ADVERTISEMENT

ന്യൂഡൽഹി ∙ ഇത്തവണ രാജ്യാത്തകെ 10 ലക്ഷം പോളിങ് ബൂത്തുകൾ. എല്ലാ ബൂത്തിലും വിവിപാറ്റ് സൗകര്യം. ചെയ്ത വോട്ടിന്റെ പ്രിന്റ് വോട്ടർക്കു പരിശോധിക്കാൻ ഇതിലൂടെ അവസരം. വോട്ട് കൃത്യമായ ചിഹ്നത്തിൽ രേഖപ്പെടുത്തിയോ എന്ന് വോട്ടർക്ക് ഉറപ്പിക്കാം. ആകെ 90 കോടി വോട്ടർമാർ. 

രാത്രി മൈക്ക് വേണ്ട

തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി രാത്രി 10 മുതൽ രാവിലെ 6 വരെ മൈക്ക് പാടില്ല. 

സമൂഹമാധ്യമ ജാഗ്രത

സമൂഹമാധ്യമങ്ങളിലെ പ്രചാരണം കർശനമായി നിരീക്ഷിക്കും. സ്ഥാനാർഥി പ്രചാരണത്തിനുപയോഗിക്കുന്ന സമൂഹ മാധ്യമ അക്കൗണ്ട് വിവരങ്ങൾ കമ്മിഷനെ മുൻകൂട്ടി അറിയിക്കണം. സമൂഹമാധ്യമങ്ങളിൽ ചെലവിടുന്ന തുകയും സ്ഥാനാർഥിയുടെ പ്രചാരണച്ചെലവിൽ ഉൾപ്പെടുത്തും. 

പരസ്യം നിയന്ത്രിതം

സമൂഹ മാധ്യമങ്ങളിൽ അടക്കം പരസ്യങ്ങൾ പ്രസിദ്ധീകരിക്കാൻ കലക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാ തല മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വേണം. കമ്മിഷന്റെ അനുമതിയോടുകൂടി മാത്രമേ തിരഞ്ഞെടുപ്പ് സർവേകൾ പ്രസിദ്ധീകരിക്കാവൂ. 70 ലക്ഷം രൂപ വരെയാണ് പ്രചാരണത്തിനായി ഒരു സ്ഥാനാർഥിക്ക് ചെലവിടാനാകുക. 10,000 രൂപയ്ക്കു മേലുള്ള ഇടപാടുകൾ ചെക്കോ ഡ്രാഫ്റ്റോ മുഖേന ആയിരിക്കണം. 

ഭിന്നശേഷിക്കാർക്ക് വണ്ടി

ഭിന്നശേഷിക്കാർക്ക് പോളിങ് സ്റ്റേഷനുകളിൽ എത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ സൗജന്യ വാഹന സൗകര്യം ഉറപ്പാക്കും. ഇതിന് കെഎസ്ആർടിസി ബസുകളും മറ്റു പൊതുഗതാഗത സൗകര്യങ്ങളും ഉപയോഗിക്കും. മുഴുവൻ ഭിന്നശേഷിക്കാരുടെയും വിവരങ്ങൾ കമ്മിഷൻ ശേഖരിച്ചിട്ടുണ്ട്. എല്ലാ ബൂത്തുകളിലും ശുദ്ധജലവും ടോയ്‌ലറ്റ് സൗകര്യവും. 

വിളിക്കൂ 1950

വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 1950 എന്ന നമ്പറിലേക്കു വിളിക്കാം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസിലെ ടോൾഫ്രീ നമ്പറിലേക്കും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾക്കു വിളിക്കാം: 1800 425 1965

തിരിച്ചറിയൽ കാർഡുകൾ

ബൂത്ത് ലെവൽ ഓഫിസർമാർ നൽകുന്ന വോട്ടർ സ്ലിപ് മാത്രം ഉപയോഗിച്ച് വോട്ടു ചെയ്യാൻ അനുവദിക്കില്ല. ഫോട്ടോയുള്ള തിരഞ്ഞെടുപ്പ് തിരിച്ചറിയൽ രേഖയോ മറ്റ് 11 തിരിച്ചറിയൽ രേഖകളിലൊന്നോ ഹാജരാക്കണം. പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, സംസ്ഥാന സർക്കാരോ കേന്ദ്ര സർക്കാരോ പൊതുമേഖലാ സ്ഥാപനങ്ങളോ പബ്ലിക് ലിമിറ്റഡ് കമ്പനികളോ ബാങ്കുകളോ നൽകുന്ന തിരിച്ചറിയൽ കാർഡുകൾ,  പോസ്റ്റ് ഓഫിസ് പാസ്ബുക്, പാൻ കാർഡ്, തൊഴിലുറപ്പ് കാർഡ് എന്നിവയാണു മറ്റു തിരിച്ചറിയൽ രേഖകൾ. 

സി വിജിൽ ആപ്

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കാൻ സി വിജിൽ (cVIGIL) മൊബൈൽ ആപ് ഉപയോഗിക്കാം. ചട്ടം ലംഘിച്ചുള്ള പ്രചാരണങ്ങളുടെ വിഡിയോ ദൃശ്യങ്ങളോ ചിത്രങ്ങളോ ആപ്പിലൂടെ കമ്മിഷന് അയയ്ക്കാം. 28 മുതൽ ആപ് ഉപയോഗിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com