കാണ്ഡഹാർ വിമാനറാഞ്ചൽ ആസൂത്രകൻ യൂസഫ് അസ്ഹർ കൊല്ലപ്പെട്ടു?

yusuf-azhar
യൂസഫ് അസ്ഹർ
SHARE

ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ ഭാര്യാസഹോദരനും കൊടുംഭീകരനുമായ യൂസഫ് അസ്ഹറായിരുന്നു ഇന്ത്യൻ വ്യോമാക്രമണത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന്. ബാലാക്കോട്ട് ഭീകരക്യാംപിനു നേതൃത്വം കൊടുക്കുന്ന ഇയാൾ കൊല്ലപ്പെട്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

1999 ൽ, മസൂദ് അസ്ഹറിനെ മോചിപ്പിക്കാൻ വേണ്ടി ഇന്ത്യൻ എയർലൈൻസ് യാത്രാവിമാനം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്കു തട്ടിക്കൊണ്ടു പോകാൻ നേതൃത്വം നൽകിയ ഇയാൾക്കെതിരെ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടിസ് നിലവിലുണ്ട്.

ജയ്ഷെ മുഹമ്മദിന് സാമ്പത്തിക പിന്തുണ നൽകുന്ന അൽ റഹ്മത് ട്രസ്റ്റിന്റെ ബാലക്കോട്ടിലെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നതും ഇയാളാണ്. അൽ റഹ്മത് ട്രസ്റ്റ് ഭീകരപ്രവർത്തനത്തിന് അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും സാമ്പത്തിക പിന്തുണ നൽകുന്നുവെന്ന് യുഎസ് നേരത്തെ കണ്ടെത്തിയിരുന്നു .

മസൂദ് അസ്ഹറിന്റെ മൂത്തസഹോദരൻ ഇബ്രാഹിം അസ്ഹർ, ജെയ്ഷെ മുഹമ്മദിന്റെ കശ്മീർ പ്രവർത്തനങ്ങൾക്കു നേതൃത്വം വഹിക്കുന്ന അസർ ഖാൻ, മൗലാന അമ്മാർ, തൽഹ സെയിഫ് എന്നീ കൊടുംഭീകരരെയും ഇന്ത്യ ഉന്നം വച്ചിരുന്നു. ഇവരും കൊല്ലപ്പെട്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.‌

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA