ADVERTISEMENT

ന്യൂഡൽഹി∙ സംഘർഷ സ്ഥിതി രൂക്ഷമാക്കാൻ താൽപര്യപ്പെടുന്നില്ലെന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നിലപാടിനോട് ഇന്ത്യയും യോജിക്കുന്നു. എന്നാൽ, പ്രശ്നം ചർച്ച ചെയ്യാമെന്ന താൽപര്യത്തെ ഇന്ത്യ മുഖവിലയ്ക്കെടുക്കുന്നില്ല. ഭീകരതാവളങ്ങൾ ഇല്ലായ്മ ചെയ്യാൻ പാക്കിസ്ഥാൻ വ്യക്തവും കൃത്യവുമായ നടപടിയെടുക്കാതെ ചർച്ച സാധ്യമല്ലെന്ന ഉറച്ച നിലപാടാണ് ഇന്ത്യയുടേത്. 

ഇന്നലെത്തെ ആക്രമണത്തിനു പാക്കിസ്ഥാന് തിരിച്ചടി നൽകുമെന്ന് ഇന്ത്യ ഇന്നലെ ഒൗദ്യോഗികമായിത്തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ദേശസുരക്ഷയ്ക്കുവേണ്ടി തക്കതായ നടപടികൾക്കുള്ള അവകാശം ഇന്നലെ പാക്ക് ഡപ്യൂട്ടി ഹൈക്കമ്മിഷണറെ വിദേശകാര്യ മന്ത്രാലയത്തിൽ വിളിച്ചുവരുത്തി അറിയിച്ചു.

പാക്കിസ്ഥാൻ വിലപേശും? 

ഇപ്പോൾ പാക്ക് പിടിയിലുള്ള വിങ് കമാൻഡർ അഭിനന്ദൻ വർധമാന്റെ മോചനം വിലപേശലിന് ഉപയോഗിക്കാൻ പാക്കിസ്ഥാൻ മടിക്കില്ലെന്നാണു വിദേശകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. പൈലറ്റ് തടവിലായ സാഹചര്യത്തിൽ  തിരിച്ചടിക്കാൻ ഇന്ത്യ തയാറാവില്ലെന്നും പാക്കിസ്ഥാൻ വിലയിരുത്തിയേക്കും. സംഘർഷത്തിന് അയവു വരുത്താൻ അഭിനന്ദന്റെ കൈമാറ്റത്തെ ഉപയോഗിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കാം. 

ഭീകരവാദികളെ സംരക്ഷിക്കുന്നവർ എന്ന പ്രതിച്ഛായയല്ല, സമാധാനപ്രിയരെന്ന മുഖം മിനുക്കലാണു പാക്കിസ്ഥാൻ താൽപര്യപ്പെടുന്നത്. അഭിനന്ദനെതിരെ രാജ്യാന്തര ധാരണകൾക്കു വിരുദ്ധമായ നടപടികളൊന്നും പാ‍ടില്ലെന്ന ഇന്ത്യയുടെ ആവശ്യത്തിനു പിന്നാലെ, അദ്ദേഹം പാക്ക് സൈനിക ഉദ്യോഗസ്ഥർക്കൊപ്പം ചായ കുടിക്കുന്നതിന്റെ ദൃശ്യങ്ങൾ പാക്കിസ്ഥാൻ പുറത്തുവിട്ടു.

എന്തുകൊണ്ടു ചർച്ചയില്ല?

തങ്ങൾ ഭീകരരെ പിന്തുണയ്ക്കുകയോ താവളമനുവദിക്കുകയോ ചെയ്യുന്നതായി സമ്മതിക്കാൻ പാക്ക് ഭരണകൂടം തയാറല്ലെന്നത് ഇന്ത്യയെ പ്രകോപിപ്പിക്കുന്നു. ബാലാക്കോട്ട് ഭീകരതാവളമുണ്ടായിരുന്നു എന്നതിന് തെളിവു നൽകാനാണ് പാക്കിസ്ഥാൻ ഇന്നലെയും ആവശ്യപ്പെട്ടത്. അതേസമയം, പുൽവാമ ഭീകരാക്രമണത്തിൽ ജയ്ഷെ മുഹമ്മദിനുള്ള പങ്കും പാക്കിസ്ഥാനിലെ പരിശീലന ക്യാംപുകളും സംബന്ധിച്ച രേഖ ഇന്നലെ ഇന്ത്യ ഒൗദ്യോഗികമായി അവർക്കു കൈമാറി. 

പാക്കിസ്ഥാനിൽ ഭീകരസംഘടനകൾ ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും സംരക്ഷണയിൽ പ്രവർത്തിക്കുന്നുവെന്നതു വസ്തുതകളുടെ പിൻബലത്തിലാണ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നത്. ഭീകരർക്കെതിരെ നടപടി വേണമെന്ന് യുഎസ് പാക്കിസ്ഥാനോട് ആവശ്യപ്പെടുന്നു. ഇന്ത്യയുടെ സൈനിക നടപടിയെ പിന്തുണച്ച ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങളും ഇതേ നിലപാടിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com