ബാലാക്കോട്ട്: തെളിവുകൾ ഹാജരാക്കാൻ സാധ്യത

Dowel-with-Abhinandan
പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാമ്രെ സൈനിക ആശുപത്രിയിൽ കഴിയുന്ന വിങ് കമാൻഡർ അഭിനന്ദനെ സന്ദർശിക്കാനെത്തിയപ്പോൾ.
SHARE

ന്യൂഡൽഹി∙ പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ നടത്തിയ വ്യോമാക്രമണ‌ം സംബന്ധിച്ചു കേന്ദ്ര സർക്കാർ തെളിവുകൾ ഹാജരാക്കിയേക്കുമെന്ന് സൂചന. വിദേശ‌മാധ്യമങ്ങള‌ിലെ മറുവാദങ്ങളുടെയും സംഭവത്തിൽ വ്യക്തത വേണമെന്ന പ്രതിപക്ഷ ആവശ്യത്തിന്റെയും പശ്ചാത്തലത്തിലാണിത്.

ബാലാക്കോട്ടിൽ കുറഞ്ഞത് 325 ഭീകരരും 25– 27 പരിശീലകരുമടക്കം 350 പേർ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ മാധ്യമങ്ങൾ ഈ റിപ്പോർട്ടിനെയാണ് ആശ്രയിച്ചത്. 

അതേസമയം, 350 പേർ കൊല്ലപ്പെട്ടെന്ന് പരസ്യമായി ആരും വെളിപ്പെടുത്തിയിട്ടില്ല. 300 പേർ കൊല്ലപ്പെട്ടെന്നു പ്രധാനമന്ത്രിയോ ഏതെങ്കിലും വക്താവോ പറഞ്ഞോയെന്നാണു കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി എസ്.എസ്. അലുവാലിയ ചോദിച്ചത്. ആൾനാശമായിരുന്നില്ല ആക്രമണത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പറയേണ്ടത് ഉന്നതനേതൃത്വം

കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാ ഉപസമിതി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന ശേഷമാണ്, വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ, ബാലാക്കോട്ടിലെ ഇന്ത്യയുടെ ആക്രമണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 

വ്യക്തമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജയ്ഷെ മുഹമ്മദിന്റെ പരിശീലന കേന്ദ്രം തകർത്തെന്നും ഭീകരരും പരിശീലകരുമടക്കം ഒട്ടേറെപ്പേരെ ഇല്ലാതാക്കിയെന്നും വ്യ‌ക്തമാക്കി. ജയ്ഷെ മുഹമ്മദ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ചാവേർ ആക്രമണത്തിനു ശ്രമിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണമെന്നും വെളിപ്പെടുത്തി.

ലക്ഷ്യമിട്ടതു നടപ്പാക്കിയെന്നാണു സൈനിക വൃത്തങ്ങൾ ഔദ്യോഗികമായി പറഞ്ഞത്. ആക്രമണത്തിന്റെ വിശദാംശങ്ങൾ പുറ‌ത്തുവിടേണ്ടത് ഉന്നത നേതൃത്വമാണെന്നും എയർ വൈസ് മാർഷൽ ആർ.ജി.കെ. കപൂർ മാധ്യമപ്രവർത്തകരോടു പറഞ്ഞിരുന്നു.

വിദേശ റിപ്പോർട്ടുകൾ, ശബ്ദരേഖ

ആളപായമുണ്ടായില്ലെന്നാണു ബാലാക്കോട്ടിനു സമീപത്തെ പ്രാദേശിക ആശുപത്രികളെയും നാട്ടുകാരെയും ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തത്. റോയിട്ടേഴ്സും സമാന റിപ്പോർട്ട് നൽകി. 

അതേസമയം, മുന്നൂറിലേറെപ്പേർ മരിച്ചെന്ന് ഇന്ത്യയെ ഉദ്ധരിച്ചു പല വിദേശ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടെയാണു ജയ്ഷ് തലവൻ മസൂദ് അസ്ഹറിന്റെ സഹോദരൻ അബ്ദുൽ റൗഫ് അസ്ഹറിന്റെ പേരിൽ ശബ്ദരേഖ പുറത്തുവന്നത്. ഇന്ത്യ ജയ്ഷ് കേന്ദ്രത്തിൽ ബോംബിട്ടതായും ആക്രമണത്തിനു പിന്നാലെ മൃതദേഹങ്ങൾ അവിടെനിന്നു മാറ്റിയെന്നുമാണ് ഈ ശബ്ദരേഖയിൽ പറയുന്നത്. ഇതിന്റെയും ആധികാരിത സ്ഥിരീകരിച്ചിട്ടില്ല

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA