്, ഇന്ത്യൻ വ്യോമസേനയുടെ കടന്നാക്രമണത്തിന്റെ വിജയത്തിൽ കോപാകുലരായ പാക്കിസ്ഥാൻ സൈന്യത്തിന്റെ തിരിച്ചടി. രണ്ടാമത്തേത്, ജയ്ഷെ മുഹമ്മദിന്റെയോ മറ്റേതെങ്കിലും ഭീകരസംഘടനയുടെയോ ആക്രമണം. ബാലാക്കോട്ടിലെ ആക്രമണത്തിൽ പാക്ക് സൈനികർക്കോ നാട്ടുകാർക്കോ അപായമുണ്ടാകാതിരിക്കാൻ വ്യോമസേന പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാൽ പാക്ക് പക്ഷത്തു നിന്ന് ഈ നിയന്ത്രണം പ്രതീക്ഷിക്കാനാവില്ല. പ്രത്യേകിച്ചും ഭീകരസംഘടനകളിൽ നിന്നും. ജമ്മു കശ്മീരും പഞ്ചാബും അടക്കമുള്ള അതിർത്തി സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com