അഡ്വാനിയിൻ നിന്ന് അമിത് ഷായിലേക്ക്; ബിജെപിയിൽ തലമുറമാറ്റം

LK Advani, Amit Shah
എൽ.കെ.അഡ്വാനി, അമിത് ഷാ
SHARE

ന്യൂഡൽഹി ∙ ബിജെപിയിൽ അഡ്വാനി യുഗം അസ്തമിക്കുകയാണ്, അമിത് ഷായുടെ പുതിയൊരു യുഗം തുടങ്ങുകയാണ്. പതിനേഴാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് 184 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചതിൽ ഗുജറാത്തിലെ ഗാന്ധിനഗറിൽ എൽ. കെ. അഡ്വാനിയുടെ സീറ്റിൽ മത്സരിക്കുന്നത് അമിത് ഷായാണ്. അഡ്വാനിയെപ്പോലെ മുരളീ മനോഹർ ജോഷിയും മത്സരരംഗത്ത് ഉണ്ടാവുമെന്ന് കരുതുന്നില്ല. മാർഗദർശക മണ്ഡലിലെ മൂന്നാമൻ കൽരാജ് മിശ്ര നേരത്തെ മത്സരത്തിനില്ല എന്ന് വ്യക്തമാക്കിയിരുന്നു.

6 തവണ എൽ. കെ. അഡ്വാനി വിജയിച്ച ഗാന്ധിനഗർ സീറ്റിൽ നിന്ന് അമിത് ഷാ മത്സരിക്കുമ്പോൾ ബിജെപിയിലെ ഒരു തലമുറ മാറ്റം കൂടി അത് വ്യക്തമാക്കുകയാണ്. 91 വയസ്സായ അഡ്വാനി ഇത്തവണ മത്സരരംഗത്ത് ഇല്ല എന്ന് സ്വയം പ്രഖ്യാപിച്ചിരുന്നില്ല. മുരളീ മനോഹർ ജോഷിയും ഇങ്ങനെ പറഞ്ഞിട്ടില്ല. വ്യാഴാഴ്ച ജോഷിയുടെ കാൻപുർ മണ്ഡലത്തിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ യുപിയിൽ ബിജെപിയുടെ പ്രമുഖ ബ്രാഹ്മണ മുഖമായ ജോഷിയെ അങ്ങനെ തഴയുന്നതും എളുപ്പമല്ല.

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനു വേണ്ടി രഥയാത്ര നടത്തുകയും ബിജെപിയെ അധികാരത്തിലെത്തിക്കാൻ ചുക്കാൻ പിടിക്കുകയും ചെയ്ത അഡ്വാനി 1996 ലും 1998 ലും 1999 ലും അടൽ ബിഹാരി വാജ്പേയിയെ പ്രധാനമന്ത്രിയാക്കാൻ പൂർണ പിന്തുണ നൽകിയിരുന്നു. 2002 ൽ ഉപപ്രധാനമന്ത്രി പദം വരെ എത്തിയ അഡ്വാനി, അടൽ ബിഹാരി വാജ്പേയിക്കു ശേഷം പ്രധാനമന്ത്രിയാവും എന്ന് കരുതിയിരുന്നതാണ്. എന്നാൽ 2004 ൽ ബിജെപിയെ അധികാരത്തിലെത്തിക്കാൻ അഡ്വാനിക്കു കഴിഞ്ഞില്ല. അന്ന് തുടങ്ങിയ അഡ്വാനിയുടെ പടിയിറക്കം 10 വർഷത്തെ യുപി എ ഭരണം കഴിയുമ്പോഴേക്കും പൂർണമായിരുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാർഥിയാകുന്നതിനെ എതിർത്ത് പാർട്ടി പദവികളിൽ നിന്ന് രാജിവച്ചത് അഡ്വാനിയുടെ മറ്റൊരു പാളിപ്പോയ കരുനീക്കമാവുകയും ചെയ്തു.

കഴിഞ്ഞ തവണ 4 ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അഡ്വാനി ഗാന്ധിനഗറിൽ ജയിച്ചത്. ഇത്തവണ ഈ സീറ്റിൽ അഡ്വാനിയുടെ മകൻ ജയന്തിന്റെ പേര് പരിഗണിച്ചതാണ്. ഗുജറാത്തിലെ മുൻ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലിന്റെ മകൾ അനാറിന്റെ പേരും ഉയർന്നുവന്നു. എന്നാൽ, അമിത് ഷാ അവിടെ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.

2017 ൽ രാജ്യസഭാ എംപിയായ അമിത് ഷാ ലോക്സഭയിലേക്കു വരുന്നത് ശ്രദ്ധേയമാണ്– അമിത് ഷാ ഇനി മന്ത്രിസഭയിലേക്കും വരുമോ എന്നേ നോക്കാനുള്ളൂ. ഈ തിരഞ്ഞെടുപ്പിൽ ബിജെപിക്കും എൻഡിഎക്കും സീറ്റ് വളരെ കുറയുകയാണെങ്കിൽ നരേന്ദ്ര മോദിക്കു പകരം മറ്റൊരു പേര് പ്രധാനമന്ത്രി പദത്തിനു പരിഗണിക്കേണ്ടി വന്നാൽ അത് അമിത് ഷാ ആയിക്കൂടെന്നില്ല. രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി തുടങ്ങിയ നേതാക്കളുടെ പേരുകളായിരുന്നു ഇതുവരെ ഉയർന്നു കേട്ടിരുന്നത്.

നരേന്ദ്ര മോദി രണ്ടാമതൊരു സീറ്റിൽക്കൂടി മത്സരിക്കുന്നുണ്ടോ എന്നും വ്യക്തമാക്കിയിട്ടില്ല. ആദ്യ പട്ടികയിൽ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ പേര് പരിഗണിക്കാത്തതിനു കാരണം പഞ്ചാബിൽ അവസാന ഘട്ടത്തിലേ വോട്ടെടുപ്പ് നടക്കുന്നുള്ളൂ എന്നതു കാരണമാവാം.ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ നിന്നും കാലുമാറി വന്നവർക്കെല്ലാം സീറ്റ് നൽകിയിരിക്കുകയാണ്. അതേസമയം ഡാർജലിങ്ങിൽ എസ്.എസ്. അലുവാലിയ തന്നെയാണോ മത്സരിക്കുക എന്ന് വ്യക്തമാക്കിയിട്ടുമില്ല. ഉത്തരാഖണ്ഡിൽ ബിഎസ് ഖണ്ഡൂരിക്ക് സീറ്റ് നൽകിയിട്ടില്ല.

ഉത്തർപ്രദേശിൽ പ്രമുഖ നേതാക്കളെയെല്ലാം അവരുടെ നിലവിലുള്ള മണ്ഡലത്തിൽത്തന്നെ മത്സരിക്കാനാണ് പാർട്ടി നിർദേശിച്ചിരിക്കുന്നത്. രാജ്നാഥ് സിങ് ലക്നൗവിലും മഹേഷ് ശർമ ഗൗതം ബുദ്ധനഗറിലും വി.കെ. സിങ് ഗാസിയാബാദിലും വീണ്ടും മത്സരിക്കുന്നു. ഇന്നു രാവിലെ 11ന് വീണ്ടും ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പു സമിതി ചേരുന്നുണ്ട്. രണ്ടാം ഘട്ടം വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ഇന്ന് തീരുമാനിക്കും.

ലാൽ കൃഷ്ണ അഡ്വാനി (91)

∙ ജനനം: 1927 നവംബർ 8

∙ ജനന സ്ഥലം: കറാച്ചി

∙ തൊഴിൽ: പത്രപ്രവർത്തകൻ

∙ ഭാര്യ: കമല അഡ്വാനി (വിവാഹം: 1965, മരണം: 2017)

∙ 2 വർഷം ഉപപ്രധാനമന്ത്രി

∙ 9 വർഷം ലോക്സഭ പ്രതിപക്ഷനേതാവ്

∙ 6 വർഷം കേന്ദ്ര ആഭ്യന്തരമന്ത്രി

∙ 7 തവണ  ലോക്സഭാംഗം

∙ 4 തവണ രാജ്യസഭാംഗം

∙ 1947: സെക്രട്ടറി, ആർഎസ്എസ്, കറാച്ചി

∙ 1967: പ്രസിഡന്റ്, ഭാരതീയ ജനസംഘം, ഡൽഹി

∙ 1970: രാജ്യസഭയിലേക്ക് ആദ്യജയം (തുടർന്ന് 1976, 82, 88 വർഷങ്ങളിലും രാജ്യസഭയിലേക്ക്)

∙ 1973–76: പ്രസിഡന്റ്, ഭാരതീയ ജനസംഘം

∙ 1977–80: ജനറൽ സെക്രട്ടറി, ജനതാപാർട്ടി

∙ 1977–79: കേന്ദ്ര കാബിനറ്റ് മന്ത്രി, വാർത്താവിതരണ പ്രക്ഷേപണം

∙ 1977–79: സഭാനേതാവ്, രാജ്യസഭ

∙ 1980: പ്രതിപക്ഷ നേതാവ്, രാജ്യസഭ

∙ 1980–86: ബിജെപി സ്ഥാപക ജനറൽ സെക്രട്ടറി

∙ 1980–86: ബിജെപി പാർലമെന്ററി പാർട്ടി നേതാവ്, രാജ്യസഭ

∙ 1986–91: പ്രസിഡന്റ്, ബിജെപി

∙ 1989: ലോക്സഭ കന്നിവിജയം,ന്യൂഡൽഹി 

∙ 1989–91 പ്രതിപക്ഷ നേതാവ്, ലോക്സഭ

∙ 1991: ലോക്സഭ രണ്ടാം ജയം, (ന്യൂഡൽഹി, ഗാന്ധിനഗർ എന്നീ മണ്ഡലങ്ങളിൽ നിന്നു ജയം. ഗാന്ധിനഗർ നിലനിർത്തി. 5 തവണ കൂടി ഗാന്ധിനഗറിൽനിന്നു വിജയം – 1998, ’99, 2004, 2009, 2014)

∙ 1991–93: പ്രതിപക്ഷ നേതാവ്, ലോക്സഭ

∙ 1993–98: പ്രസിഡന്റ്, ബിജെപി 

∙ 1996: ബിജെപി സർക്കാർ ആദ്യമായി കേന്ദ്രത്തിൽ അധികാരത്തിൽ

∙ 1998–2004: കേന്ദ്ര ആഭ്യന്തരമന്ത്രി 

∙ 2002–04: ഉപപ്രധാനമന്ത്രി

∙ 2004–09: പ്രതിപക്ഷ നേതാവ്, ലോക്സഭ

∙ 2014: ബിജെപി മാർഗദർശക് മണ്ഡൽ അംഗം

∙ 2019: ?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA