ബാലാക്കോട്ട് ആക്രമണം: മരണസംഖ്യയിൽ വ്യക്തതയില്ല

surgical-strike
SHARE

ന്യൂഡൽഹി ∙ ബാലാക്കോട്ടിൽ വ്യോമസേന നടത്തിയ ബോംബാക്രമണത്തിൽ ഒട്ടേറെ ജയ്ഷെ മുഹമ്മദ് ഭീകരരെ വധിക്കാനായെന്ന നിലപാട് ഇന്ത്യ ആവർത്തിക്കുന്നു. എന്നാൽ, ആക്രമണം നടന്നതിനു വ്യക്തമായ തെളിവുണ്ടെങ്കിലും ആളപായത്തിനു തെളിവില്ലെന്നാണ് അൽ ജസീറ ഉൾപ്പെടെ ചില മാധ്യമങ്ങളുടെ പ്രതിനിധികൾ സംഭവസ്ഥലം സന്ദർശിച്ചശേഷം റിപ്പോർട്ട് ചെയ്തത്. ബാലാക്കോട്ടിൽ ഭീകരതാവളവും പരിശീലനകേന്ദ്രവും പ്രവർത്തിക്കുന്നുവെന്ന് നേരത്തേതന്നെ റിപ്പോർട്ടുണ്ടായിരുന്നു.

വിദേശകാര്യ മന്ത്രാലയം പറഞ്ഞത്

ബാലാക്കോട്ടിലെ ജയ്ഷ് പരിശീലനകേന്ദ്രത്തിൽ നടത്തിയ ആക്രമണത്തിൽ ഒട്ടേറെ ഭീകരരും പരിശീലകരും സീനിയർ കമാൻഡർമാരും ചാവേറാകാൻ പരിശീലനത്തിലായിരുന്ന ജിഹാദിസംഘങ്ങളും ഇല്ലായ്മ ചെയ്യപ്പെട്ടെന്നാണ് വിദേശകാര്യ മന്ത്രാലയം ഒൗദ്യോഗികമായി വ്യക്തമാക്കിയത്. എത്രപേർ കൊല്ലപ്പെട്ടുവെന്നു കൃത്യമായ കണക്കില്ലെന്നും ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രാഥമിക വിലയിരുത്തലാണു പങ്കുവച്ചതെന്നും മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു.

എന്നാൽ, 350 ഭീകരർ കൊല്ലപ്പെട്ടെന്ന് സർക്കാർ വൃത്തങ്ങൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന്റെ ആധികാരികത കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്യപ്പെട്ടു. ഇന്നലെ, ഇതുവരെയുണ്ടായ സൈനിക നടപടികളെയും ജാഗ്രതാനടപടികളെയും കുറിച്ച് മാധ്യമങ്ങളോടു വിശദീകരിച്ച എയർ വൈസ് മാർഷൽ ആർ.ജി.കെ. കപൂറിനോട് കൊല്ലപ്പെട്ട ഭീകരുടെ എണ്ണത്തെക്കുറിച്ചു ചോദ്യമുണ്ടായി. തങ്ങൾ ലക്ഷ്യമിട്ടതെല്ലാം നേടിയെന്നും മറ്റു വിവരങ്ങളും തെളിവുകളും പുറത്തുവിടണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ഉന്നതനേതൃത്വമാണെന്നും അദ്ദേഹം മറുപടി നൽകി. ഫലത്തിൽ, കൊല്ലപ്പെട്ടവരെക്കുറിച്ച് ഒൗദ്യോഗിക സ്ഥിരീകരണത്തിന് ഇനിയും നടപടിയായിട്ടില്ല.

അൽ ജസീറയുടെ റിപ്പോർട്ട്

ആക്രമണത്തിൽ ആൾസാന്നിധ്യമില്ലാത്ത ഒരു വനത്തിന്റെ ഏതാനും ഭാഗങ്ങളും ഒരു കൃഷിയിടവും നശിച്ചെന്നാണ് ആക്രമണത്തിന് സാക്ഷികളായവരും ഉദ്യോഗസ്ഥരും തന്നോടു പറഞ്ഞതെന്ന് സംഭവസ്ഥലം സന്ദർശിച്ച അൽ ജസീറ ലേഖകൻ റിപ്പോർട്ട് ചെയ്തു. മൃതദേഹങ്ങളോ പരുക്കേറ്റവരെയോ കണ്ടതായി ആരും പറഞ്ഞില്ലെന്നും പറയുന്നു.  നൂറാൻ ഷാ എന്നയാളുടെ പാടത്താണത്രേ 2 ബോംബുകൾ വീണത്. ശബ്ദംകേട്ട് വീടിനു പുറത്തിറങ്ങിയ തനിക്ക് എന്തോ തറച്ച് തലയ്ക്കു പരുക്കേറ്റെന്നും ഇയാൾ പറഞ്ഞു.

എന്നാൽ, ആക്രമണമുണ്ടായതിന്റെ ഒരു കിലോമീറ്റർ കിഴക്കുമാറി ജയ്ഷെ മുഹമ്മദിന്റെ മതപാഠശാലയുണ്ടെന്ന് സ്ഥലവാസികൾ പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
അവിടേക്കുള്ള വഴിയുടെ ഒരു വശത്ത് സ്ഥാപിച്ചിട്ടുള്ള ബോർഡിൽ മതപാഠശാലയുടെ നേതാവ് മസൂദ് അസ്ഹർ എന്നും നടത്തിപ്പുകാരൻ യൂസുഫ് അസ്ഹറെന്നും എഴുതിയിട്ടുണ്ട്. ജയ്ഷെ നേതാവ് മസൂദ് അസ്ഹറിന്റെ ഭാര്യാസഹോദരനാണ് യൂസുഫ്. ആക്രമണത്തിൽ ഇയാളും കൊല്ലപ്പെട്ടതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. മതപാഠശാലയുടെ പേരിൽ ഭീകര പരിശീലനകേന്ദ്രമാണ് പ്രവർത്തിക്കുന്നതെന്നും അല്ലെന്നും സ്ഥലവാസികൾ പരസ്പരവിരുദ്ധമായ വിവരങ്ങൾ നൽകിയെന്നും അൽ ജസീറ റിപ്പോർട്ടിലുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA