എഫ് 16 പൈലറ്റിന് എന്തുപറ്റി? പ്രതികരിക്കാതെ പാക്കിസ്ഥാൻ

f-16-pok
പാക്ക് അധിനിവേശ കശ്മീരിൽ തകർന്നുവീണ പാക്കിസ്ഥാൻ വ്യോമസേനാ ജെറ്റ് എഫ് 16ന്റെ ഭാഗം.
SHARE

ന്യൂഡൽഹി∙ ഇന്ത്യ വെടി വച്ചിട്ട പാക്കിസ്ഥാന്റെ എഫ്–16 വിമാനത്തിലെ പൈലറ്റിന് എന്തു സംഭവിച്ചു ? ഇന്ത്യൻ സൈനികനെന്നു തെറ്റിദ്ധരിച്ച് ആൾക്കൂട്ടം മർദിച്ചു കൊന്നെന്നു വാർത്ത പരന്നിട്ടും സ്വന്തം പൈലറ്റിനെക്കുറിച്ചു പ്രതികരിക്കാൻ പാക്കിസ്ഥാൻ തയാറായിട്ടില്ല. 

അഭിനന്ദന്റെ മിഗ് 21 വിമാനവും പാക്ക് വിങ് കമാൻഡർ ഷഹ്സാസ് ഉദ്ദിൻ പറത്തിയ എഫ് 16 വിമാനവും 27നു പാക്ക് അധിനിവേശ കശ്മീരിലാണു വീണത്. അഭിനന്ദനെ പോലെ ഷഹ്നാസും വിമാനം നിലം പതിക്കും മുൻപു തന്നെ പാരഷൂട്ടിൽ പുറത്തുകടന്നതായാണു ലഭ്യമായ വിവരം. അഭിനന്ദനെ നാട്ടുകാർ കണ്ടെത്തുകയും പിന്നീട് പാക്ക് പട്ടാളം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

എഫ് 16 ഉപയോഗിച്ചിട്ടില്ലെന്നും തങ്ങളുടെ ഭാഗത്തെ ആർക്കും പരുക്കേറ്റിട്ടില്ലെന്നുമുള്ള നിലപാടിൽ പാക്കിസ്ഥാൻ ഉറച്ചുനിൽക്കുന്നതായാണു സൂചന. അഭിനന്ദന് ഇന്ത്യ നൽകുന്ന ആദരവും സ്വന്തം പൈലറ്റിനോടുള്ള പാക്കിസ്ഥാന്റെ സമീപനവും താരതമ്യം ചെയ്ത് സമൂഹമാധ്യമങ്ങളിൽ കമന്റുകൾ നിറയുന്നുണ്ട്.

ഇതിനിടെ, പാക്ക് വ്യോമസേനയുടെ ഉപമേധാവി വസീം ഉദ്ദിന്റെ മ‌കനാണ് അപകടത്തിൽപ്പെട്ട വിങ് കമാ‌ൻഡർ ഷഹ്സാസ് ഉദ്ദിനെന്നു വാർത്ത പരന്നിരുന്നു. എന്നാൽ, വസീം വളരെ മുൻപേ പിരിഞ്ഞയാളാണെന്നും മക്കളാരും സേനയിലില്ലെന്നും വിശദീകരിച്ചു പാക്ക് മാധ്യമങ്ങൾ രംഗത്തെത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA