ADVERTISEMENT

ന്യൂഡൽഹി∙ ബംഗാളിലെ പ്രശ്നം പരിഹരിക്കേണ്ടതു കോൺഗ്രസ് നേതൃത്വമാണെന്നും അവരുടെ സമീപനം മനസ്സിലാകുന്നില്ലെന്നും സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ. കോൺഗ്രസ് യാഥാർഥ്യബോധത്തോടെ നിലപാടെടുക്കണമെന്നും ബിജെപിയെ തുരത്തുകയെന്നതാണ് ഒന്നാമത്തെ ലക്ഷ്യമെന്നതു മറക്കരുതെന്നും രാജ ‘മനോരമ’യോടു പറഞ്ഞു. 

ബംഗാളിൽ ന്യായമായ, യാഥാർഥ്യത്തിനു നിരക്കുന്ന നിലപാടാണ് ഇടതു പാർട്ടികൾ സ്വീകരിച്ചത്. തൃണമൂലിനെയും ബിജെപിയെയും പരാജയപ്പെടുത്തേണ്ടതുണ്ട്. കോൺഗ്രസ് അതു തിരിച്ചറിയണം. 6 സീറ്റിൽ മൽസരം വേണ്ടെന്ന് ആദ്യമേ ഞങ്ങൾ വ്യക്തമാക്കിയതാണ്. രമ്യമായ രീതിയിൽ സീറ്റ് പങ്കിടൽ സാധ്യമാവണം. വോട്ട് ബലത്തിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ തീരുമാനിക്കണം. 

പ്രതിപക്ഷം തിരഞ്ഞെടുപ്പിന് എത്രത്തോളം ഒരുങ്ങിയിട്ടുണ്ട്?

രാജ്യത്തെക്കുറിച്ച് പ്രതിപക്ഷത്തിന് ഗൗരവമായ ആശങ്കയുണ്ട്, രാജ്യവും ഭരണഘടനയും സംരക്ഷിക്കപ്പെടണമെന്നതിൽ പൊതുധാരണയുണ്ട്. ദേശീയ പാർട്ടികൾക്കു മാത്രമല്ല, പ്രാദേശിക കക്ഷികൾക്കും നിർണായക പങ്കു വഹിക്കാനുണ്ട്. ഓരോ സംസ്ഥാനത്തും സാഹചര്യങ്ങൾ വ്യത്യസ്തമാണ്. അതുകൊണ്ടാണ് സംസ്ഥാനതലത്തിൽ സീറ്റ് ധാരണയെന്ന് ഞങ്ങൾ പറഞ്ഞത്. അതിന് ഇടതു പാർട്ടികൾ പരമാവധി ശ്രമിച്ചു, അതു തുടരുന്നു. 

എല്ലാ സംസ്ഥാനത്തും ഒരേ രീതിയിലല്ല കാര്യങ്ങൾ. പഞ്ചാബിൽ ഞങ്ങൾ ബിഎസ്പിയുമായി സഹകരിക്കുന്നു, യുപിയിൽ സഹകരണമില്ല. അതിന് യുപിയിൽ എതിർക്കുന്നുവെന്ന് അർഥമില്ല. ബിഹാറിൽ ആർജെഡിയും കോൺഗ്രസും ഇടതു പാർട്ടികളുമായുള്ള ചർച്ച ഇനിയും പൂർത്തിയായിട്ടില്ല. 

ഇടതു പാർട്ടികളുടെ വിലപേശൽ ശേഷി ഇല്ലാതായി?

പ്രത്യയശാസ്ത്രപരമായി ഇടതിനുള്ള സ്വാധീനവും തിരഞ്ഞെടുപ്പിലെ പ്രകടനവും തമ്മിൽ വിടവുണ്ട്. എന്നാൽ, ആ വിടവ് എന്നും തുടരാൻ പോകുന്നതല്ല, അതു നികത്താൻ ഇടതിന് കെൽപുണ്ട്. ഏതു മുന്നണിക്കും വിശ്വാസ്യത നൽകുന്നത് ഇടതു പാർട്ടികളാണ്. 

രാഹുലിന്റെ നേതൃത്വം? 

പല നേതാക്കളിൽ ഒരാളാണ് രാഹുൽ ഗാന്ധി. ഇന്ത്യ വലിയ രാജ്യമാണ്. ഒട്ടേറെ നേതാക്കളുണ്ട്. ബിജെപിക്കെതിരെയുള്ള പോരാട്ടത്തിൽ രാഹുലും മുൻനിരയിലുണ്ട്. അവസാനം ജനമാണ് തീരുമാനിക്കേണ്ടത്. അതിനുശേഷം നേതൃത്വം, അജണ്ട എന്നിവ സംബന്ധിച്ചു പാർട്ടികൾ തമ്മിൽ ഭിന്നതയുണ്ടാവില്ല. പാർട്ടികൾക്ക് അതിനു തക്ക പക്വതയുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com