നയതന്ത്ര പിന്തുണ ‌ഉറപ്പാക്കി ഇന്ത്യ; അപലപിക്കാതെ രാജ്യങ്ങൾ

MIG-21 aircraft
SHARE

ന്യൂഡൽഹി ∙ ആക്രമണ പ്രത്യാക്രമണങ്ങളുടെ വിശദാംശങ്ങളും തെളിവുകളും സംബന്ധിച്ച് ഇരുരാജ്യങ്ങളും തർക്കിക്കുമ്പോഴും, നയതന്ത്രതലത്തിൽ ഇന്ത്യയുടെ നിലപാടിനു പരമാവധി പിന്തുണ ഉറപ്പാക്കാനാണു വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തിൽ ശ്രമം നടന്നത്. ഇതുവരെയുളള നടപടികൾ വിജയമായി.

ഇരുരാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ട ലോകരാജ്യങ്ങൾ, പാക്കിസ്ഥാനോടു ഭീകരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നു കൂടി ആവശ്യപ്പെട്ടു. ആരും ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ചില്ല. പാക്ക് അനുകൂല നിലപാടെടുത്തിരുന്ന ചൈന പോലും പാക്കിസ്ഥാനു പ്രതീക്ഷ നൽകുന്നതൊന്നും പറഞ്ഞില്ല.

ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ രാജ്യാന്തര ഭീകരനായി പ്രഖ്യാപിക്കണമെന്ന് യുഎൻ രക്ഷാസമിതിയുടെ ‘1267 പ്രമേയ’ത്തിന്റെ (1999) അടിസ്ഥാനത്തിലുള്ള ഭീകരവാദ വിരുദ്ധ സമിതിയിൽ യുഎസും യുകെയും ഫ്രാൻസും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. ഇതേ ആവശ്യത്തെ 2017 ൽ ചൈനയാണ് എതിർത്തത്. ചൈനയുടെ നിലപാട് അനുകൂലമാക്കാൻ ഇന്ത്യ ശ്രമിക്കുന്നു. രക്ഷാ സമിതിയിലെ അംഗരാജ്യങ്ങൾക്ക് നിലപാടു പറയാൻ 13 വരെ സമയമുണ്ട്.

ഭീകരതാവളങ്ങൾക്കു തെളിവു നൽകാൻ ആവശ്യപ്പെടുന്ന പാക്കിസ്ഥാൻ, ഇതുവരെ നൽകിയ തെളിവുകളോടെ എങ്ങനെയാണ് പ്രതികരിച്ചിട്ടുള്ളതെന്നു വിദേശ രാജ്യങ്ങളുടെ ഇന്ത്യയിലെ സ്ഥാനപതിമാരോട് ഇന്ത്യ വിശദീകരിച്ചു.
പുൽവാമ ഭീകരാക്രമണത്തെ ജയ്ഷെ മുഹമ്മദുമായി ബന്ധപ്പെടുത്തുന്നതിന് ഇന്ത്യയുടെ പക്കലുള്ള തെളിവുകളുടെ പകർപ്പും സ്ഥാനപതിമാർക്കു നൽകി.  നയതന്ത്രലത്തിൽ ഇന്ത്യ നടത്തുന്ന ഊർജിത നടപടികൾ തുടരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA