ADVERTISEMENT

ചെന്നൈ∙ മുത്തച്ഛന്റെയും അച്ഛൻ റിട്ട. എയർ മാർഷൽ സിംഹക്കുട്ടി വർധമാന്റെയും പട്ടാള പാരമ്പര്യം പകർന്നു കൊടുത്തതാണ് അഭിനന്ദന്റെ കരളുറപ്പെന്നു പറയുമ്പോൾ അതിൽ പകുതി ശരിയേ ഉള്ളൂ. പൂർണമാകണമെങ്കിൽ അഭിനന്ദന്റെ അമ്മ ഡോ.ശോഭയെക്കുറിച്ചു കൂടി അറിയണം; യുദ്ധം കൊടുമ്പിരിക്കൊണ്ട രാജ്യങ്ങളിൽ സുരക്ഷ വകവയ്ക്കാതെ സേവനം നടത്തിയ അവരുടെ ധീരതയെയും.

രാജ്യാന്തര സന്നദ്ധ സംഘടനയായ മെഡിസിൻസ് സാൻസ് ഫ്രണ്ടിയേഴ്സിന്റെ (എംഎസ്എഫ്) വൊളന്റിയറായിരുന്ന അവർ സേവനമനുഷ്ഠിച്ചത് ലൈബീരിയ, നൈജിരിയ, ഹെയ്തി, ഇറാഖ്, ഐവറികോസ്റ്റ്, പാപുവ ന്യൂ ഗിനി തുടങ്ങി കലാപവും യുദ്ധവും ദുരിതം വിതച്ച രാജ്യങ്ങളിൽ.

മദ്രാസ് മെഡിക്കൽ കോളജിൽ നിന്നു മെഡിസിൻ പഠനത്തിനു ശേഷം അസ്തീസിയോളജിയിൽ പിജി പൂർത്തിയാക്കിയ ശോഭയുടെ ആദ്യ ദൗത്യം ആഭ്യന്തര കലാപം രൂക്ഷമായ ഐവറി കോസ്റ്റിലായിരുന്നു. രണ്ടാം ഗൾഫ് യുദ്ധകാലത്ത് മെഡിക്കൽ ക്യാംപിനു സമീപമുണ്ടായ ചാവേർ സ്ഫോടനത്തിൽ നിന്നു തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.

ഇറാൻ-ഇറാഖ് സംഘർഷകാലത്ത് അതിർത്തിയിൽ ആതുര സേവനവുമായെത്തിയ എംഎസ്എഫ് സംഘത്തിന്റെ മെഡിക്കൽ ഡയറക്ടറായി. 2010ൽ കലാപത്തിൽ മൂന്നു ലക്ഷത്തിലേറെ പേർ മരിച്ച ഹെയ്തിലും ആതുരസേവനവുമായി എത്തി. ചെന്നൈയിലെ ജൽവായുവിഹാറിൽ സ്ഥിരതാമസമാക്കിയ ശേഷവും സേവനപ്രവർത്തനങ്ങൾ തുടരുന്നു. അഭിനന്ദനുള്ള ഓരോ സല്യൂട്ടും ഈ അമ്മയ്ക്കു കൂടി അവകാശപ്പെട്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com