ADVERTISEMENT

ന്യൂഡൽഹി∙ സുഷമ സ്വരാജായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഒന്നാം നമ്പർ വനിതാതാരം. എന്നാൽ, വനിതാനിരയിൽ വ്യക്തമായ തലമുറമാറ്റത്തോടെയാണ് ഇത്തവണ ബിജെപിയുടെ പോരാട്ടം. 

ആരോഗ്യകാരണങ്ങളാൽ മൽസരരംഗത്തുനിന്നു സുഷമ മാറുന്നതോടെ 2 പേരെയാണു പാർട്ടി ആ നിരയിലേക്ക് ഉയർത്തിക്കാട്ടുന്നത് – കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമനെയും സ്മൃതി ഇറാനിയെയും.  കേന്ദ്രമന്ത്രിസഭയിലെ ബിജെപി വനിതാ മന്ത്രിമാർ, സ്പീക്കർ എന്നിവരുടെ രാഷ്ട്രീയഭാവി ഇങ്ങനെ:  

സുഷമ സ്വരാജ് (66): 1970 കളിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ. ഡൽഹി മുൻമുഖ്യമന്ത്രി. എ.ബി വാജ്പേയി സർക്കാരിലും മന്ത്രി. 15–ാം ലോക്സഭയിൽ പ്രതിപക്ഷ നേതാവ്. 1999 ൽ സോണിയാ ഗാന്ധിക്കെതിരെ കർണാടകയിലെ ബെല്ലാരിയിൽ തീപാറും പോരാട്ടം നടത്തി. 

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കു വിധേയായ സുഷമ ഇനിയൊരു തിരഞ്ഞെടുപ്പു പോരാട്ടത്തിനില്ലെന്ന് ഉറപ്പാണ്. രാജ്യസഭയാകും മുന്നിലുള്ള വഴി.  

നിർമല സീതാരാമൻ (60): 2008 ൽ പാർട്ടിയുടെ മുഖ‌‌്യധാരയിൽ. 2010 മുതൽ ബി‌ജെപിയുടെ വക്താവെന്ന നിലയിൽ തിളങ്ങി. നിലവിൽ കർണാടകയിൽ നി‌ന്നുള്ള രാജ്യസഭാംഗം. കർണാടകയിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ ലോക്സഭയിലേക്കു മത്സരിക്കുമെന്ന് അഭ്യൂഹം. തിരുവനന്തപുരത്തു സ്ഥാനാർഥിയാകുമെന്നും കേട്ടിരുന്നു. 

സ്മൃതി ഇറാനി (42): ടിവി സീരിയലുകളിലെ തിളങ്ങും താരമായിരുന്നു. 2003 ൽ ബിജ‌െപിയ‌ിലെത്തി. മോദിയോട് ആദ്യം പിണങ്ങിയും പിന്നെ ഇണങ്ങിയും വളർച്ച. 2014 ൽ രാഹുൽ ഗാന്ധിക്കെതിരെ അമേഠിയിൽ മൽസരിച്ച് പരാജയപ്പെട്ടു. ഗുജറാത്തിൽനിന്ന് രാജ്യസഭാംഗമായി. ഇത്തവണയും അമേഠിയിൽ മൽസരിക്കും. 

ഉമാ ഭാരതി(60): മധ്യപ്രദേശ് മുൻ മുഖ്യന്ത്രി. 4 തവണ എംപി. 2004 ൽ ബി‌ജെപിയിൽ നി‌ന്നു പു‌റത്തുപോയെങ്കിലും 2011 ൽ തിരിച്ചെത്തി. ഇത്തവണ മൽസരിക്കില്ലെന്നു പ്രഖ്യാപിച്ചെങ്കിലും ആർഎസ്എസ് സമ്മർദമുണ്ട്. 

സുമിത്ര മഹാജൻ(76) – ലോക്സഭാ സ്പീക്കർ: ഇൻഡോറിൽ നിന്ന് 1989 മുതൽ 8 തവണ എംപി. വാജ്‌പേയ് സർക്കാരിൽ മാനവശേഷി മന്ത്രിയായിരുന്നു. മൽസരിക്കാൻ തയാറെങ്കിലും പാർട്ടി ഒഴിവാക്കിയേക്കുമെന്ന് സംസാരം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com