ADVERTISEMENT

ന്യൂഡൽഹി∙ ഉത്തർപ്രദേശിലെ ദലിത് നേതാവും ഭീം ആർമി പാർട്ടി മേധാവിയുമായ ചന്ദ്രശേഖർ ആസാദുമായി തിരഞ്ഞെടുപ്പുസഖ്യത്തിനു കോൺഗ്രസ് നീക്കം. കിഴക്കൻ യുപിയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്നലെ മീററ്റിലെ ആശുപത്രിയിൽ ആസാദിനെ സന്ദർശിച്ചത് ഇതു സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് ഇന്ധനം പകർന്നു. 

ബിഎസ്പി നേതാവ് മായാവതിയുടെ ദലിത് വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്താൻ ആസാദിന്റെ പിന്തുണ ഉപകരിക്കുമെന്നാണു കോൺഗ്രസ് കണക്കുകൂട്ടൽ. കോൺഗ്രസുമായി ഒരു ധാരണയ്ക്കുമില്ലെന്നു കഴിഞ്ഞദിവസം മായാവതി വ്യക്തമാക്കിയിരുന്നു. 

കഴിഞ്ഞ ദിവസം ഡൽഹിയിലേക്കു പ്രകടനം നയിച്ച ആസാദിനെ അറസ്റ്റ് ചെയ്ത യുപി പൊലീസ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. അനുവദനീയമായതിലും കൂടുതൽ വാഹനങ്ങൾ പ്രകടനത്തിന് ഉപയോഗിച്ചതു തിരഞ്ഞെടുപ്പു ചട്ടലംഘനമാണെന്നു കാട്ടിയായിരുന്നു അറസ്റ്റ്. 

രാജ്യത്തെ യുവാക്കളുടെ ശബ്ദം അടിച്ചമർത്താനാണു കേന്ദ്ര സർക്കാരിന്റെ ശ്രമമെന്നു പ്രിയങ്ക ആരോപിച്ചു. തിരഞ്ഞെടുപ്പുസഖ്യവുമായി തന്റെ സന്ദർശനത്തെ കൂട്ടിയിണക്കേണ്ടെന്നും അവർ കൂട്ടിച്ചേർത്തു. 

വാരാണസിയിൽ നരേന്ദ്ര മോദിയെ തോൽപിക്കുമെന്നു ആസാദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അവിടെ എസ്പി–ബിഎസ്പി സഖ്യം മികച്ച സ്ഥാനാർഥിയെ നിർത്തിയില്ലെങ്കിൽ താൻ മത്സരിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ദലിത് വിദ്യാർഥി രോഹിത് വേമുല ഹൈദരാബാദ് സർവകലാശാലയിൽ ജീവനൊടുക്കിയവേളയിൽ കേന്ദ്ര മാനവശേഷി മന്ത്രിയായിരുന്ന സ്മൃതി ഇറാനിയുടെ തോൽവി ഉറപ്പാക്കാനും ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. 

അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുമെന്നു കരുതുന്ന സ്മൃതിയെ തോൽപിക്കുന്നതിന് ആസാദിന്റെ പിന്തുണ ഉറപ്പാക്കാൻ കൂടിയാണു പ്രിയങ്കയുടെ സന്ദർശനമെന്നു പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com