ADVERTISEMENT

ചെന്നൈ ∙ ജീവിതത്തിലെ തിരഞ്ഞെടുപ്പു പോരാട്ടം മുൻപേ ജയിച്ചവളാണ് അപ്സര റെഡ്ഡി. 15 വയസ്സുവരെ അജയ് റെഡ്ഡിയായി ആൺശരീരത്തിൽ വീർപ്പുമുട്ടി കഴിഞ്ഞശേഷം മനസ്സിന്റെ വിളികേട്ടു പെണ്ണായി മാറിയവൾ. എങ്കിലും, ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ടിക്കറ്റിനായി മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി രംഗത്തുണ്ട്. ആറണി, കരൂർ മണ്ഡലങ്ങളിലാണു സ്ഥാനാർഥിത്വത്തിനു അപേക്ഷ നൽകിയിരിക്കുന്നത്. തമിഴ്നാട്ടിൽ വേണമെന്നില്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയിലും പോരാട്ടത്തിനു തയാർ.

രാഷ്ട്രീയത്തിലിറങ്ങിയിട്ടു 3 വർഷമായെങ്കിലും മാസങ്ങൾക്കു മുൻപ് മാത്രമാണ് കോൺഗ്രസിലെത്തിയത്. അതിനു പിന്നാലെ മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പദവിയെത്തി. ദേശീയ പാർട്ടിയുടെ പ്രധാന പദവിയിലെത്തുന്ന ആദ്യത്തെ ട്രാൻസ്ജെൻഡർ. രാജ്യത്തെ മുഴുവൻ ട്രാൻസ്ജെൻഡറുകൾക്കും വേണ്ടിയാണു താൻ സീറ്റ് ചോദിക്കുന്നതെന്നാണു അപ്സരയുടെ ന്യായം.  

ആന്ധ്രയിൽ വേരുകളുള്ള യാഥാസ്ഥിതിക കുടുംബത്തിൽ ചെന്നൈയിലാണു ജനനം. പെണ്ണായി മാറാനുള്ള ആഗ്രഹത്തിനു കുടുംബത്തിന്റെ എതിർപ്പു മറികടന്ന് അമ്മ ഒപ്പം നിന്നു. ഓസ്ട്രേലിയയിലും ലണ്ടനിലും പത്രപ്രവർത്തനം പഠിച്ച അപ്സര ബിബിസി, ദ് ഹിന്ദു തുടങ്ങിയ മാധ്യമങ്ങളിൽ പ്രവർത്തിച്ചു. തമിഴ് ചാനലിൽ അൻപുടൻ അപ്സരയെന്ന പരിപാടിയുടെ അവതാരകയായി ശ്രദ്ധേയയായി രാഷ്ട്രീയത്തിലേക്ക്. തുടക്കം ബിജെപിയിൽ. ഒരു മാസം പിന്നിടും മുൻപേ അണ്ണാഡിഎംകെയിൽ. ദേശീയ വക്താവെന്ന നിലയിൽ ചാനൽ ചർച്ചകളിൽ തിളങ്ങി. ജയലളിതയിലേക്കുള്ള വഴി തുറന്നതു ശശികലയായിരുന്നു.  ശശികല ജയിലിലായ ശേഷം ദിനകരൻ കടിഞ്ഞാൺ ഏറ്റെടുത്തതോടെ പാർട്ടിയുമായി അകന്നു. പിന്നീടായിരുന്നു കോൺഗ്രസ് പ്രവേശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com