ADVERTISEMENT

പ്രയാഗ്‌രാജ് (യുപി)∙ ആദ്യം രണ്ടിൽ നിന്നു രണ്ടക്കത്തിലേക്ക്, ഫലം എന്തായാലും സംസ്ഥാനത്തു തുടർന്ന് പാർട്ടി സംവിധാനം ശക്തമാക്കും. അതിന്റെ തുടക്കമാണ് ഇപ്പോഴത്തെ പ്രിയങ്കയുടെ ഗംഗാപ്രയാണവും കാൽനട യാത്രയുമെല്ലാം – ദീർഘകാല തന്ത്രം വെളിപ്പെടുത്തുന്നത് കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വം.

പ്രിയങ്ക ഗാന്ധി നടന്നു നീങ്ങുന്നത് 3 വർഷ‌ത്തിനു ശേഷമുള്ള ഉത്തർപ്രദേശിലേക്കാണ്. അതിനു മുമ്പ് യുപിയെ അറിയാനുള്ള അവസരം മാത്രമാണ് ഈ തിരഞ്ഞെടുപ്പ്. നേതാക്കളുടെ കണ്ണെത്താത്ത ഉൾ‌ഗ്രാമങ്ങളിലേക്കു പോയി, പല വിഭാഗങ്ങളെ കണ്ടു സംസാരിക്കുന്നതു ജനങ്ങളുടെ പ്രശ്നങ്ങൾ അറിയാനാണെന്നു പ്രിയങ്ക പറയുന്നു.

ആരുണ്ടൊരു നേതാവ്

നെഹ്റുവിന്റെയും ഇന്ദിരയുടെയും മണ്ണിലെ പിന്മുറക്കാർക്കു കോൺഗ്രസിനോടു സ്നേഹമുണ്ടെന്നുറപ്പ്. പക്ഷേ, അവരെ പിന്നോട്ടു വലിച്ച പ്രധാന ഘടകം എടുത്തുപറയാനൊരു നേതാവില്ലെന്നതായിരുന്നു. യുപ‌ിയിൽ‍ കോൺഗ്രസുകാർക്കായി പാറപോലെ നിൽക്കുന്നൊരു നേതാവ്. പ്രിയങ്ക യുപിയിൽ തുട‌ർന്നാൽ കൂടെ നിൽക്കാൻ ആളു‌ണ്ടാവുമെന്ന പ്രതീക്ഷ ഉയരുന്നതിന്റെ കാരണം അതാണ്. വൈകിയെങ്കിലും നേതൃത്വം അതു തിരിച്ചറി‌ഞ്ഞുവെന്നതിന്റെ സൂചനയാണ് പ്രിയങ്കയുടെ യുപി മിഷൻ.

പ്രിയങ്കയുടെ ‘മൈക്രോ പ്ലാനിങ്’

വമ്പൻ പ്രചാരണയോഗങ്ങളും ആളെക്കൂട്ടുന്ന പരിപാടികൾക്കും പി‌ന്നാലെയല്ല പ്രിയങ്കയുടെ പോക്ക്. പത്തോ ഇരുപതോ പേരുള്ള ചെറുസംഘങ്ങളുമായുള്ള കൂടിയാലോചനകളാണ് ശൈലി. അതി‌‌ൽ പാർട്ടി സംഘങ്ങൾ മാത്രമല്ല, അങ്കണവാടി ജീവന‌ക്കാരും തൊഴിലുറപ്പുകാരുമുണ്ട്. എവിടെയാണോ തങ്ങുന്നത് അവിടേക്കു പാർട്ടി വഴി കൂടികാഴ്ചയ്ക്ക് അവസരം പ്രിയ‌ങ്ക തന്നെ ഉറപ്പാക്കുന്നു. കോൺ‌ഗ്രസിന്റെ ശക്തിയും പോരായ്മയും മുതൽ ബിജെപി നടപ്പാക്കിയ പദ്ധതികളെക്കുറിച്ചുള്ള പ്രതികരണം വരെയുള്ള ചോദ്യങ്ങൾ. കൂട്ടത്തിൽ സാധാരണക്കാരിൽ നിന്നു ഭാവിയിലേക്കുള്ള നേതാക്കളെ കണ്ടെത്തൽ. രാഹുൽ ഗാന്ധിയുടേതിൽ നിന്നു വിഭിന്നമായ ടാലന്റ് ഹണ്ട്.

80 ലോക്സഭാ മണ്ഡലങ്ങളിലും പ്രിയങ്കയെ എത്തിക്കാനുള്ള ആലോചനകളും അണിയറിയിൽ നടക്കുന്നു. റായ്ബറേലിയിലെ മുതിർന്ന നേതാവ് ധീരജ് ശ്രീവാസ്തയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തിനാണ് ഏകോപന ചുമതല. ഒപ്പം ഡൽഹിയിൽ നിന്നു ‌പ്രത്യേക ദൗത്യസംഘവും ലക്നൗ ഓഫിസ് കേന്ദ്രീകരിച്ചു പ്രവർത്തി‌ക്കുന്നു. യു‌പിയിലെ പ്രധാന നേതാക്കളെക്കുറിച്ചു പഠിച്ച ഇവരുടെ റിപ്പോർട്ട് സ്ഥാനാർഥി നിർണയത്തിലടക്കം പ്രിയങ്ക പരിഗണിക്കുന്നുണ്ട്.

ഇപ്പോൾ എന്തുകിട്ടും

യുപി പിടിച്ചാൽ ഇന്ത്യ പിടിച്ചുവെന്നാണ് ചൊല്ല്. ആ യുപിയിൽ ഇക്കുറി കോൺഗ്രസിന്റെ കണക്കുകൂട്ടൽ എന്താണ്? ഹം ലഡേംഗേ (ഞങ്ങൾ പോരാടും) എന്നാണ് നേതാക്കളുടെ മറുപടി. പോരാട്ടം കൊ‌ണ്ടു മാ‌‌ത്രം കാര്യമുണ്ടോ? എത്ര സീറ്റ് കി‌ട്ടു‌മെ‌ന്നുറപ്പിച്ചു പറയാൻ കോൺഗ്രസിനിപ്പോഴും കഴിയില്ലെന്നതാണു സത്യം. 15–20 നും ഇടയിൽ സീറ്റാണ് പരമാവധി സ്വ‌പ്നം. 10 സീറ്റിലേക്ക് എത്തിയാൽ പോലും കോൺഗ്രസിനും പ്ര‌‌ിയങ്കയ്ക്കും വലിയ നേട്ടമാവുമെന്നു നേതാക്കൾ സ‌മ്മതിക്കുന്നു.

ക്ഷമയുടെ രാഷ്ട്രീയം

അടിക്കു തിരിച്ചടിയെന്ന പതിവു രാഷ്ട്രീയ ശൈലിയിൽ നിന്നു ‌വ്യത്യസ്തമാണ് യുപിയിൽ കോൺഗ്രസ് പയറ്റുന്നത്. യുപിയിൽ പരമാവധി താഴ്ന്നിട്ടും ബിഎസ്പി കോൺഗ്രസിനെതിരെ പടയൊരുക്കം തുടരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒപ്പം നിന്ന എസ്പി പോലും കോൺഗ്രസ് വിമർശനത്തിൽ ബിഎ‌സ്പിക്കൊപ്പം ചേരുന്നു. എ‌ന്നിട്ടും ‌കോൺഗ്രസ് ക്ഷമ തുടരുന്നതിനു പിന്നിലുമുണ്ട് രാഷ്ട്രീയം. തിരഞ്ഞെടുപ്പിനു ശേഷമുള്ള ദേശീയ സഖ്യസാധ്യതയ്ക്കൊപ്പം 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പു ഘട്ടത്തിലും ഈ ക്ഷമ ഫലം ചെയ്തേക്കുമെന്നുമാണ് വിലയിരുത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com