മുൻപ് പാക്ക് പിടിയിലായ വ്യോമസേനാ പൈലറ്റുകൾ നന്ദ കരിയപ്പയും നചികേതയും പറയുന്നു

K.C.Cariappa-Nachiketa
നന്ദ കരിയപ്പ, നചികേത
SHARE

ന്യൂഡൽഹി/ ബെംഗളൂരു ∙ ‘ശത്രുരാജ്യത്തിന്റെ പിടിയിലാകുന്ന ഏതു യോദ്ധാവിനുമുണ്ടാകുക അനിശ്ചിതത്വത്തെക്കുറിച്ചുള്ള ആശങ്കയായിരിക്കും’. പറയുന്നത് കെ.സി.കരിയപ്പ (നന്ദ കരിയപ്പ –81). 1965 ലെ ഇന്ത്യ – പാക്ക് യുദ്ധത്തിൽ പാക്ക് പട്ടാളത്തിന്റെ പിടിയിലായ വൈമാനികൻ. ഇന്ത്യയുടെ ആദ്യ കരസേനാ മേധാവി ഫീൽഡ് മാർഷൽ കെ.എം. കരിയപ്പയുടെ മകൻ.

അന്ന്, പാക്ക് സൈനിക മേധാവി ജനറൽ അയൂബ് ഖാൻ നന്ദയെ വിട്ടയയ്ക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. മുഴുവൻ യുദ്ധത്തടവുകാരും എന്റെ മക്കളാണെന്നും എല്ലാവർക്കും വ്യവസ്ഥ പ്രകാരം സംരക്ഷണം നൽകണമെന്നുമായിരുന്നു ജനറൽ കരിയപ്പയുടെ മറുപടി. താഷ്ക്കന്റ് ഉടമ്പടി പ്രകാരം യുദ്ധം അവസാനിച്ചു മാസങ്ങൾക്കു ശേഷം മറ്റു തടവുകാർക്കൊപ്പമാണു നന്ദയും മോചിതനായത്.

വീണ്ടും യുദ്ധംവിമാനം പറത്തിയ നന്ദ, വ്യോമസേനയിൽ എയർ മാർഷലായാണു വിരമിച്ചത്. ഇപ്പോൾ കർണാടകയിലെ കുടകിൽ കാപ്പിത്തോട്ടങ്ങൾക്കു നടുവിലെ ബംഗ്ലാവിൽ വിശ്രമജീവിതം നയിക്കുന്നു.
‘ആരും യുദ്ധം ആഗ്രഹിക്കുന്നില്ല. പാക്കിസ്ഥാനിലെ ഭീകരത്താവളത്തിൽ വ്യോമസേന നടത്തിയ ആക്രമണം അഭിമാനകരമാണ്. മുഖം രക്ഷിക്കാൻ അവർ ചിലതൊക്കെ കാട്ടിക്കൂട്ടുമെന്നതു കരുതിയതാണല്ലോ’– അദ്ദേഹം പറഞ്ഞു.

ധീരനായ പോരാളി

‘ഏതൊരു സൈനികനും മേലധികാരിയുടെ ഉത്തരവനുസരിച്ച് ജോലി ചെയ്യുന്നവരാണ്. അഭിനന്ദൻ ധീരനായ പോരാളിയാണ്. അവൻ വേഗം തിരിച്ചെത്തി ജന്മനാടിനെ സംരക്ഷിക്കാൻ വീണ്ടും പറക്കും. അഭിനന്ദന്റെ കുടുംബത്തിനു വേണ്ടിയും അവന്റെ വേഗത്തിലുള്ള മടങ്ങിവരവിനായും പ്രാർഥിക്കുന്നു.

– കെ.നചികേത,  ഇംഗ്ലിഷ് വാർത്താ ചാനലിനോട്

(കാർഗിൽ പോരാട്ടകാലത്ത് പാക്കിസ്ഥാൻ പിടികൂടിയ ഇന്ത്യൻ പൈലറ്റ്. എട്ടാം ദിവസമാണ് മോചിപ്പിച്ചത്. ഇപ്പോൾ സ്വകാര്യ എയർലൈനിൽ ജോലി ചെയ്യുന്നു)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA