ADVERTISEMENT

ന്യൂഡൽഹി ∙ പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ മാനസപുത്രനാണു ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ സ്ഥാപകനായ മസൂദ് അസ്‌ഹർ. 20 വർഷം മുൻപ് ഇന്ത്യയിലെ ജയിലിൽ നിന്ന് കേന്ദ്രസർക്കാർ തന്നെയാണ് അസ്ഹറിനെ (50) മോചിപ്പിച്ചത്. ഇന്ത്യൻ വിമാനം കാണ്ഡഹാറിലേക്കു തട്ടിക്കൊണ്ടുപോയ ഭീകരർ യാത്രക്കാരെ ബന്ദികളാക്കിയതോടെ കേന്ദ്രസർക്കാരിനു വേറെ വഴിയില്ലാതായി.

മസൂദ് അസ്ഹറിന് ഒരു ലക്ഷ്യമേയുള്ളു– ജമ്മു കശ്മീരിനെ മോചിപ്പിച്ച് പാക്കിസ്ഥാന്റെ ഭാഗമാക്കുക. രണ്ടു ദശകത്തിനിടെ കശ്മീരിൽ നടന്ന ഒട്ടേറെ ഭീകരാക്രമണങ്ങൾക്കു പിന്നിൽ ജയ്ഷിന്റെ കരങ്ങളുണ്ട്. 2001 മുതൽ ജയ്ഷെ മുഹമ്മദ് യുഎൻ ഭീകരപട്ടികയിലുണ്ടെങ്കിലും മസൂദ് അസ്ഹറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കം ഇതുവരെ വിജയിച്ചിട്ടില്ല.

പാക്കിസ്ഥാനിലെ ഭവൽപുരിൽ ജനിച്ച അസ്ഹർ 1994 ൽ ദക്ഷിണ കശ്മീരിലെ അനന്ത്നാഗിൽ നിന്നാണ് അറസ്റ്റിലായത്. ഇന്ത്യയ്ക്ക് അധികനാൾ തന്നെ തടവിൽ വയ്ക്കാനാവില്ലെന്നും പാക്കിസ്ഥാനിൽ തനിക്കുള്ള ജനപ്രീതി നിങ്ങൾക്കറിയില്ലെന്നും അയാൾ അന്ന് ഇന്റിലിജൻസ് ഉദ്യോഗസ്ഥരോടു തുറന്നടിച്ചു പറയുകയും ചെയ്തു. ജയിൽചാട്ടം അടക്കം പലവഴികൾ പരീക്ഷിച്ച ശേഷമാണു 1999 ൽ പാക്ക് ഭീകരർ വിമാനം റാഞ്ചിയ ശേഷം തങ്ങളുടെ നേതാവിനെ മോചിപ്പിക്കാൻ ആവശ്യപ്പെട്ടത്.

2000 ൽ ശ്രീനഗറിൽ കരസേനയുടെ 15–ാം കോറിന്റെ ആസ്ഥാനത്തു ചാവേർ സ്ഫോടനം നടത്തിയാണു കശ്മീർ താഴ്‌വരയിൽ ജയ്ഷെ മുഹമ്മദ് ശക്തി പ്രകടിപ്പിച്ചു തുടങ്ങിയത്. പാർലമെന്റ് ആക്രമണം, പഠാൻകോട്ട് വ്യോമസേനാത്താവള ആക്രമണം, ഉറിയിലെയും ജമ്മുവിലെയും കരസേനാ ക്യാംപുകളിലെ ആക്രമണം തുടങ്ങി പുൽവാമ ചാവേർസ്ഫോടനം വരെ നീളുന്നു ജയ്ഷ് ഭീകരരുടെ വിളയാട്ടം.  പഠാൻകോട്ടെ ആക്രമണത്തിനുശേഷം മസൂദ് അസ്ഹറിനെ പാക്ക് അധികൃതർ കുറച്ചുനാൾ വീട്ടുതടങ്കലിൽ വച്ചുവെങ്കിലും പിന്നീടു വിട്ടയച്ചു. അസ്ഹറിനെ ഭീകരപട്ടികയിൽ പെടുത്താനുള്ള യുഎൻ രക്ഷാസമിതിയിലെ ഇന്ത്യയുടെ പ്രമേയം ചൈന രണ്ടു വട്ടമാണു തടഞ്ഞത്. 2017 ൽ അസ്ഹറിനെതിരായ യുഎസ് പ്രമേയവും ചൈന തടഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com