മധ്യസ്ഥത താൽപര്യപ്പെട്ടില്ല;പകരം രാജ്യാന്തര സമ്മർദം

donald-trump-01
ഡോണൾഡ് ട്രംപ്
SHARE

ന്യൂഡൽഹി ∙ അഭിനന്ദൻ വർധമാനെ കസ്റ്റഡിയിൽ വച്ച് ഇന്ത്യയുമായി വിലപേശാനുള്ള പാക്ക് ശ്രമത്തെ രാജ്യാന്തര സമ്മർദത്തിലൂടെയാണ് ഇന്ത്യ നേരിട്ടത്. ആ നീക്കം വിജയിച്ചു. അഭിനന്ദൻ പിടിയിലായി രണ്ടാം ദിവസം തന്നെ മോചിപ്പിക്കുമെന്നു പ്രഖ്യാപിക്കാൻ പാക്കിസ്ഥാൻ നിർബന്ധിതരായി. അഭിനന്ദനെ പിടികൂടിയതിനെത്തുടർന്നുള്ള നടപടികൾ ഉഭയകക്ഷി പ്രശ്നമായി നിലനിർത്താൻ താൽപര്യപ്പെടുന്നുവെന്നാണ് ഇന്ത്യ ഒൗദ്യോഗികമായി നിലപാടെടുത്തത്.

അതായത്, മറ്റാരുടെയും പരസ്യമായ മധ്യസ്ഥത താൽപര്യപ്പെട്ടില്ല. അപ്പോഴും, മറ്റു രാജ്യങ്ങൾ പാക്കിസ്ഥാനുമേൽ സമ്മർദം ചെലുത്തുന്നതിനുള്ള ഇടപെടലുകൾ ഇന്ത്യ നടത്തുകയും ചെയ്തു. ഇതിനായി, സൗദി, യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ഉന്നതല ചർച്ച നടന്നു.

സൂചന നൽകിയത്  ട്രംപ്

ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സമാധാനം സാധ്യമാക്കാൻ ശ്രമിക്കുകയാണെന്നും അതു സംഭവിക്കുമെന്നാണു കരുതുന്നതെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഹാനോയിയിൽ പറഞ്ഞു. സന്തോഷകരമായ വാർത്ത വരാൻ പോകുന്നുവെന്ന് അദ്ദേഹം പറഞ്ഞത് അഭിനന്ദന്റെ മോചനമായി വ്യാഖാനിക്കപ്പെട്ടു.

ഇസ്‌ലാമാബാദ് സന്ദർശിക്കാൻ താൽപര്യപ്പെടുന്നുവെന്നു സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ അറിയിച്ചെന്നും താൻ അദ്ദേഹത്തെ സ്വാഗതം ചെയ്തെന്നും പാക്ക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി വെളിപ്പെടുത്തി.

ഇന്ന് ഇ‌സ്‌ലാമാബാദിലെത്തുന്ന ആദിൽ അൽ ജുബൈർ, പാക്ക് പ്രധാനമന്ത്രിക്കു പുറമേ കരസേനാ മേധാവിയുമായും ചർച്ച നടത്തുമെന്നാണു സൂചന. ഇസ്‌ലാമിക രാജ്യങ്ങളുടെ സംഘടനയുടെ (ഒഐസി) സമ്മേളനത്തിനിടെ അബുദാബിയിൽ വച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജും സൗദി വിദേശകാര്യ മന്ത്രിയും തമ്മിൽ ചർച്ച നടന്നേക്കുമെന്നു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA