ബാലാക്കോട്ട് ആക്രമണം: മരണം എത്രയെന്ന് ആരുപറയും?

balakot-death-cartoon
SHARE

ന്യൂഡൽഹി ∙ പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ബോംബാക്രമണത്തിൽ ഇരുനൂറ്റിയൻപതിലേറെ ഭീകരർ കൊല്ലപ്പെട്ടെന്നു ബിജെപി അധ്യക്ഷൻ അമിത് ഷാ. ഭീകരർ കൊല്ലപ്പെട്ടതിനു തെളിവില്ലെന്ന വിദേശ മാധ്യമങ്ങളുടെ നിലപാടിനു പ്രധാനമന്ത്രി മറുപടി പറയണമെന്നു കോൺഗ്രസ്. എന്നാൽ, കേന്ദ്ര സർക്കാർ ഇന്നലെയും ഔദ്യോഗികമായി പ്രതികരിച്ചില്ല.
അതേസമയം, തങ്ങളുടെ ആക്രമണം ലക്ഷ്യം കണ്ടെന്നും എത്ര ഭീകരർ കൊല്ലപ്പെട്ടെന്നു വ്യക്തമാക്കേണ്ടതു സർക്കാരാണെന്നും പറഞ്ഞ് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ്.ധനോവ, രാഷ്ട്രീയത്തർക്കങ്ങളിൽനിന്ന് അകലം പാലിച്ചു.

കണക്ക് ബിജെപിയുടേത്

350 പേർ കൊല്ലപ്പെട്ടെന്ന കണക്ക് ബിജെപി കേന്ദ്രങ്ങളിൽനിന്ന് ആക്രമണദിവസം അനൗദ്യോഗികമായി പുറത്തുവന്നിരുന്നു. എന്നാൽ എണ്ണം പ്രധാനമന്ത്രി നരേന്ദ്ര മോദിയോ അമിത് ഷായോ പരാമർശിച്ചിട്ടില്ലെന്നു കേന്ദ്രമന്ത്രി എസ്.എസ്. അലുവാവിയ പിന്നീട് പറഞ്ഞു. അതിനു പിന്നാലെ ഞായറാഴ്ച അഹമ്മദാബാദിലെ പൊതുയോഗത്തിലായിരുന്നു അമിത് ഷായുടെ പരാമർശം. ‘‘പുൽവാമയ്ക്കുശേഷം മിന്നലാക്രമണം ഉണ്ടാവില്ലെന്ന് എല്ലാവരും കരുതി. എന്നാൽ, മോദിയുടെ നേതൃത്വത്തിൽ സർക്കാർ വ്യോമാക്രമണം നടത്തി; ഇരുനൂറ്റിയൻപതിലേറെ ഭീകരരെ വധിച്ചു’’ – ഷാ പറഞ്ഞതിങ്ങനെ.
ഭരണകക്ഷിയുടെ ദേശീയ അധ്യക്ഷൻ പരാമർശിച്ച കണക്ക് സ്ഥിരീകരിക്കാനോ നിഷേധിക്കാനോ സർക്കാർ തയാറായിട്ടില്ല.

ഔദ്യോഗിക നിലപാട്

കഴിഞ്ഞ 26നു വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ നടത്തിയ പ്രസ്താവനയിൽ പറഞ്ഞതിങ്ങനെ: ‘‘ബാലാക്കോട്ടിൽ ജയ്ഷിന്റെ ഏറ്റവും വലിയ പരിശീലനകേന്ദ്രമാണ് ഇന്ത്യ ആക്രമിച്ചത്. ഒട്ടേറെ ജയ്ഷ് ഭീകരരെയും പരിശീലകരെയും സീനിയർ കമാൻഡർമാരെയും ചാവേർ പരിശീലനത്തിലായിരുന്ന ജിഹാദി സംഘങ്ങളെയും ഇല്ലാതാക്കി.’’ മാധ്യമപ്രതിനിധികൾക്കു ചോദ്യമുന്നയിക്കാൻ അന്ന് അവസരമുണ്ടായിരുന്നില്ല. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ഊഹം മാത്രമാണു ഗോഖലെ പങ്കുവച്ചതെന്നും എത്ര പേർ കൊല്ലപ്പെട്ടെന്ന കണക്ക് തങ്ങളുടെ പക്കലില്ലെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പിന്നീടു സൂചിപ്പിച്ചു.

വിദേശമാധ്യമ വിമർശനം

ആക്രമണത്തിന്റെ ആഘാതം സംബന്ധിച്ച ഇന്ത്യൻ വിലയിരുത്തൽ തെറ്റാണെന്നു സംഭവസ്ഥലം സന്ദർശിച്ചതായി അവകാശപ്പെട്ടും അല്ലാതെയും പല വിദേശ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഇത്തരം സന്ദർഭങ്ങളിൽ അനൗദ്യോഗികമായെങ്കിലും അവ നിഷേധിച്ച് വിദേശകാര്യമന്ത്രാലയം ആധികാരിക വിവരങ്ങൾ പങ്കുവയ്ക്കാറുള്ളതാണ്. 

ഇത്തവണ അത്തരം ശ്രമവും ഉണ്ടായിട്ടില്ല. ഭീകരർ കൊല്ലപ്പെട്ടതിനു തെളിവില്ലെന്നാണു ന്യൂയോർക്ക് ടൈംസ്, വാഷിങ്ടൺ പോസ്റ്റ്, ലണ്ടനിലെ ജെയിൻ ഇൻഫർമേഷൻ ഗ്രൂപ്പ്, ഡെയ്‌ലി ടെലിഗ്രാഫ്, ഗാർഡിയൻ, റോയിട്ടേഴ്സ് തുടങ്ങിയ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെന്നും മോദി മറുപടി പറയണമെന്നും കോൺഗ്രസ് നേതാവ് കപിൽ സിബൽ ആവശ്യപ്പെട്ടു.

സാമാന്യബോധം വേണം: മോദി

‘‘സാമാന്യബോധം ഉപയോഗിക്കുക’’– റഫാൽ പോർവിമാനങ്ങളുണ്ടായിരുന്നെങ്കിൽ എന്ന തന്റെ പരാമർശം വിവാദമായതിനോടു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചതിങ്ങനെ.  ‘‘വ്യോമാക്രമണത്തിനു റഫാൽ ഉണ്ടായിരുന്നെങ്കിൽ നമ്മുടെ വിമാനങ്ങളൊന്നും വീഴില്ലായിരുന്നുവെന്നും അവരുടേത് (പാക്കിസ്ഥാൻ) രക്ഷപ്പെടില്ലായിരുന്നുവെന്നുമാണു പറഞ്ഞത്. അതിന്, ഞാൻ വ്യോമാക്രമണത്തെ ചോദ്യം ചെയ്യുന്നുവെന്നാണ് അവർ പറയുന്നത്’’ – ഗുജറാത്തിലെ ജാംനഗറിൽ പ്രധാനമന്ത്രി വിശദീകരിച്ചു.

റഫാൽ വിമാനങ്ങളുടെ അസാന്നിധ്യം രാജ്യത്തിനു മുഴുവൻ അനുഭവപ്പെടുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞിരുന്നു. തുടർന്നാണ്, വ്യോമാക്രമണത്തെ അദ്ദേഹം തന്നെ ചോദ്യം ചെയ്യുകയാണെന്ന വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA