ADVERTISEMENT

രാജ്യം ആരു ഭരിക്കണമെന്നു തീരുമാനിക്കുന്നതിൽ നാൽപതോ അതിലേറെയോ സീറ്റുകളുള്ള 5 സംസ്ഥാനങ്ങൾ നിർണായക സ്വാധീനം ചെലുത്തും. യുപി (80), മഹാരാഷ്ട്ര (48), ബംഗാൾ (42), ബിഹാർ ‌(40), തമിഴ്നാട്/പുതുച്ചേരി (40) എന്നീ സംസ്ഥാനങ്ങളിലായുള്ളത് 250 സീറ്റ്. ഇവയിൽ കഴിഞ്ഞ തവണ ബിജെപി നേടിയതു 119 സീറ്റ്. ശിവസേന ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെ സീറ്റുകൾ കൂടി േചർക്കുമ്പോൾ എൻഡിഎയ്ക്കു ലഭിച്ചത് 147 സീറ്റ്. ബംഗാളും തമിഴ്നാടുമാണ് അന്നു ബിജെപിയെ തുണയ്ക്കാതിരുന്നത്. 

ഇത്തവണ സ്ഥിതി മാറി. യുപിയിൽ എസ്പി– ബിഎസ്പി സഖ്യത്തെയും പ്രിയങ്ക ഗാന്ധിയുടെ ബലത്തിൽ സാന്നിധ്യമറിയിക്കാൻ ശ്രമിക്കുന്ന കോൺഗ്രസിനെയും നേരിടണം. മുന്നേറ്റമുണ്ടാക്കണമെന്നു കണക്കുകൂട്ടിയിരുന്ന ബംഗാളിലും തമിഴ്നാട്ടിലും കാര്യങ്ങൾ ഏറെ മാറിയിട്ടില്ല. എന്നാൽ, മഹാരാഷ്ട്രയിലും ബിഹാറിലും സഖ്യങ്ങളുടെ ബലത്തിൽ ബിജെപിയുടെ സ്ഥിതി മെച്ചം.

ഉത്തർപ്രദേശ്‌: എൺപതിന്റെ കേന്ദ്രശക്തി 

പോരാട്ട ചിത്രം: കേന്ദ്രഭരണം തീരുമാനിക്കുന്നതിൽ 80 സീറ്റുള്ള യുപിക്ക് പ്രസക്തി ഏറെ. കഴിഞ്ഞ തവണ ബിജെപി നേടിയത് 71 സീറ്റുകൾ. ഇത്തവണ ത്രികോണ മൽസരമാണ്. നരേന്ദ്രമോദി– അമിത് ഷാ– യോഗി ആദിത്യനാഥ് ത്രയം ബിജെപിയെ നയിക്കുന്നു. ഒബിസി നേതാവ് കേശവ് ദേവ് മൗര്യയുടെ മഹാൻ ദളുമായി ചേർന്നാണു കോൺഗ്രസിന്റെ പോരാട്ടം. ബിജെപിയുടെ കരുത്തായ സവർണ വോട്ട് ബാങ്കിൽ‌ വിള്ളൽ വീഴ്ത്തുകയാണു പ്രിയങ്കയുടെ മുഖ്യദൗത്യം. ചില മണ്ഡലങ്ങളിൽ എസ്പി–ബിഎസ്പി സഖ്യവുമായി രഹസ്യധാരണയ്ക്കു ശ്രമിക്കും. 

സഖ്യങ്ങൾ: ബിഎസ്പി 38 സീറ്റിലും എസ്പി 37 സീറ്റിലും സഖ്യമായി മൽസരിക്കും. ആർഎൽഡി മൂന്നിടത്ത്. രാഹുലിന്റെ സീറ്റായ അമേഠിയും സോണിയയുടെ റായ്ബറേലിയും ഒഴിച്ചിട്ടു. 

താരങ്ങൾ: യോഗി ആദിത്യനാഥ്, മായാവതി, അഖിലേഷ് യാദവ്, പ്രിയങ്ക ഗാന്ധി 

മഹാരാഷ്ട്ര : അറിയാനിരിക്കുന്നു, സേനാതന്ത്രങ്ങൾ 

പോരാട്ട ചിത്രം: മോദി തരംഗമില്ലെങ്കിലും ബിജെപി– ശിവസേന സഖ്യം ശക്തം. കോൺഗ്രസ്– എൻസിപി വോട്ട് ബാങ്കായിരുന്ന, ജനസംഖ്യയുടെ 31% വരുന്ന മറാഠകളെ സംവരണ പ്രഖ്യാപനത്തിലൂടെ ഒപ്പം നിർത്താൻ ബിജെപിയുടെ ശ്രമം. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പ്രതിച്ഛായയിലും പ്രതീക്ഷ.

വോട്ട് ഭിന്നിക്കാതിരിക്കാൻ ചെറുപാർട്ടികളെ ഒപ്പംനിർത്താൻ കോൺ– എൻസിപി സഖ്യ തന്ത്രം. എന്നാൽ അംബേദ്കറുടെ കൊച്ചുമകൻ പ്രകാശ് അംബേദ്കർ കോൺഗ്രസ്–എൻസിപി സഖ്യത്തിനൊപ്പം ചേരാതെ അസദുദ്ദീൻ ഉവൈസിക്കൊപ്പം നിൽക്കാൻ തീരുമാനിച്ചതിനാൽ ദലിത്– മുസ്‌ലിം വോട്ടുകൾ ഭിന്നിച്ചേക്കും. ബിഎസ്പിയുടെ പ്രതികരണവും അനുകൂലമല്ല. രാജ് താക്കറെയുടെ എംഎൻഎസുമായി നീക്കുപോക്കുകൾക്ക് എൻസിപി ശ്രമം. ഹിന്ദി മേഖലയിൽ ബിജെപിക്കു പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെങ്കിൽ മഹാരാഷ്ട്ര നിർണായകമാകും. ശിവസേന മേധാവി ഉദ്ധവ് താക്കറെയുടെ വിലപേശൽ ശേഷി കൂടും.

സഖ്യം: ബിജെപി-ശിവസേന സഖ്യവും കോൺഗ്രസ്-എൻസിപി സഖ്യവും തമ്മിൽ പോരാട്ടം. 

∙ പ്രകാശ് അംബേദ്കറുടെയും ഉവൈസിയുടെയും നേതൃത്വത്തിലുള്ള വഞ്ചിത് ബഹുജൻ അഘാഡി 48 മണ്ഡലങ്ങളിലും മൽസരിക്കുന്നു.

∙ ബിജെപി 25 സീറ്റ്, ശിവസേന 23 സീറ്റ്

∙ കോൺഗ്രസ്-എൻസിപി സീറ്റ് വിഭജനത്തിൽ ഏകദേശ ധാരണ. ചെറുകക്ഷികളുമായി ധാരണയ്ക്കു ശ്രമം.

താരങ്ങൾ: ശരദ് പവാർ, ഉദ്ധവ് താക്കറെ, ദേവേന്ദ്ര ഫഡ്‌നാവിസ്

ബിഹാർ: എൻഡിഎക്കെതിരെ മഹാസഖ്യം

പോരാട്ട ചിത്രം: നരേന്ദ്ര മോദിയും നിതീഷ് കുമാറും കൈകോർക്കുന്ന ബിഹാറിൽ വൻ പ്രതീക്ഷയിലാണ് എൻഡിഎ. വികസനവും രാജ്യസുരക്ഷയും മുഖ്യവിഷയങ്ങൾ. സാമ്പത്തിക സംവരണം ഗുണം ചെയ്യുമെന്നു ബിജെപിയുടെ പ്രതീക്ഷ. ലാലു പ്രസാദ് യാദവിന്റെ ജയിൽവാസം സഹതാപം സൃഷ്ടിക്കുമെന്നാണു മകൻ തേജസ്വി യാദവിന്റെ പ്രതീക്ഷ. യാദവ–മുസ്‍‌ലിം സമുദായ സമവാക്യം അനുകൂലമാകുമെന്ന് ആർജെ‍ഡി– കോൺഗ്രസ് സഖ്യത്തിനു പ്രതീക്ഷ. എൻഡിഎ സഖ്യം നേട്ടമുണ്ടാക്കിയാൽ നിതീഷ് കുമാറിന്റെയും ജെഡിയുവിന്റെയും നിലപാട് നിർണായകമാകും. 

സഖ്യം: എൻഡിഎ സഖ്യത്തിൽ ബിജെപിയും ജനതാദളും (യു) 17 സീറ്റുകളിൽ വീതം. റാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി (എൽജെപി) 6 സീറ്റിലും. 

∙ എൻഡിഎ വിരുദ്ധരും വിമതരുമെല്ലാം ചേർന്നതാണ് രാഷ്ട്രീയ ജനതാദൾ (ആർജെ‍ഡി) നേതൃത്വം നൽകുന്ന മഹാസഖ്യം. എസ്പി, സിപിഎം, സിപിഐ എന്നീ കക്ഷികൾക്കെല്ലാം ആർജെഡി സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. 

താരം: നിതീഷ് കുമാർ, തേജസ്വി യാദവ് 

ബംഗാൾ: തൃണമൂൽ കോട്ട ഭേദിക്കാൻ

പോരാട്ട ചിത്രം: കോൺഗ്രസ്– ഇടതുധാരണ നിലവിൽവന്നതോടെ സംസ്ഥാനത്തു ത്രികോണ മൽസരത്തിന് കളമൊരുങ്ങുന്നു. കോൺഗ്രസും സിപിഎമ്മും ഇപ്പോഴുള്ള 6 സീറ്റ് പരസ്പരം മൽസരിക്കാതെ നിലനിർത്താൻ നോക്കുന്നു. തൃണമൂലിനെയും ബിജെപിയെയും എതിർക്കുന്നവർ കോൺഗ്രസ് – ഇടത് സഹകരണത്തെ പിന്തുണയ്ക്കുന്നു. മുസ്‌ലിം ധ്രുവീകരണം തൃണമൂലിന് അനുകൂലം. സംസ്ഥാനത്ത് ബിജെപി പുതുമുന്നേറ്റം പ്രതീക്ഷിക്കുന്നു. തൃണമൂൽ വിജയം ആവർത്തിച്ചാൽ കേന്ദ്രത്തിൽ മമതയുടെ താരപദവി ഉയരും. ദേശീയ രാഷ്ട്രീയത്തിലും ദേശീയ പാർട്ടിയെന്ന പദവിയിലും പിടിച്ചുനിൽക്കാനുള്ള ശ്രമത്തിലാണ് സിപിഎം. 

സഖ്യം: മമതയുടെ തൃണമൂൽ കോൺഗ്രസിനൊപ്പം ഡാർജലിങ്ങിലെ ഗൂർഖാ ജനമുക്തി മോർച്ചയാണു പേരിനുള്ള സഖ്യകക്ഷി. 

∙ ബിജെപിക്കു പ്രസക്തമായ സഖ്യങ്ങളില്ല. 

∙ തൃണമൂലിനും ബിജെപിക്കുമെതിരെയാണു കോൺഗ്രസ്– ഇടതു ധാരണ. 

താരം: മമത ബാനർജി.

തമിഴ്നാട്/ പുതുച്ചേരി: സഖ്യ ശക്തിയെഴുത്ത്

പോരാട്ട ചിത്രം: ജയലളിത- കരുണാനിധി യുഗത്തിനു ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ്. ഡിഎംകെ സഖ്യത്തിനും അണ്ണാ ഡിഎംകെ സഖ്യത്തിനും പുറമേ ടി.ടി.വി. ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകവും നടൻ കമൽഹാസന്റെ മക്കൾ നീതി മയ്യവും കൂടിയാകുന്നതോടെ മത്സരം മുറുകുന്നു. കഴിഞ്ഞ തവണ ഒറ്റയ്ക്ക് 37 സീറ്റുകൾ നേടിയ അണ്ണാ ഡിഎംകെ ഇപ്പോൾ പ്രതിസന്ധിയിൽ. വിശാലസഖ്യത്തിലൂടെ ഇതു മറികടക്കാൻ ശ്രമം. ഡിഎംകെ സഖ്യത്തിൽ കോൺഗ്രസും സിപിഎമ്മും മുസ്‍ലിം ലീഗും സിപിഐയും കക്ഷികൾ.

സംസ്ഥാനെ പ്രബല ജാതികളെ പ്രതിനിധീകരിക്കുന്ന പാർട്ടികൾ ഇരു സഖ്യത്തിലുമുണ്ട്.

തമിഴകം ഏതെങ്കിലുമൊരു മുന്നണിയെ ഏകപക്ഷീയമായി തുണയ്ക്കുന്നതാണു ലോക്സഭാ തിരഞ്ഞെടുപ്പുകളിലെ പതിവ്. ഡിഎംകെ നേട്ടമുണ്ടാക്കിയാൽ എം.കെ. സ്റ്റാലിന്റെ നിലപാടുകൾ കേന്ദ്ര ഭരണത്തിൽ നിർണായകമാവും.

സഖ്യം

∙ അണ്ണാ ഡിഎംകെ സഖ്യത്തിൽ പിഎംകെ (7), ബിജെപി (5), ഡിഎംഡികെ (4) പുതിയ നീതികക്ഷി (1), പുതിയ തമിഴകം (1), പുതുച്ചേരി എൻആർ കോൺഗ്രസ്(1) എന്നീ കക്ഷികൾ.

∙ ഡിഎംകെ സഖ്യത്തിൽ കോൺഗ്രസ് (10), സിപിഎം (2), സിപിഐ (2), എംഡിഎംകെ (1), ഇന്ത്യൻ ജനനായക കക്ഷി (1), വിസികെ (2), കൊങ്കുനാട് മക്കൾ ദേശീയ കക്ഷി (1), മുസ്‍ലിം ലീഗ് (1) എന്നീ കക്ഷികൾ.

∙ ടി.ടി.വി. ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകവും നടൻ കമൽഹാസന്റെ മക്കൾ നീതി മയ്യവും മൽസര രംഗത്തുണ്ട്.

താരങ്ങൾ: എം.കെ.സ്റ്റാലിൻ, ടി.ടി. വി. ദിനകരൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com