sections
MORE

എഫ്–16 വീഴ്ത്തിയ പോരാട്ടവീര്യം; വ്യോമപ്രതിരോധ ചരിത്രത്തിലെ നാഴികക്കല്ല്

MIG or F16?
SHARE

പാക്കിസ്ഥാന്റെ എഫ് –16 യുദ്ധവിമാനം വീഴ്ത്തിയെന്ന ഇന്ത്യയുടെ നിലപാട് രാജ്യാന്തര തലത്തിൽ വൻ ചർച്ചകൾക്കു വഴിവയ്ക്കുന്നു. യുദ്ധവിമാനങ്ങളുടെ നാലാം തലമുറയിൽപ്പെട്ട യുഎസ് നിർമിത എഫ് 16 വിമാനത്തെ ഇന്ത്യയുടെ പഴയ തലമുറ വിമാനമായ മിഗ് 21 ബൈസൻ വീഴ്ത്തിയതിലാണു പ്രതിരോധ രംഗത്താകെ അദ്ഭുതം. വ്യോമപ്രതിരോധ ചരിത്രത്തിൽ ആദ്യമായാണു യുഎസ് നി‍ർമിത എഫ് 16 യുദ്ധവിമാനത്തെ, അതിനേക്കാൾ പതിറ്റാണ്ടുകൾ പഴക്കമുള്ള റഷ്യൻ നിർമിത മിഗ് 21 വിമാനം വെടിവച്ചിടുന്നത്. 

ഫെബ്രുവരി 27നു രാവിലെ സംഭവിച്ചത് എന്തായിരിക്കും

(രാജ്യാന്തര പ്രതിരോധ ഫോറങ്ങളിലും സമൂഹമാധ്യമങ്ങളിലും ചർച്ച ചെയ്യപ്പെടുന്ന ഇക്കാര്യങ്ങൾക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല)

രാവിലെ 9.15ന് പാക്കിസ്ഥാനിലെ വിവിധ വ്യോമത്താവളങ്ങളി‍ൽ നിന്നായി ഇരുപതോളം പോർവിമാനങ്ങൾ പറന്നുയരുന്നു. എഫ് 16, ജെഫ് 17, മിറാഷ് 5 എന്നിവ സിന്ധ് പ്രവിശ്യ ലക്ഷ്യമാക്കി പറക്കുന്നു. 30 മിനിറ്റോളം പറന്ന വിമാനവ്യൂഹം ഇന്ത്യയുടെ റഡാർ ദൃഷ്ടിയിൽ പെടുന്നു. ഇന്ത്യയുടെ വിവിധ വ്യോമത്താവളങ്ങളിൽ മുന്നറിയിപ്പു ലഭിക്കുന്നു. ഈ സമയത്തു തന്നെ പാക്ക് വിമാനവ്യൂഹം വടക്കു ഭാഗത്തേക്ക്, നിയന്ത്രണ രേഖ ലക്ഷ്യമാക്കി കുതിക്കുന്നു. ഇവയിൽ നിന്ന് 3 എഫ് –16 വിമാനങ്ങൾ സഞ്ചാരപാത മാറ്റുന്നു. പടിഞ്ഞാറൻ ദിശയിലേക്കു പറന്ന എഫ് 16 വിമാനങ്ങൾ അൽപസമയം ആകാശത്തു തുടരുന്നു. പിന്നീട് നിയന്ത്രണ രേഖയ്ക്കു സമീപമുള്ള സുന്ദർബനി സെക്ടറിനു നേർക്കു കുതിച്ചെത്തുന്നു. 

പാക്ക് വിമാനങ്ങൾ ഇന്ത്യൻ വ്യോമമേഖല ലംഘിക്കാനൊരുങ്ങുന്നതു മനസ്സിലാക്കി ഓപ്പറേഷനൽ റെഡിനെസ് പ്ലാറ്റ്ഫോം (ഒആർപി) ഭാഗമായ 2 മിഗ് 21 ബൈസൻ വിമാനങ്ങൾ ശ്രീനഗർ വ്യോമത്താവളത്തിൽ നിന്ന് കുതിച്ചുയരുന്നു. ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച പാക്ക് വിമാനങ്ങളുമായി ആകാശപ്പോര് ലക്ഷ്യമിട്ടാണ് മിഗ് 21 ബൈസൻ കുതിച്ചത്. പിന്നാലെ 2 മിറാഷ് 2000 വിമാനങ്ങളും ആകാശത്തെത്തി. തെക്കൻ മേഖലയിൽ വ്യോമനിരീക്ഷണം നടത്തുകയായിരുന്ന 4 സുഖോയ് 30 എംകെഐ വിമാനങ്ങളും പിന്തുണയ്ക്കാനെത്തി. 

ആദ്യം പറന്നുയർന്ന മിഗ് 21 ബൈസൻ വിമാനങ്ങളിലൊന്നു പറത്തിയിരുന്നതു വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ആയിരുന്നു. ആകാശപ്പോരിൽ അപൂർവമായി മാത്രം സംഭവിക്കാറുള്ള നേർക്കുനേർ പോരാട്ടമാണ് നടന്നിട്ടുണ്ടാവുകയെന്നു പ്രതിരോധ വിദഗ്ധർ പറയുന്നു. 

MIG-21-ViVara

പാക്കിസ്ഥാനിലേക്കു തിരിച്ചുപറന്ന എഫ് 16 യുദ്ധവിമാനത്തെ പിന്തുടർന്ന അഭിനന്ദന്റെ വിമാനം എഫ് 16 വിമാനത്തിൽ നിന്നു വിക്ഷേപിച്ച അംറാം (AIM-120 AMRAAM) മിസൈലേറ്റാവാം തകർന്നതെന്നു കരുതുന്നു. മറ്റൊരു മിസൈൽ ലക്ഷ്യം തെറ്റി ഇന്ത്യൻ ഭാഗത്തു വീണു. ഇതാണു പിന്നീട് തെളിവായി  ഇന്ത്യ ഉയർത്തിക്കാട്ടിയത്. ഇതിനകം തന്നെ മിഗ് 21 ബൈസൻ വിമാനത്തിൽ നിന്നുള്ള ആർ–73 മിസൈലേറ്റ് എഫ് 16 വിമാനവും തകർന്നു. 

2 വിമാനങ്ങളും വീണതു പാക്ക് അധിനിവേശ കശ്മീരിൽ. വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പാക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു സൈന്യത്തിനു കൈമാറി. എഫ് 16 പൈലറ്റുമാരെക്കുറിച്ചു വിവരമില്ല.

പൈലറ്റിന്റെ മികവ്, റഡാറിന്റെ പിന്തുണ

പഴഞ്ചനെന്നും വെറ്ററൻ എന്നും ആക്ഷേപമുള്ള മിഗ് 21 വിമാനത്തിന് അമേരിക്കൻ നിർമിതമായ എഫ് 16നെ വീഴ്ത്താനാവുമോ? വീഴ്ത്താനാവുമെന്നു പറയുന്നവരിൽ പ്രധാനി ഇറ്റാലിയിലെ മാധ്യമപ്രവർത്തകനും പ്രതിരോധ ബ്ലോഗറുമായ ഡേവിഡ് സെൻസിയോറ്റിയാണ്. രണ്ടാം തലമുറ വിമാനമായ മിഗ് 21 ബൈസനേക്കാൾ പല കാര്യത്തിലും മികവുണ്ടെങ്കിലും നാലാം തലമുറ വിമാനമായ എഫ്16ന് എപ്പോഴും ജേതാവാകാൻ കഴിയില്ലെന്ന് അദ്ദേഹം പറയുന്നു. 

F16-ViVara

‘എഫ് 16നെ വീഴ്ത്തിയെന്ന വാദം യാഥാർഥ്യമെങ്കിൽ അതു വലിയ കാര്യമാണ്. പല കാരണങ്ങൾ കൊണ്ടാവാം അതു സംഭവിച്ചിട്ടുണ്ടാവുക. പൈലറ്റിന്റെ മികവ്, ആകാശത്തുള്ള മറ്റു വിമാനങ്ങളുടെ പിന്തുണ, ഭൂമിയിലെ റഡാറുകളുടെ പിന്തുണ തുടങ്ങിയവയൊക്കെ അതിൽ പ്രധാനമാണ്’ – ഡേവിഡ് പറയുന്നു. 

നേരത്തേ സുഖോയ് 30 എംകെഐ വിമാനത്തിന്റെ പൈലറ്റായിരുന്നു അഭിനന്ദൻ. എഫ് 16നെ വീഴ്ത്തിയതിൽ പ്രധാന പങ്ക് അഭിനന്ദന്റെ ആത്മധൈര്യത്തിനും പൈലറ്റ് എന്ന നിലയ്ക്കുള്ള മികവിനുമാണെന്ന് പ്രതിരോധരംഗത്തുള്ളവർ പറയുന്നു.

സാധ്യതകൾ

1. വിഡിയോ ദൃശ്യം: പോർവിമാനം ആകാശത്തു തീപിടിക്കുന്നതും അതി‍ൽനിന്ന് 2 പൈലറ്റുമാ‍ർ പുറത്തേക്കു തെറിക്കുന്നതും (ഇജക്ട്) ഷൂട്ട് ചെയ്ത മൊബൈൽ വിഡിയോ സമൂഹമാധ്യമങ്ങളിലുണ്ട്. ഇതിന്റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. 2 പൈലറ്റുമാർ ഇജക്ട് ചെയ്യുന്ന സാഹചര്യത്തിൽ ഇത് ഇന്ത്യൻ വിമാനമല്ല എന്നു വ്യക്തം. മൊബൈൽ വിഡിയോയിലെ നിഴൽ പരിശോധിച്ച വിദഗ്ധർ ഇതു രാവിലെ ചിത്രീകരിച്ചതാണെന്നും പാക്ക് അധിനിവേശ കശ്മീരിൽ തന്നെയാണു സംഭവമെന്നും സൂചിപ്പിക്കുന്നു.

2. വിമാന  അവശിഷ്ടം: തകർന്നു വീണ മിഗ് 21 ബൈസൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ എന്ന പേരിൽ പാക്കിസ്ഥാൻ ആദ്യം പുറത്തുവിട്ട ചിത്രങ്ങൾ മിഗ് 21 ബൈസന്റേത് അല്ലെന്നു വിദഗ്ധർ. വിമാനത്തിന്റെ എൻജിൻ ഭാഗത്തിന്റെ ചിത്രങ്ങൾ വിശദ പരിശോധനയ്ക്കു വിധേയമാക്കിയ വിദഗ്ധർ ഇത് എഫ് 16ന്റേതു തന്നെയെന്നു വാദിക്കുന്നു.

3. പൊളിഞ്ഞ പാക്ക് വാദം: ഇന്ത്യയുടെ 2 വിമാനങ്ങൾ വീഴ്ത്തിയെന്നും 3 പൈലറ്റുമാർ കസ്റ്റഡിയിലെന്നുമായിരുന്നു പാക്കിസ്ഥാൻ ആദ്യം വെളിപ്പെടുത്തിയത്. എന്നാൽ, പിന്നീട് ഒരു പൈലറ്റ് മാത്രമേ തങ്ങളുടെ കസ്റ്റഡിയിലുള്ളൂ എന്നു പാക്ക് അധികൃതർ തിരുത്തി. പാക്ക് അധിനിവേശ കശ്മീരിൽ തകർന്നുവീണ എഫ് 16 വിമാനവും ഇതിലെ പൈലറ്റുമാരും ഇന്ത്യയുടേത് എന്ന തെറ്റിദ്ധാരണയിൽ പ്രാദേശിക ഭരണകൂടം നൽകിയ വിവരത്തിൽ നിന്നാണ് ആദ്യ വെളിപ്പെടുത്തൽ എന്നു കരുതുന്നു. 

4. പൈലറ്റുമാർ എവിടെ? : പാരഷൂട്ടിൽ താഴെയെത്തിയ 2 എഫ്16 പൈലറ്റുമാരെ പാക്ക് അധിനിവേശ കശ്മീരിലെ നാട്ടുകാർ കൈകാര്യം ചെയ്തു എന്നൊരു ആരോപണം നിലവിലുണ്ട്. ഇന്ത്യൻ വിമാനത്തിന്റെ പൈലറ്റുമാർ ആണെന്ന ധാരണയിൽ ജനക്കൂട്ടം ആക്രമിച്ച ഇവരിലൊരാൾ കൊല്ലപ്പെട്ടതായും സൂചനയുണ്ട്. ഇക്കാര്യത്തിലും സ്ഥിരീകരണമില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA