ഇത് തുടക്കം, ശരിയായത് വരാനിരിക്കുന്നു: മോദി

narendra-modi
പ്രധാനമന്ത്രി നരേന്ദ്ര മോദി
SHARE

ന്യൂഡൽഹി ∙ ‘‘ഇപ്പോൾ നടന്നത് പൈലറ്റ് പ്രോജക്റ്റ് മാത്രം, ശരിയായത് വരാനിരിക്കുന്നതേയുള്ളൂ...’’ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ന്യൂഡൽഹിയിൽ ശാസ്ത്രജ്ഞന്മാർക്കുള്ള ശാന്തി സ്വരൂപ് ഭട്നാഗർ അവാർഡ് വിതരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. തടവിലായ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ മോചിപ്പിക്കുമെന്ന വാർത്തയെക്കുറിച്ച് പരാമർശിക്കുകയായിരുന്നു നരേന്ദ്ര മോദി.

‘‘നിങ്ങളുടെ ജീവിതം പരീക്ഷണശാലകളിലാണല്ലോ. ആദ്യമായി ഒരു പൈലറ്റ് പ്രോജക്റ്റ് ഉണ്ടാക്കുക പതിവാണ്. പ്രയോഗസാധ്യത (സ്കേലബിലിറ്റി) പിന്നീടാണല്ലോ നോക്കുന്നത്. നമ്മൾ ഇപ്പോൾ ഒരു പൈലറ്റ് പ്രോജക്റ്റ് പൂർത്തിയാക്കിയതേയുള്ളൂ. ഇനി ശരിയായത് സൃഷ്ടിക്കണം, നേരത്തെ നടന്നത് പ്രാക്ടീസ് മാത്രമായിരുന്നു’’ . പ്രധാനമന്ത്രിയുടെ പരാമർശം പെട്ടെന്നു തന്നെ ലോകശ്രദ്ധ പിടിച്ചു പറ്റി.  ഈ വാചകങ്ങളിൽ കൂടുതലായി ഒന്നും ആ ചടങ്ങിൽ ഇന്ത്യ– പാക്ക് സംഘർഷത്തെക്കുറിച്ച് മോദി പറഞ്ഞതുമില്ല.

‘പൊരുതി ജയിക്കുക തന്നെ ചെയ്യും’

ന്യൂഡൽഹി ∙ രാജ്യം ഒന്നിച്ചു ജീവിച്ചു പ്രവർത്തിച്ചു പൊരുതി വിജയിക്കുക തന്നെ ചെയ്യുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യമെങ്ങും നിന്നുള്ള ഒരു കോടിയോളം ബിജെപി പ്രവർത്തകരുമായി വിഡിയോ സംവാദം നടത്തുകയായിരുന്നു.

സൈനികരുടെ മികവിൽ നമുക്കു വിശ്വാസമുണ്ട്. അവരുടെ ആത്മവീര്യം തകർക്കുന്നതിനു നാം കൂട്ടുനിൽക്കരുത്, നമുക്കു നേരെ വിരൽ ചൂണ്ടാൻ ശത്രുവിന് അവസരം നൽകരുത്– പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തെ രാഷ്ട്രീയവൽക്കരിക്കാൻ ഭരണകക്ഷി ശ്രമിക്കുന്നുവെന്നു പ്രതിപക്ഷ കക്ഷികൾ ആരോപിച്ച പശ്ചാത്തലത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

ശത്രുവിന്റെ ലക്ഷ്യം ഭീകരാക്രമണത്തിലൂടെ നമ്മുടെ അടിത്തറയിളക്കുകയും വളർച്ച മുരടിപ്പിക്കുകയുമാണ്. രാജ്യത്തിന്റെ അതിർത്തിയിലും പുറത്തും നമ്മുടെ സൈനികർ കഴിവു തെളിയിക്കുന്നു. നാം അവർക്കൊപ്പം നിൽക്കണം– പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA