‘എട്ടിൽപ്പൂട്ടി’: പാക്കിസ്ഥാന്റെ 16 വിമാനങ്ങൾ; നേരിട്ടത് 8 വിമാനങ്ങൾ

mig-21
SHARE

ന്യൂഡൽഹി ∙ വ്യോമാതിർത്തി ലംഘിച്ചു പാക്കിസ്ഥാൻ യുദ്ധവിമാനങ്ങൾ നടത്തിയ ആക്രമണത്തെ ഇന്ത്യ ധീരമായി നേരിട്ടതിന്റെ വിശദാംശങ്ങൾ പുറത്ത്. ഇരുരാജ്യങ്ങളും ആകാശക്കരുത്ത് പ്രകടമാക്കിയതോടെ നിയന്ത്രണ രേഖയ്ക്കു സമീപമുള്ള വ്യോമമേഖലയിൽ ബുധനാഴ്ച രാവിലെ നടന്നത് വീറുറ്റ പോരാട്ടം.

8 എഫ് –16, 4 വീതം ജെഎഫ് –17, മിറാഷ് –5 യുദ്ധവിമാനങ്ങൾ എന്നിവ വിന്യസിച്ചായിരുന്നു പാക്ക് ആക്രമണം. ഇതു നേരിടാൻ 2 വീതം മിഗ് 21 ബൈസൺ, മിറാഷ് 2000 എന്നിവയും 4 സുഖോയ് 30 എംകെഐയുമായി ഇന്ത്യ അണിനിരന്നു. 3 എഫ് 16 വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചു കടന്നുകയറിയപ്പോൾ മറ്റുള്ളവ നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത് നിലയുറപ്പിച്ചു.

രാവിലെ 9.45 ന് പാക്ക് വിമാനങ്ങൾ നിയന്ത്രണ രേഖയുടെ 10 കിലോമീറ്റർ വരെ അടുത്തെത്തിയപ്പോഴാണ് ആക്രമണം സംബന്ധിച്ച വിവരം ഇന്ത്യൻ വ്യോമസേനയ്ക്കു ലഭിച്ചത്. മേഖലയിൽ നിരീക്ഷണപ്പറക്കൽ നടത്തുകയായിരുന്ന മിഗ് 21 ബൈസൺ വിമാനങ്ങൾ അതിർത്തിയിലേക്കു കുതിച്ചു.

അതിർത്തിയിലെ സംഘർഷം കണക്കിലെടുത്ത് ശ്രീനഗർ ഉൾപ്പെടെയുള്ള വ്യോമത്താവളങ്ങളിൽ നിലയുറപ്പിച്ചിരുന്ന സുഖോയ്, മിറാഷ് വിമാനങ്ങൾ പിന്നാലെ പാഞ്ഞു. ഇന്ത്യയുടെ ബ്രിഗേഡ്, ബറ്റാലിയൻ ആസ്ഥാനങ്ങൾ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയെത്തിയ പാക്ക് വിമാനങ്ങളെ മിഗ് 21 നേരിട്ടു. ഇന്ത്യയുടെ ശക്തമായ പ്രതികരണത്തിൽ പിന്തിരിഞ്ഞ പാക്ക് വിമാനങ്ങൾ പടിഞ്ഞാറൻ രജൗറിയിൽ ബോംബുകൾ വർഷിച്ചു. ഇവ സേനാ കേന്ദ്രങ്ങളുടെ അങ്കണത്തിലാണു പതിച്ചെങ്കിലും നാശനഷ്ടങ്ങളില്ലെന്നു പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സേനയുടെ വിവിധ യുദ്ധവിമാനങ്ങൾ അവന്തിപ്പുര, ശ്രീനഗർ താവളങ്ങളിൽ സജ്ജമാക്കിയിട്ടുണ്ടെന്നും മുൻനിര പ്രതിരോധമുറപ്പിക്കാനുള്ള ചുമതല വിവിധ സമയങ്ങളിൽ ഓരോ വിമാനത്തിനുമാണു നൽകുന്നതെന്നും സേനാ വൃത്തങ്ങൾ പറഞ്ഞു. പാക്ക് ആക്രമണം നടന്നതിന്റെ തലേ രാത്രി സുഖോയ്, മിഗ് 29 എന്നിവ ആകാശ നിരീക്ഷണത്തിലായിരുന്നു. രാവിലെ മിഗ് 21 ബൈസൺ നിരീക്ഷണ ചുമതല ഏറ്റെടുത്തു. ഈ സമയത്തായിരുന്നു പാക്ക് ആക്രമണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA