രാത്രി 9.20 ന് ഇന്ത്യൻ മണ്ണിൽ, അഭിമാനന്ദം

HIGHLIGHTS
  • 60 മണിക്കൂർ പാക്ക് തടവിൽ കഴിഞ്ഞ ശേഷം മോചനം
Abhimanand
അതിർത്തികൾ കടന്ന് അഭിമാനം ∙ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ വാഗാ അതിർത്തിയിൽ എത്തിയപ്പോൾ. പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലെ സെക്കൻഡ് സെക്രട്ടറി ശുഭം സിങ് സമീപം.
SHARE

രാജ്യത്തിന്റെ ധീര പോരാളി വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ സുരക്ഷിതനായി ഇന്ത്യയിൽ മടങ്ങിയെത്തി.

പാക്ക് സേനയുടെ തടവിൽ നിന്ന് മൂന്നാം ദിനം മോചിതനായ അഭിനന്ദൻ ഇന്നലെ രാത്രി 9.20–ന്  വാഗാ അതിർത്തി വഴി ഇന്ത്യയിൽ പ്രവേശിച്ചു.

അഭിനന്ദനെ കൊണ്ടുവരാൻ ലഹോറിലേക്കു പ്രത്യേക വിമാനം അയയ്ക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം നിരസിച്ച പാക്ക് സർക്കാർ ഉച്ചയ്ക്ക് അവരുടെ സേനാ വിമാനത്തിൽ അദ്ദേഹത്തെ ലഹോറിലെത്തിച്ചു.

അവിടെനിന്നു റോഡ് മാർഗം വാഗാ അതിർത്തിയിലെത്തിച്ച അഭിനന്ദനെ 4 മണിക്കൂറോളം പാക്ക് സൈനിക പോസ്റ്റിൽ ഇരുത്തി.

കൈമാറ്റം സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ഒൗദ്യോഗിക നടപടിക്രമങ്ങളും ഇമിഗ്രേഷൻ/കടലാസ് ജോലികളും മണിക്കൂറുകളെടുത്തു പൂർത്തിയാക്കിയ ശേഷം 

പാക്ക് അതിർത്തിയിൽനിന്ന്  ഗേറ്റു കടന്ന് അഭിനന്ദൻ ഇന്ത്യൻ മണ്ണിലേക്കു നടന്നുകയറി. 

വ്യോമസേനാ എയർ വൈസ് മാർഷൽ ആർ.ജി.കെ. കപൂറിന്റെ നേതൃത്വത്തിലുള്ള സേനാ സംഘം വാഗയിൽ അഭിനന്ദനെ സ്വീകരിച്ചു.

അതിർത്തിയിൽ അഭിനന്ദനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി. ആരോഗ്യവാനാണ്.

വാഗാ അതിർത്തിയിൽ വൈകുന്നേരങ്ങളിൽ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സേനാംഗങ്ങൾ നടത്തുന്ന പതിവ് പരേഡ് അഭിനന്ദന്റെ വരവിന്റെ പശ്ചാത്തലത്തിൽ ഇന്നലെ റദ്ദാക്കി.

വാഗായിലെത്തിയ നൂറുകണക്കിനാളുകൾ ത്രിവർണ പതാക വീശിയും മുദ്രാവാക്യം വിളിച്ചും അഭിനന്ദന് ഊഷ്മള വരവേൽപൊരുക്കി.

അതിർത്തിയിൽ ബിഎസ്എഫ്, കരസേനാംഗങ്ങൾ കനത്ത കാവലൊരുക്കി.

ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചു കടന്നു കയറിയ പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനങ്ങളെ തുരത്തുന്നതിനിടെ കഴിഞ്ഞ 27നു രാവിലെയാണ് അഭിനന്ദന്റെ മിഗ് 21 ബൈസൻ വിമാനം ആക്രമിക്കപ്പെട്ടത്.

വിമാനത്തിൽ നിന്നു പാരഷൂട്ടിൽ താഴെയിറങ്ങിയ അദ്ദേഹം പാക്ക് അധിനിവേശ കശ്മീരിലാണു വീണത്. തുടർന്ന് പാക്ക് സേന കസ്റ്റഡിയിലെടുത്തു.

നയതന്ത്ര തലത്തിൽ ഇന്ത്യ നടത്തിയ ശ്രമങ്ങളും രാജ്യാന്തര സമൂഹത്തിന്റെ സമ്മർദങ്ങളും കണക്കിലെടുത്ത് അഭിനന്ദനെ വിട്ടയയ്ക്കാൻ വ്യാഴാഴ്ച പാക്ക് സർക്കാർ തീരുമാനിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA