sections
MORE

രാജ്യ ഭരണസിരാകേന്ദ്രത്തിനു സമീപം അന്ന് മസൂദിന്റെ സ്വൈരവിഹാരം

FILES-PAKISTAN-INDIA-UNREST-KASHMIR
SHARE

ന്യൂഡൽഹി ∙ ഇന്ത്യയുടെ ഉറക്കം കെടുത്തിയ ജയ്ഷെ തലവൻ മസൂദ് അസ്‌ഹർ ഇന്ത്യയിലേക്കുള്ള ആദ്യ വരവിൽ രാജ്യതലസ്ഥാനത്തു വിഹരിച്ചത് ദിവസങ്ങളോളം. ഡൽഹിയിലെ 4 പ്രമുഖ ഹോട്ടലുകളിൽ താമസിച്ച പാക്ക് ഭീകരൻ അന്ന് ബസ്സിലും സ്വൈരവിഹാരം നടത്തി. രണ്ടാഴ്ചയ്ക്കു ശേഷം ശ്രീനഗറിൽ പിടിയിലായപ്പോൾ നടത്തിയ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതാണ് ഇക്കാര്യങ്ങൾ. 1994 ജനുവരി 29ന് ധാക്കയിൽ നിന്ന് ബംഗ്ലദേശ് എയർലൈൻസ് വിമാനത്തിലാണ് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയത്.

പോർച്ചുഗീസ് പാസ്പോർട്ട് കണ്ട് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോൾ ജൻ‌മദേശം ഗുജറാത്ത് ആണെന്നായിരുന്നു മറുപടി. ആ വിശദീകരണത്തിൽ പുറത്തുകടക്കാനായി. തുടർന്ന്, ടാക്സി ഡ്രൈവറാണ് ചാണക്യപുരിയിലെ അശോക ഹോട്ടലിൽ എത്തിച്ചത്. അന്നു രാത്രി സന്ദർശകരായി ഭീകരസംഘടനാ ബന്ധമുള്ള 2 പേർ എത്തി. അവരോടൊപ്പം പിറ്റേന്ന് കാറിൽ യുപിയിലെ ദിയോബന്ദിലെ ദാറുൽഉലൂം മതപഠനകേന്ദ്രം സന്ദർശിച്ചു. പിറ്റേന്ന് സഹാരൻപുരിലേക്ക്. ഈ യാത്രകളിലൊന്നും യഥാർഥ പേരോ വിവരങ്ങളോ വെളിപ്പെടുത്തിയില്ല.

ജനുവരി 31ന് ഡൽഹിയിൽ മടങ്ങിയെത്തി. കൊണാട്ട്പ്ലേസിനു സമീപത്തെ ഹോട്ടൽ ജൻപഥിൽ താമസിച്ചു. ഇതിനടുത്ത ദിവസങ്ങളിലാണ് ബസ്സിൽ ലക്നൗവിലേക്കു പോയത്. ബസ്സിൽ തന്നെ മടക്കം. കരോൾ ബാഗിലെ ഷീഷ് മഹൽ ഹോട്ടലിലായിരുന്നു പിന്നെ താമസിച്ചത്. പോർച്ചുഗീസ് വിലാസവും വലി ആദം ഇസ്സ എന്ന പേരുമാണ് ഇവിടെയെല്ലാം നൽകിയത്. ഫെബ്രുവരി 9ന് വിമാനമാർഗം ശ്രീനഗറിലെത്തി. പിറ്റേന്ന് വഴികാട്ടിയുടെ സഹായത്തോടെ അനന്ത്‌നാഗിലെ മതിഗുണ്ടിൽ പാക്ക് ഭീകരരുടെ താവളത്തിലെത്തി.

ഇവിടെനിന്നു മടങ്ങുമ്പോൾ കാർ കേടായതിനെ തുടർന്ന് ഓട്ടോറിക്ഷയിലായി സഞ്ചാരം. വഴിയിൽ സൈന്യത്തിന്റെ വാഹനപരിശോധനയിൽ കുടുങ്ങി. കൂടെയുണ്ടായിരുന്ന രണ്ടുപേരിൽ ഒരാൾ വെടിയുതിർത്തതോടെ സൈന്യവും തിരികെ വെടിവച്ചു. മസൂദും കൂടെയുണ്ടായിരുന്ന അഫ്ഗാനിയും പിടിയിലായി. 1999 ൽ കാണ്ഡഹാർ വിമാനറാഞ്ചലിനെ തുടർന്നാണ് മസൂദിനെ ഇന്ത്യക്കു വിട്ടയയ്ക്കേണ്ടിവന്നത്.

ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്ക്കരിക്കാൻ നീക്കം

മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ ചൈന തടഞ്ഞതിനു പിന്നാലെ ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്ക്കരിക്കണമെന്ന ആഹ്വാനം സമൂഹ മാധ്യമങ്ങളിൽ സജീവം. രാജ്യത്തു ചൈനീസ് ഉൽപന്നങ്ങൾ നിരോധിക്കണമെന്ന് യോഗ ഗുരു ബാബ രാംദേവ് ആവശ്യപ്പെട്ടു.

ടിക്ടോക് ഉൾപ്പെടെ ചൈനീസ് ആപ്ലിക്കേഷനുകൾ സ്മാർട്ട് ഫോണിൽ നിന്ന് അൺ ഇൻസ്റ്റാൾ ചെയ്യണമെന്നും ചിലർ സമൂഹ മാധ്യമങ്ങളിൽ ആവശ്യപ്പെട്ടു. അതേ സമയം, ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്ക്കരിക്കുകയെന്നതു പ്രായോഗികമല്ലെന്നും പ്രതികരണങ്ങളുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA