ADVERTISEMENT

ന്യൂഡൽഹി∙ ‘ഓരോ രാത്രിയും പീരങ്കിയുണ്ടകൾ ഇവിടെ വീഴുന്നു. എപ്പോഴാണു ഞങ്ങൾ കൊല്ലപ്പെടുകയെന്ന് അറിയില്ല. പേടിച്ചരണ്ടാണു ജീവിതം’, നിയന്ത്രണരേഖയിൽ നിന്ന് 200 മീറ്റർ മാത്രം അകലെ രജൗറി ലാം സെക്ടറിലെ പോഖ്രനി ഗ്രാമത്തിൽ താമസിക്കുന്ന സാഖി മുഹമ്മദ് പറയുന്നു. 4 ദിവസം പാക്ക് പട്ടാളം ഗ്രാമങ്ങൾക്കു നേരെ വെടിവയ്പു തുടർന്നതോടെ, അദ്ദേഹം വീടു വിട്ടു. ‘ഇവിടെത്തെ ജീവിതം നരകതുല്യമാണ്.’ മക്കളെയും കുടുംബത്തിലെ സ്ത്രീകളെയും നേരത്തെ സുരക്ഷിത മേഖലകളിലേക്കു മാറ്റിയ സാഖി പറഞ്ഞു. 

പീരങ്കികൾ അടക്കം ചെറുതും വലുതുമായ ഓട്ടമാറ്റിക് ആയുധങ്ങൾ ഉപയോഗിച്ചാണ് പാക്ക് പട്ടാളത്തിന്റെ ആക്രമണം.  പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി, ബാലകോട്ടെ, ഖരി കർമാര, മൻകോട്ടെ, തർകുണ്ടി എന്നീ മേഖലകളും രജൗരി ജില്ലയിലെ കലാൽ, കൽസിയാൻ, ലാം, ജൻഗാർ എന്നീ മേഖലകളുമാണു ഏറ്റവും രൂക്ഷമായ ആക്രമണം നേരിടുന്നത്. ജമ്മു മേഖലയിലായിരുന്നു ഇന്നലെ ആക്രമണം ശക്തം.

Refugees at a community relief camp, LoC
ജമ്മു കശ്മീർ അതിർത്തിയിൽ മെന്താറിലെ ഷജ്‌ല ഗ്രാമത്തിലെ അഭയകേന്ദ്രത്തിൽ ഗ്രാമവാസികൾക്കു ഭക്ഷണം വിളമ്പിയപ്പോൾ.പാക്ക് പട്ടാളം ജനവാസമേഖലകളിൽ ശക്തമായ ആക്രമണം തുടരുന്നതിനാൽ വീടുവിട്ടവരാണിവർ.

മിക്കവാറും വീടുകളിലെ കുട്ടികളെയും സ്ത്രീകളെയും സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിക്കഴിഞ്ഞു. കന്നുകാലികൾ അടക്കമുള്ള വളർത്തുമൃഗങ്ങളെ പരിപാലിക്കാനാണു പുരുഷൻമാർ വീടുകളിൽ തുടരുന്നത്. 

രണ്ടാഴ്ചയായി രാത്രി ഉറങ്ങാൻ കഴിയുന്നില്ലെന്ന് പൂഞ്ചിലെ മൻകോട്ടെ നിവാസിയായ ചൗധരി ഹുസൈൻ പറയുന്നു. 2003 ലെ വെടിനിർത്തൽ കരാർ ഇവിടങ്ങളിൽ സമാധാനം കൊണ്ടുവന്നതാണ്. പക്ഷേ, 2009 നു ശേഷം സ്ഥിതി മാറി.  

മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. ആശുപത്രികൾ 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്നു. അടിയന്തരാവശ്യം നേരിടാൻ ആംബുലൻസുകളും തയാറാക്കി നിർത്തിയിട്ടുണ്ടെന്ന് പൂഞ്ച് ഡിസിപി  രാഹുൽ യാദവ് അറിയിച്ചു.  

ജനവാസമേഖലകളെ പാക്ക് പട്ടാളം ഉന്നമിടുമ്പോൾ  ഒട്ടേറെപ്പേർ വീടു വിട്ടുപോയെന്നാണു റിപ്പോർട്ട്. എന്നാൽ കൂട്ട പലായനം ഇല്ലെന്ന് അധികൃതർ പറയുന്നു. ജമ്മു കശ്മീർ അതിർത്തിയിലെ 744 കിലോമീറ്റർ നിയന്ത്രണരേഖയോടും 198 കിലോമീറ്റർ രാജ്യാന്തര അതിർത്തിയോടും ചേർന്ന പ്രദേശങ്ങളാണ് ഏറ്റവും ഭീഷണിയിൽ. ഇവിടങ്ങളിൽ സേന പാക്ക് പട്ടാളത്തിനു ശക്തമായ തിരിച്ചടി നൽകുന്നുണ്ട്.

കഴിഞ്ഞ ഒരാഴ്ച മാത്രം പാക്ക് പട്ടാളം 60 തവണയാണു വെടിനിർത്തൽ ലംഘനം നടത്തിയത്. നോർത്തേൺ ആർമി കമാൻഡർ ലഫ് ജനറൽ റൺബീർ സിങ്, വൈറ്റ് നൈറ്റ് കോർ കമാൻഡർ ലഫ് ജനറൽ പരംജിത് സിങ്ങിനൊപ്പം വ്യാഴാഴ്ച രജൗരി സെക്ടറിലെ കരസേനയുടെ മുൻനിര കാവൽപ്പുരകൾ സന്ദർശിച്ചിരുന്നു.

Refugees arrive at a community relief camp, LoC

ജന സുരക്ഷയ്ക്ക് 400 ബങ്കറുകൾ കൂടി

പാക്ക് ഷെല്ലാക്രമണം രൂക്ഷമായ ജമ്മു കശ്മീരിലെ പൂഞ്ചിലും രജൗരിയിലും ജനങ്ങളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാൻ 400 ബങ്കറുകൾ കൂടി നിർമിക്കും. ഓരോ ജില്ലയിലും 200 ബങ്കറുകൾ വീതമാണു നിർമിക്കുന്നത്. അടിയന്തര പ്രാധാന്യത്തോടെ നിർമാണം പൂർത്തിയാക്കാൻ അധികൃതർക്കു നിർദേശം നൽകി. ഭൂമിക്കടയിൽ, ബോംബ്– ഷെല്ലാക്രമണങ്ങളെ അതിജീവിക്കാൻ കഴിയുന്ന വിധത്തിൽ നിർമിക്കുന്ന കോൺക്രീറ്റ് ബങ്കറുകളുടെ നിർമാണം പൂർത്തിയാകാൻ ഒരു മാസമെടുക്കും. 

അടിയന്തരസാഹചര്യമുണ്ടായാൽ ജനങ്ങളെ സുരക്ഷിതമായി മാറ്റിപാർപ്പിക്കാനായുള്ള 14,460 ബങ്കറുകൾ നിർമിക്കാൻ കഴിഞ്ഞവർഷം അനുമതിയായതാണ്. പക്ഷേ, നിർമിച്ചത് 1000 ബങ്കറുകൾ മാത്രം. 2017 ഡിസംബറിലെ കേന്ദ്രസർക്കാർ തീരുമാനപ്രകാരം 415.73 കോടി രൂപയാണു നീക്കിവച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com