7 പതിറ്റാണ്ട്: എല്ലാ പോരാട്ടങ്ങളിലും ഇന്ത്യയോടു പരാജയപ്പെട്ട് പാക്കിസ്ഥാൻ

India-Pakistan-War-1965
Indian army's frontline fighters in Kasur sector in Pakistan
SHARE

1947- കശ്മീർ യുദ്ധം

ഇന്ത്യയ്‌ക്കും പാക്കിസ്‌ഥാനും സ്വാതന്ത്യ്രം കിട്ടിയപ്പോൾ നാട്ടുരാജ്യമായിരുന്ന കശ്‌മീർ ഇരു രാജ്യങ്ങളിലും ചേരാതെ സ്വതന്ത്രമായി നിന്നു. എന്നാൽ, പഠാൻ ഗിരിവർഗക്കാരെ മുന്നിൽ നിർത്തി 1947 ഒക്‌ടോബറിൽ പാക്കിസ്‌ഥാൻ കശ്‌മീർ ആക്രമിച്ചു. സൈനികബലം കുറവായിരുന്ന കശ്മീരിനെ സഹായിക്കാൻ ഇന്ത്യ രംഗത്തെത്തി. യുഎൻ നിർദേശപ്രകാരം 1948 ഡിസംബർ 31 ന് വെടിനിർത്തൽ.

1965- പാക് നുഴഞ്ഞുകയറ്റം

തിത്വാർ, ഉറി, പൂഞ്ച് മേഖലകളിൽ പാക്സേന കടന്നുകയറുകയും തന്ത്രപ്രധാന പാതയായ ഹാജിപിർ പിടിച്ചെടുക്കുകയും ചെയ്തതോടെ ഇന്ത്യൻ പട്ടാളം തിരിച്ചടിച്ചു. സെപ്റ്റംബർ ഒന്നിന് പൂർണയുദ്ധം ആരംഭിച്ചു. സിയാൽകോട്ടിന്റെ ഒരു ഭാഗം പിടിച്ച ഇന്ത്യൻ സേന ലഹോറിന്റെ തൊട്ടടുത്തു വരെയെത്തി.

ലഹോറും സിയാൽകോട്ടും പിടിക്കാൻ പറ്റിയ നിലയിലായപ്പോഴാണ് യുദ്ധം അവസാനിപ്പിച്ച വെടി നിർത്തൽ. യുഎസും സോവിയറ്റ് യൂണിയനും യുഎന്നും ചെലുത്തിയ സമ്മർദങ്ങളെത്തുടർന്ന് സെപ്റ്റംബർ 23ന് വെടിനിർത്തൽ കരാർ നിലവിൽ വന്നു. 18 ഓഫിസർമാർ ഉൾപ്പടെ 3264 ഇന്ത്യൻ സൈനികർ യുദ്ധത്തിൽ വീരമൃത്യു വരിച്ചു.

1971- ബംഗ്ലദേശ് വിമോചനയുദ്ധം

കിഴക്കൻ പാക്കിസ്ഥാനിൽ മുജീബുർ റഹ്മാന്റെ നേത‍ൃത്വത്തിൽ സ്വാതന്ത്ര്യപോരാട്ടം ശക്തമാവുകയും അവാമി ലീഗ് പ്രവർത്തകർക്കെതിരെ കടുത്ത സൈനിക നടപടികൾ ഉണ്ടാവുകയും ചെയ്തതിനെത്തുടർന്ന് ഇന്ത്യയുടെ ഭാഗമായ ബംഗാളിലേക്ക് അഭയാർത്ഥി പ്രവാഹം തുടങ്ങി. സംഘർഷം മുറ്റിനിന്ന പശ്ചാത്തലത്തിൽ ഇന്ത്യ ഡിസംബർ 3ന് യുദ്ധം പ്രഖ്യാപിച്ചു. ഇന്ത്യയുടെ കര– നാവിക– വ്യോമ സേനകളുടെ മികവിനു മുന്നിൽ കിഴക്കൻ ബംഗാളിലെ പാക്ക് സേനയ്ക്കു പിടിച്ചു നിൽക്കാനായില്ല. 13 ദിവസത്തിന് ശേഷം പാക്കിസ്ഥാൻ കീഴടങ്ങി. ബംഗ്ലദേശ് രൂപം കൊണ്ടു. 195 ഓഫിസർമാർ ഉൾപ്പടെ 3843 ഇന്ത്യൻ സൈനികർക്കും ജീവൻ ബലിയർപ്പിക്കേണ്ടി വന്നു.

1999- കാർഗിൽ യുദ്ധം

കാർഗിൽ മേഖലയിൽ പാക്ക് നുഴഞ്ഞുകയറ്റത്തിനെതിരെ ഇന്ത്യൻ കരസേനയും വ്യോമസേനയും 1999 മേയിൽ ആരംഭിച്ച ‘ഓപ്പറേഷൻ വിജയ്’ രണ്ടരമാസം നീണ്ടു. രാജ്യാന്തര സമ്മർദവും അതിർത്തി കടന്നു വ്യോമാക്രമണം നടത്താനുള്ള പരിമിതികളും പാക്കിസ്ഥാനെ ഒരിക്കൽക്കൂടി പരാജയത്തിലേക്കു നയിച്ചു. ജൂലൈ 27ന് ഇന്ത്യ കാർഗിലിൽ വിജയം പ്രഖ്യാപിച്ചു. അഞ്ഞൂറിലധികം ഇന്ത്യൻ ജവാൻമാർ വീരമൃത്യു വരിച്ചു.

2016-2017- ‘സർജിക്കൽ സ്ട്രൈക്ക്’

നിയന്ത്രണരേഖയ്ക്കടുത്തുള്ള ഉറിയിൽ 18 ജവാന്മാരുടെ മരണത്തിനിടയാക്കി പാക്ക് ഭീകരർ നടത്തിയ ആക്രമണത്തിനുള്ള മറുപടിയായി 2016 സെപ്റ്റംബർ 28ന് ഇന്ത്യ പാക് അതിർത്തിക്കുള്ളിൽ 500 മീറ്ററോളം ഉള്ളിൽ കടന്നു മിന്നലാക്രമണം നടത്തി 38 ഭീകരരെയും 2 പാക്ക് സൈനികരെയും വധിച്ചു. 2017 മെയ് 9ന് ഇന്ത്യയുടെ രണ്ടാം ആക്രമണത്തിൽ നൗഷേര മേഖലയിലെ പാക്ക് സൈനിക പോസ്റ്റുകൾ തകർത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA