അഡ്വാനി ഇല്ല; ഗാന്ധിനഗറിൽ അമിത് ഷാ, വാരാണസിയിൽ മോദി തന്നെ

amit-shah-narendra-modi-1
അമിത് ഷാ, നരേന്ദ്ര മോദി (ഫയൽ ചിത്രം)
SHARE

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പാർട്ടി അധ്യക്ഷൻ അമിത് ഷായെക്കൂടി രംഗത്തിറക്കി ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർഥിപ്പട്ടിക ബിജെപി പുറത്തിറക്കി. മോദി, സിറ്റിങ് സീറ്റായ വാരാണസിയിൽ മൽസരിക്കും.  മുതിർന്ന നേതാവ് എൽ.കെ. അഡ്വാനിയുടെ സിറ്റിങ് സീറ്റായ ഗാന്ധിനഗറിലാണ് അമിത് ഷാ ജനവിധി തേടുന്നത്. അഡ്വാനിക്ക് മറ്റൊരു സീറ്റ് നൽകാനിടയില്ല. ഇതോടെ, രാമജന്മഭൂമി പ്രക്ഷോഭത്തിലൂടെ ബിജെപിയെ രാജ്യത്തെ പ്രധാന ശക്തിയാക്കുന്നതിൽ മുഖ്യപങ്കു വഹിച്ച അഡ്വാനി (91) രാഷ്ട്രീയ മുഖ്യധാരയ്ക്കു പുറത്താവുകയാണ്.

അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ തുടർച്ചയായി രണ്ടാം തവണയും കേന്ദ്ര മന്ത്രി സ്മൃതി ഇറാനി തന്നെ രംഗത്തിറങ്ങും.  ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ലക്നൗവിലും ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നാഗ്പുരിലും ജനവിധി തേടും. അന്തരിച്ച പ്രമുഖ നേതാക്കളായ പ്രമോദ് മഹാജന്റെ മകൾ പൂനം മഹാജൻ (മുംബൈ നോർത്ത് സെൻട്രൽ), ഗോപിനാഥ് മുണ്ടെയുടെ മകൾ പ്രീതം മുണ്ടെ (ബീഡ്) എന്നിവരും മഹാരാഷ്ട്രയിൽ സ്ഥാനാർഥികളാകും. ഇരുവരും സിറ്റിങ് എംപിമാരാണ്.

21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 184 സീറ്റുകളിലെ സ്ഥാനാർഥികളുടെ പട്ടികയാണു കേന്ദ്ര തിരഞ്ഞെടുപ്പു സമിതിയെ പ്രതിനിധീകരിച്ചു മന്ത്രി ജെ.പി. നഡ്ഡ പുറത്തുവിട്ടത്.  ബിഹാറിൽ ബിജെപി മത്സരിക്കുന്ന 17 സീറ്റിലും സ്ഥാനാർഥികളെ തീരുമാനിച്ചുവെന്നും എൻഡിഎ സഖ്യത്തിന്റെ മറ്റു സ്ഥാനാർഥികൾക്കൊപ്പം പട്നയിൽ പിന്നീട് പ്രഖ്യാപിക്കുമെന്നും നഡ്ഡ അറിയിച്ചു. പാർട്ടിയിലും ഭരണത്തിലും മോദി – അമിത് ഷാ സഖ്യത്തിന്റെ പിടി കൂടുതൽ മുറുകുന്നുവെന്നു പട്ടിക വ്യക്തമാക്കുന്നു.

രാജ്യസഭയിൽ നിന്നു ലോക്സഭയിലേയ്ക്ക് അമിത് ഷാ ചുവടു മാറ്റുന്നതോടെ, എൻഡിഎ ഭരണം നിലനിർത്തിയാൽ, അധികാരശ്രേണിയിൽ മാറ്റമുണ്ടാകാം.  ഇപ്പോൾ മോദി കഴിഞ്ഞാൽ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങാണു രണ്ടാമൻ.

പ്രമുഖ സ്ഥാനാർഥികളും മണ്ഡലങ്ങളും

∙ നരേന്ദ്ര മോദി: വാരാണസി

∙ അമിത് ഷാ: ഗാന്ധിനഗർ

∙ രാജ്നാഥ് സിങ്:  ലക്നൗ

∙ നിതിൻ ഗഡ്കരി: നാഗ്പുർ

∙ കിരൺ റിജിജു: അരുണാചൽ വെസ്റ്റ്

∙ ജിതേന്ദ്ര സിങ്: ഉധംപുർ

∙ വി.കെ. സിങ്: ഗാസിയാബാദ്

∙ സ്മൃതി ഇറാനി: അമേഠി

∙ സന്തോഷ്കുമാർ ഗാങ്‌വാർ: ബറേലി

∙ സാക്ഷി മഹാരാജ്: ഉന്നാവ്

∙ മഹേഷ് ശർമ: ഗൗതം ബുദ്ധ് നഗർ

∙ ഹേമമാലിനി: മഥുര

∙ പ്രിതം ഗോപിനാഥ് മുണ്ഡെ: ബീഡ്

∙ പൂനം മഹാജൻ: മുംബൈ നോർത്ത് സെൻട്രൽ

∙ ശോഭ കരന്തലജെ: ഉഡുപ്പി

∙ പ്രഹ്ലാദ് ജോഷി: ധാർവാഡ്

∙ ഡി. പുരന്ദ്രേശ്വരി: വിശാഖപട്ടണം

∙ രാജ്യവർധൻ സിങ് റാത്തോഡ്: ജയ്പുർ റൂറൽ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA