ചർച്ചയ്ക്കു തയാറെന്നു പാക്കിസ്ഥാൻ; കേട്ടതായിപ്പോലും ഭാവിക്കാതെ ഇന്ത്യ

narendra-modi-imran-khan
SHARE

ന്യൂഡൽഹി∙ ചർച്ചയ്ക്കു തയാറെന്നും വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ വിട്ടുനൽകാനുള്ള തീരുമാനം അതിന്റെ ആദ്യ ചുവടാണെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നടത്തിയ പ്രസ്താവന കേട്ടതായിപ്പോലും ഇന്ത്യ ഭാവിക്കുന്നില്ല. ആഭ്യന്തര രാഷ്ട്രീയവും പാക്കിസ്ഥാനും ഭീകരവാദവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള നിലപാടുമാണ് ഈ സമീപനത്തിന് കേന്ദ്രസർക്കാരിനെ പ്രേരിപ്പിക്കുന്നത്.

ആഭ്യന്തര പ്രതിസന്ധി

പാക്കിസ്ഥാന് അതിർത്തി കടന്ന് പ്രത്യാക്രമണം നടത്താനായി എന്നത് രാഷ്ട്രീയമായി വലിയ തിരിച്ചടിയായി എന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ഇപ്പോഴത്തെ രാജ്യാന്തര സമ്മർദം കണക്കിലെടുക്കുമ്പോൾ, പ്രത്യാക്രമണത്തിന് അതേ രീതിയിലുള്ള മറുപടി ഉടൻ എളുപ്പമല്ല. രാജ്യാന്തര സമ്മർദമാണ് അഭിനന്ദനെ ഉടൻ വിട്ടുനൽകാൻ പ്രേരിപ്പിച്ചത്. അതിൽ നയതന്ത്രപരമായി ഇന്ത്യ വിജയിച്ചു.

അതിനപ്പുറം, ഇന്ത്യ – പാക്ക് ബന്ധത്തിന്റെ സ്വഭാവം വച്ചുനോക്കുമ്പോൾ അത് നേട്ടമായി അവകാശപ്പെടുന്നതിന് പരിമിതിയുണ്ട്. ഇതുതന്നെയാണ് ആഭ്യന്തര രാഷ്ട്രീയ കാഴ്ചപ്പാടനുസരിച്ചു വലിയ തിരിച്ചടിയെന്നു വിലയിരുത്താൻ ബിജെപിയെ നിർബന്ധിക്കുന്നത്. ഇന്നലെ, ശാസ്ത്രജ്ഞൻമാരുടെ വേദിയിലാണെങ്കിലും ‘ഇപ്പോൾ പൂർത്തിയായ പൈലറ്റ് പദ്ധതിയെയും ഇനി നടക്കാൻ പോകുന്ന യഥാർഥ പദ്ധതി’യെയും കുറിച്ചു പ്രധാനമന്ത്രി പറഞ്ഞത് അണികൾക്കുള്ള താൽക്കാലിക സമാശ്വാസ വാക്കായാണ് പാർട്ടിവൃത്തങ്ങൾ വിലയിരുത്തുന്നത്. ചർച്ചയ്ക്കുള്ള വാഗ്ദാനത്തോട് അനുകൂലമായി എന്തെങ്കിലും പറയുന്നത് ഗുണകരമാവില്ലെന്നും വിലയിരുത്തലുണ്ട്.

പാക്ക് വാക്കിനെ വിശ്വസിക്കുന്നില്ല

ജമ്മു കശ്മീരിലും പാക്ക് അധിനിവേശ കശ്മീരിലും ഭീകരരെ പാക്കിസ്ഥാൻ പിന്തുണയ്ക്കുന്നു; പാക്കിസ്ഥാനിൽത്തന്നെ ഭീകരർക്ക് താവളമൊരുക്കുന്നു, ഭീകരെ സഹായിക്കുന്നു. ഭീകരവാദം പാക്കിസ്ഥാൻ നയമായി കൊണ്ടുനടക്കുന്നു– ഇതാണ് ഇന്ത്യയുടെ നിലപാട്. ഇതിന് ഉപോദ്ബലകമായ തെളിവുകൾ ഇന്ത്യ നിരത്തുന്നു. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യയുടെ വിലയിരുത്തൽ ശരിവയ്ക്കുന്നു.

ഭീകരവാദത്തിന്റെ വലിയ ഇരയാണ് തങ്ങൾ എന്നു പറയുന്നതല്ലാതെ ഭീകരരെ അമർച്ച ചെയ്യാൻ പാക്കിസ്ഥാൻ നടപടിയെടുക്കുന്നില്ല. പകരം, ഇപ്പോൾ സമാധാനത്തെയും ചർച്ചയെയും കുറിച്ച് പറയുന്നു. ഇത് ഒരുവിധത്തിലും അംഗീകരിക്കാനാവില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

പാക്കിസ്ഥാൻ ചെയ്യേണ്ടത്

ഭീകരർക്കും അവരുടെ താവളങ്ങൾക്കുമെതിരെ പാക്കിസ്ഥാൻ ഉടനെ നടപടിയെടുക്കണം, ആ നടപടി വിശ്വസനീയവുമായിരിക്കണം– ഇതിനുശേഷം മതി ചർച്ചയെക്കുറിച്ചുള്ള വർത്തമാനമെന്നാണ് ഇന്ത്യ പറയുന്നത്. അഭിനന്ദനെ വച്ച് വിലപേശാൻ പാക്കിസ്ഥാൻ ശ്രമിക്കുമെന്ന് ഇന്ത്യ വിലയിരുത്തി. ആ ശ്രമം മുളയിലേ നുള്ളാനാണ് ഇന്ത്യ ശ്രമിച്ചത്. അതു സാധിച്ചു.

അഭിനന്ദന്റെ മോചനത്തിനായി ഇന്ത്യയിൽ മുറവിളി ഉയരുമെന്നും കാണ്ഡഹാർ വിമാന റാഞ്ചലുമായി ബന്ധപ്പെട്ടുണ്ടായ സാഹചര്യം പോലെയൊന്ന് സൃഷ്ടിക്കാമെന്നും പാക്കിസ്ഥാൻ കരുതി. എന്നാൽ, അഭിനന്ദനെ ‘വിലപേശൽ കാർഡാ’ക്കാനുള്ള ശ്രമം അംഗീകരിക്കാൻ തയാറല്ലെന്നതിന്റെ വ്യക്തമായ സൂചന പാക്കിസ്ഥാനു നൽകിയതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ അവകാശപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA