ADVERTISEMENT

ന്യൂഡൽഹി∙ വായ്പത്തട്ടിപ്പു നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയെ ലണ്ടനിലെ മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റ് ചെയ്തത് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നടുവിൽ രാഷ്ട്രീയമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും ഏറെ സഹായകരമാണെങ്കിലും പ്രമുഖ കുറ്റവാളിയെ ഇന്ത്യക്കു വിട്ടു കിട്ടാൻ നീണ്ട നിയമ പോരാട്ടം വേണ്ടി വരും. 2017–ൽ ഇന്ത്യ വിട്ടു പോയ വിജയ് മല്യയെ കുറ്റവാളികളെ കൈമാറുന്ന കരാർ പ്രകാരം ഇവിടെ എത്തിക്കാൻ ബ്രിട്ടനിലെ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടെങ്കിലും ഇനിയും നടപ്പായിട്ടില്ല. 

ഈ മാസം 29–ന് ലണ്ടൻ മജിസ്ട്രേട്ട് കോടതി നീരവ് മോദിക്ക് ജാമ്യം നൽകിയാലും ‘എക്സ്ട്രാഡിഷൻ’ കേസിൽ വാദം കേൾക്കാൻ തീയതി നിശ്ചയിക്കും. എന്നാൽ ബ്രിട്ടനിലെ നിയമസംവിധാനം അനുസരിച്ച് ഈ വാദം മാസങ്ങൾ നീളും. മജിസ്ട്രേട്ട് കോടതി എക്സ്ട്രാഡിഷൻ അനുവദിക്കുകയും ഉത്തരവിടുകയും ചെയ്താലും നീരവ് മോദിക്കു മേൽക്കോടതിയിൽ അപ്പീൽ പോകാം. വിജയ് മല്യ ഇങ്ങനെ 2 വർഷമായി തന്റെ കേസ് നീട്ടിക്കൊണ്ടു പോവുകയാണ്. 

ബ്രിട്ടിഷ് സർക്കാർ ഇക്കാര്യത്തിൽ എത്രത്തോളം ശുഷ്കാന്തി കാണിക്കുമെന്നതും പ്രശ്നമാണ്. ബ്രിട്ടിഷ് പൗരനായ ക്രിസ്റ്റ്യൻ മിഷേലിന് ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷന്റെ സഹായം നൽകാൻ അനുവദിക്കണമെന്ന് അവർ ആവശ്യപ്പെട്ടത് ഇന്ത്യ അനുവദിച്ചിട്ടില്ല. 

നീരവ് മോദിക്കെതിരായ കേസിൽ സഹായിക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യയിലെ കോടതിക്കു ബ്രിട്ടനിലെ കോടതിയിലേക്ക് എഴുതാനാകും. ഇത് ഇന്ത്യയിലെ അന്വേഷണ ഏജൻസികളാണ് ബ്രിട്ടിഷ് കോടതിയിൽ ഹാജരാക്കി വാദിക്കേണ്ടത്. പലപ്പോഴും വർഷങ്ങൾ നീണ്ടു പോകുന്ന നിയമ നടപടികളായി ഇവ മാറും. മുംബൈ തീവ്രവാദി ആക്രമണക്കേസിൽ യുഎസിൽ തടവിൽക്കഴിയുന്ന ഡേവിഡ് കോൾമാൻ ഹെഡ്‌ലിയെ വിട്ടു കിട്ടാനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. ഹെ‍ഡ്‌ലി യുഎസ് പൗരനായത് കേസിനെ കൂടുതൽ സങ്കീർണമാക്കുന്നു. ദേശീയ അന്വേഷണ ഏജൻസിക്ക് യുഎസിൽ പോയി ഹെഡ്‌ലിയെ ചോദ്യം ചെയ്യാൻ മാത്രമേ അനുമതി ലഭിച്ചുള്ളൂ. 

വാക് പോര്

നീരവ് മോദിയുടെ അറസ്റ്റിന്റെ പേരിലുള്ള അവകാശവാദങ്ങൾ തിരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള ബിജെപിയുടെ പ്രതീകാത്മക നീക്കമെന്നാണു കോൺഗ്രസ് വാദം. ലണ്ടനിലെ സംഭവവികാസങ്ങൾ കേന്ദ്രത്തിന്റെ നേട്ടമായി കാണാനാകില്ലെന്നും പ്രതിപക്ഷം പറയുന്നു. 

നീരവ് മോദിയെ ഇന്ത്യ വിടാൻ സഹായിക്കുകയാണു ബിജെപി ചെയ്തതെന്നും ഇപ്പോൾ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് അയാളെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുകയാണെന്നും തിരഞ്ഞെടുപ്പു കഴിഞ്ഞാൽ വീണ്ടും രക്ഷപ്പെടാൻ സഹായിക്കുമെന്നും കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.

നീരവ് മോദിയുടെ അറസ്റ്റ് കേന്ദ്ര സർക്കാരിന്റെ വിജയമായി വാഴ്ത്തി കേന്ദ്രമന്ത്രി ഹർദീപ് പുരിയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത് ലണ്ടനിലെ സംഭവവികാസങ്ങൾക്കു തൊട്ടുപിന്നാലെ. ഒളിവിൽ പോകാൻ കഴിഞ്ഞേക്കും പക്ഷേ രാജ്യത്തിന്റെ ചൗക്കിദാറിൽ (കാവൽക്കാരൻ) നിന്നു രക്ഷപ്പെടാൻ നിങ്ങൾക്കു കഴിയില്ല എന്നായിരുന്നു പുരിയുടെ ട്വീറ്റ്.

നിമിഷങ്ങൾക്കകം നാഷനൽ കോൺഫറൻസ് മേധാവി ഒമർ അബ്ദുല്ലയുടെ മറുപടിയെത്തി: ലണ്ടനിലെ ടെലഗ്രാഫ് പത്രവും അവരുടെ കറസ്പോണ്ടന്റുമാണ് ഒളിവിലായിരുന്ന നീരവ് മോദിയെ കണ്ടെത്തിയത്. ബിജെപിയുടെ വീമ്പുപറച്ചിൽ കേട്ടാൽ തോന്നും പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ അന്വേഷണ സംഘങ്ങളുമാണ് അയാളെ കണ്ടുപിടിച്ചതെന്ന്. ഓക്സ്ഫഡ് സ്ട്രീറ്റിൽ അല്ലലേതുമില്ലാതെ കറങ്ങിനടക്കാൻ നീരവ് മോദി കാണിച്ച അഹങ്കാരം അപാരം തന്നെ.

കയ്യിലുള്ളത് 3 പാസ്പോർട്ട്

ലണ്ടൻ∙ നീരവ് മോദിക്കുള്ളത്  3 പാസ്പോർട്ടുകളെന്ന് അഭിഭാഷകർ കോടതിയിൽ. മെട്രോപൊളിറ്റൻ പൊലീസ് ഇപ്പോൾ പിടിച്ചെടുത്തിട്ടുള്ളതാണ് ഒരു പാസ്പോർട്ട്. രണ്ടാമത്തേത്, ബ്രിട്ടിഷ് ആഭ്യന്തര മന്ത്രാലയത്തിന്റെ പക്കലുള്ള കാലാവധി കഴിഞ്ഞ പാസ്പോർട്ടാണ്. മൂന്നാമത്തെ പാസ്പോർട്ട് ബ്രിട്ടനിലെ ഡ്രൈവിങ് ആൻഡ് വെഹിക്കിൾ ലൈസൻസിങ് അതോറിറ്റിയുടെ കൈവശമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com