രാഷ്ട്രീയ നീക്കവുമായി ബിജെപി; വിമർശനമുയർത്തി പ്രതിപക്ഷം

rahul-gandhi-opposition-meet
പ്രതിപക്ഷ പാർ‌ട്ടികളുടെ യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.
SHARE

ന്യൂഡൽഹി ∙ പ്രധാനമന്ത്രി അടക്കം രാഷ്ട്രീയ പരിപാടികളിൽ മുഴുകിയ‌തിനിടെ, ബിജെപിക്കും കേന്ദ്ര സർ‌ക്കാരിനുമെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് അടക്കമുള്ള പ്ര‌തിപക്ഷ പാർട്ടികൾ. സങ്കീർണമായ അവസ്ഥയിലൂടെ കടന്നുപോകുന്ന രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനു പകരം ബിജെപി ബൂത്ത് പ്രവർത്തകരുമായുള്ള മോദിയുടെ സംവാദത്തെ കോൺഗ്രസ് ചോദ്യം ചെയ്തു. കോൺഗ്രസ് വിമർശനങ്ങൾക്ക് ഇന്ധനം പകർന്ന് കർണാടക മുൻ മുഖ്യമന്ത്രി ബി. എസ്. യെഡിയൂരപ്പ നടത്തിയ പരാമർശങ്ങളും ബിജെപിയെ പ്രതിരോധത്തിലാക്കി.

പിന്നാലെ, താൻ പറ‌ഞ്ഞതിനെ വളച്ചൊടിച്ചതാണെന്ന് വിശദീകരിച്ചു യെഡിയൂരപ്പ തടിയൂരി. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്, ബിജെപി മുതലെടുപ്പ് നടത്തുകയാണെന്ന ആരോപണം ശക്തമാക്കിയ കോൺഗ്രസ് ഇ‌ന്നലെ വി‌മർശനം കൂടുതൽ കടുപ്പിച്ചു.

തുറന്നടിച്ച് കോൺഗ്രസ്

രാജ്യം ആശങ്കയിൽ തുടരുന്നതിനിടെ, പാർട്ടി പരിപാടിയിൽ മോദി പങ്കെടുത്തത് ആയു‌ധമാക്കിയായിരുന്നു കോൺഗ്രസിന്റെ കട‌ന്നാക്രമണം. രാജ്യത്തിന്റെ പരിഗണനാവിഷയങ്ങളിൽ വെള്ളംചേർക്കുന്ന മോദിക്കു വീണ്ടും പ്രധാനമന്ത്രിയാകുന്നതിനെക്കുറിച്ചു മാത്രമാണ് വ്യാകുലതയെ‌ന്നായിരുന്നു ആരോപണം. രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനു പകരം വോട്ടുറപ്പിക്കാൻ ബൂത്തുകൾ ശക്‌തിപ്പെടുത്തുകയാണ് മോദി. ധീരസൈനികരുടെ ഇടപെടലുകളെബിജെപി രാഷ്ട്രീയവൽക്കരിക്കുകയാണെന്ന ആരോ‌പണം ആവർത്തിച്ചു.

ബാലാക്കോട്ടിൽ നടത്തിയ വ്യോമാക്രമണം മോദിക്ക് അനുകൂല തരംഗം രാജ്യത്തുണ്ടാക്കിയെന്ന യെഡിയൂരപ്പയുടെ പരാമ‌ർശം ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യം തുറന്നുകാട്ടുന്നതാണെന്ന് കോൺഗ്രസ് പറഞ്ഞു.

പ്രതിരോധത്തിൽ ബിജെപി

നിർണായക ദിനത്തിൽ പ്രധാനമന്ത്രി‌ പാർട്ടി പ്രവർത്തകരുമായി സംവാദം നടത്തിയത് ബിജെപിയെ പ്രതിരോധത്തിലാക്കി. കഴിഞ്ഞദിവസം ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും പാർട്ടി പരി‌പാടിയിൽ പങ്കെടുത്തിരുന്നു. പ്രവർത്തക സമിതി യോഗം തന്നെ കോൺഗ്രസ് മാറ്റിവച്ചതിനിടയിലായിരുന്നു ബിജെപിയുടെ രാഷ്ട്രീയ പരി‌‌പാടികൾ. കോൺഗ്രസിനെ കുറ്റപ്പെടുത്തിയും സൈനികരുടെ ജീവത്യാഗത്തെ രാഷ്‌ട്രീയവൽക്കരിച്ചും ബിജെപി അധ്യക്ഷൻ അമിത് ഷാ പ്ര‌‌തികരിച്ചതോടെയാണ് പ്രതിപക്ഷ പാർട്ടികളും നിലപാട് കടു‌പ്പിച്ചത്.

ആത്മപരിശോധനയാണ് ആവശ്യം

നിലവിലെ സാഹചര്യങ്ങളെ ബിജെപി രാഷ്ട്രീയവ‌ൽക്കരിക്കുന്നുവെന്ന പ്രസ്‌താവനയിറക്കിയ പ്ര‌തിപക്ഷ പാർട്ടികൾ ആത്മപരി‌ശോധന നടത്തണമെന്നു കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി ആവശ്യപ്പെട്ടു. രാജ്യം ഒരേ സ്വരത്തിൽ സംസാരിക്കുമ്പോഴാണ് പ്ര‌തിപക്ഷത്തിന്റെ വിമതസ്വരമെന്നു കുറ്റപ്പെടുത്തിയ ജെയ്റ്റ്ലി, ഇതു പാ‌ക്കിസ്ഥാനു സഹായകരമാകുമെന്നും ആരോപിച്ചു. പുൽവാമയിലെ ഭീകരാക്രമണം യാഥാർഥ്യമാണ്. ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാന‌ുള്ള ശ്രമമാണ് ബാലാക്കോട്ടിലേതെന്നും ജെയ‌്റ്റ്ലി പറഞ്ഞു.

എന്നാൽ, ആത്മപരിശോധന നടത്തേണ്ടതു മോദി സർക്കാരും ബിജെപിയുമാണെന്ന് കോൺഗ്രസിനു പുറമേ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും അഭിപ്രായപ്പെട്ടു. ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാ‌ട്ടത്തെ പാർട്ടിയുടെ നേട്ടത്തിനായി ഉപയോഗിക്കരുതെന്ന് യച്ചൂരി മുന്നറിയിപ്പു നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA