ADVERTISEMENT

മുംബൈ∙ ബാങ്ക് വായ്പയെടുത്തു മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയുടെ ചിത്രകലാശേഖരം ആദായനികുതി വകുപ്പ് ലേലം ചെയ്യാനൊരുങ്ങുമ്പോൾ അതിൽ ഏറ്റവും വിലപിടിപ്പുള്ളത് വിശ്വവിഖ്യാത ചിത്രകാരൻ രാജാ രവിവർമയുടെ പെയിന്റിങ്ങ്. 

മദ്രാസ് ഗവർണർ ജനറലായിരുന്ന റിച്ചഡ് ഗ്രെൻവില്ലിന്റെ 1880ലെ തിരുവിതാംകൂർ സന്ദർശനം പ്രമേയമാക്കുന്ന ‘ഹിസ്റ്റോറിക് മീറ്റിങ്’ എന്ന ചിത്രത്തിന് 12 കോടി രൂപ മുതൽ 18 കോടി രൂപ വരെയാണ് അടിസ്ഥാനവില നിശ്ചയിച്ചിരിക്കുന്നത്. മുബൈ ആസ്ഥാനമാക്കിയ സാഫ്രൺആർട് എന്ന സ്ഥാപനമാണ് ആദായനികുതി വകുപ്പിനു വേണ്ടി 26നു ലേലം നടത്തുന്നത്. 

തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാളും സഹോദരൻ വിശാഖം തിരുനാളും ചേർന്നു റിച്ചഡ് ഗ്രെൻവില്ലിനെ സ്വീകരിക്കുന്നതാണു ചിത്രം. വിശാഖം തിരുനാളാണു ഗവർണറുടെ കൈപിടിച്ചിരിക്കുന്നത്. മഹാരാജാവ് സഹോദരന്റെ പിന്നിലായാണു നിൽക്കുന്നത്. തിരുവനന്തപുരത്ത് വള്ളക്കടവ് ബോട്ടുപുരയിലാണു ഗവർണർ  വന്നിറങ്ങിയത്. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതാണു ബോട്ടുപുരയും കവാടവും. രാജഭരണകാലത്തു കച്ചവട ആവശ്യത്തിനായി വള്ളങ്ങൾ വന്നിരുന്നതും രാജകുടുംബാംഗങ്ങൾ ഉല്ലാസ യാത്ര പോയിരുന്നതും ഇവിടെനിന്നാണ്. 

ഗവർണർക്കു സമ്മാനിച്ച ചിത്രം അദ്ദേഹത്തിന്റെ മകളിൽനിന്ന് ബക്കിങ്ങാംഷർ കൗണ്ടി കൗൺസിൽ ഓഫീസിലെത്തി. 2007ൽ ലണ്ടനിൽ നടന്ന ലേലത്തിൽ 6 ലക്ഷം പൗണ്ടിന് അജ്ഞാത വ്യക്തി പെയിന്റിങ്ങ് വാങ്ങി. അവിടെനിന്നാവണം നീരവ് മോദിയുടെ കൈവശം എത്തിച്ചേർന്നത്. രാജാ രവിവർമയ്ക്കു പുറമെ മലയാളികളായ ജിതീഷ് കല്ലാട്ട് (60ലക്ഷം), ടിഎം അസീസ്, ഒ എം സൂര്യ തുടങ്ങിയവരുടെ കലാസൃഷ്ടികളും നീരവ് മോദിയുടെ ശേഖരത്തിൽനിന്ന് ആദായനികുതി വകുപ്പ് ലേലത്തിനു വച്ചിട്ടുണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com