ADVERTISEMENT

ലക്‌നൗ ∙ രാജ്യം ഉറ്റുനോക്കുന്നത‌് ഉത്തർപ്രദേശിലെ വിഐപി മണ്ഡലങ്ങളിലേക്ക്.  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും അടക്കമുള്ള മണ്ഡലങ്ങളാണു രാജ്യശ്രദ്ധയിൽ. വാരാണസിയിൽ മോദി വീണ്ടും ജനവിധി തേടുമ്പോൾ, അമേഠിയിൽ രാഹുലും റായ്‌ബറേലിയിൽ യുപിഎ അധ്യക്ഷ സോണിയഗാന്ധിയും മൽസരിക്കുന്നു.

2004 മുതൽ അമേഠിയെ പ്രതിനിധീകരിക്കുന്നതു രാഹുലാണ്. ഇത്തവണയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണു രാഹുലിന്റെ പ്രധാന എതിരാളി. 1999മുതൽ  റായ്ബറേലിയെ പ്രതിനിധീകരിക്കുന്നതു സോണിയയാണ്.  റായ്‌ബറേലിയിലും അമേഠിയിലും എസ്‌പി–ബിഎസ‌്‌പി സഖ്യം സ്ഥാനാർഥിയെ നിർത്തിയിട്ടില്ല. യുപി പിസിസി അധ്യക്ഷൻ രാജ്ബബ്ബർ മൽസരിക്കുന്ന ഫത്തേപ്പുർ സിക്രി മണ്ഡലവും പാർട്ടിക്കു നിർണായകം. 

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വീണ്ടും ലക്നൗവിൽ മൽസരിക്കും. സുൽത്താൻപുർ സിറ്റിങ് എംപിയായ ബിജെപി നേതാവ് വരുൺ ഗാന്ധി ഇത്തവണ പിലിബിത്തിൽനിന്നാകും മൽസരിക്കുക.  ഇത് വരുണിന്റെ അമ്മയും കേന്ദ്രമന്ത്രിയുമായ മേനക ഗാന്ധിയുടെ മണ്ഡലമാണ്. രണ്ടിടത്തും ഔദ്യോഗിക പ്രഖ്യാപനമായില്ല. 

ഹേമമാലിനി (മഥുര), കേന്ദ്രമന്ത്രി വി.കെ. സിങ് (ഗാസിയബാദ്), അസംഗഡ് (അഖിലേഷ് യാദവ്), മെയിൻപുരി (മുലായം സിങ്), ഡിംപിൾ യാദവ് (കനൗജ്), ബദായൂം (ധർമേന്ദ്ര യാദവ്) എന്നീ മണ്ഡലങ്ങളും നിർണായകം.  കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 80 ൽ 71 സീറ്റും ബിജെപി നേടിയിരുന്നു. സഖ്യകക്ഷിയായ അപ്‌നാദൾ 2 സീറ്റും. 

ഗൊരഖ്‌പുരിലും ഫുൽപുരിലും വിജയം ഉറപ്പാക്കേണ്ടത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്ക്കും അഭിമാനപ്രശ്നമാണ്.  2014 ൽ ബിജെപി വിജയിച്ച ഈ രണ്ടു മണ്ഡലങ്ങൾ കഴിഞ്ഞവർഷം നടന്ന ഉപതിര‍ഞ്ഞെടുപ്പിൽ പ്രതിപക്ഷസഖ്യം പിടിച്ചെടുത്തിരുന്നു. 

കോൺഗ്രസിന് അനുകൂലമായ വികാരം ഉണ്ടാക്കിയെടുക്കാൻ കഴിയുമെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തത്തിലാണു ഈ വർഷം നേതൃത്വത്തിലേക്കു വന്ന പ്രിയങ്ക ഗാന്ധി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com