ADVERTISEMENT

യുപിയിലെ സംവരണ മണ്ഡലം ഹർദോയിലെ ബിജെപിയുടെ സിറ്റിങ് എംപി അൻഷുൽ വർമ സീറ്റുനിഷേധിക്കപ്പെട്ടപ്പോൾ രാജിക്കത്തു നൽകിയത് ലക്നൗവിലെ ബിജെപി ആസ്ഥാനത്തെ ചൗക്കിദാർക്ക് (കാവൽക്കാരൻ)!  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ചൗക്കിദാർ’ പ്രചാരണത്തെ പരിഹസിച്ച അൻഷുൽ സമാജ് വാദി പാർട്ടിയിലാണു ചേർന്നത്. തനിക്കു സീറ്റ് നിഷേധിച്ചതു പേരിനു മുൻപിൽ ചൗക്കിദാർ എന്നു ചേർക്കാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ‘ഞാൻ വികസനം നടപ്പിലാക്കി. തുടർന്നും അതു ചെയ്യും. ഞാൻ അൻഷുൽ ആയി തുടരും, ഏതെങ്കിലുമൊരു ചൗക്കിദാറായി  മാറില്ല’ – അദ്ദേഹം പറഞ്ഞു. 

സീറ്റില്ലെങ്കിൽ, എന്റേത് തിരിച്ചെടുക്കും

സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മഹാരാഷ്ട്രയിലെ ഔറംഗബാദ് സില്ലോഡിലെ കോൺഗ്രസ് എംഎൽഎ അബ്ദുൽ സത്താർ പാർട്ടി ഓഫിസിൽ താൻ വാങ്ങിയിട്ട മുന്നൂറോളം കസേരകൾ തിരിച്ചെടുത്തു. പാർട്ടി വിടുകയാണെന്നും എംഎൽഎ പ്രഖ്യാപിച്ചു.

ന്യൂനപക്ഷങ്ങൾക്കു സ്വാധീനമുള്ള മണ്ഡലത്തിൽ തന്നെ സ്ഥാനാർഥിയാക്കുമെന്നായിരുന്നു മേഖലയിലെ പ്രമുഖ നേതാവായ സത്താറിന്റെ പ്രതീക്ഷ. എന്നാൽ നിയമസഭാ കൗൺസിൽ അംഗം സുഭാഷ് സംബഡിനാണു സീറ്റ് നൽകിയത്. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ്-എൻസിപി പ്രവർത്തകരുടെ യോഗത്തിനു തൊട്ടുമുൻപായി ഷാഹ്ഗുൻജ് മേഖലയിലെ പാർട്ടി ഓഫിസിൽനിന്ന് അനുയായികളുടെ സഹായത്തോടെ കസേരകൾ ‍ എടുത്തുകൊണ്ടുപോവുകയായിരുന്നു. പിന്നീട് എൻസിപി ഓഫിസിലാണ് യോഗം നടന്നത്.

ശ്വീകഴിക്കണം..ശാരേ...

മദ്യനിരോധനമുള്ള ബിഹാറിൽ നാലുകാലിൽ നാമനിർദേശപത്രിക സമർപ്പിക്കാനെത്തിയ പുർണിയ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി രാജീവ് കുമാർ സിങ് ജയിലായി.  രാജീവ് കുമാറിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ വരണാധികാരി  കാര്യമന്വേഷിച്ചപ്പോൾ സ്ഥാനാർഥി സത്യം പറഞ്ഞു. മദ്യനിരോധന നിയമം ലംഘിച്ചതായി പരസ്യമായി സമ്മതിച്ചതോടെ നാമനിർദേശ പത്രിക സമർപ്പണം കഴിഞ്ഞപ്പോൾ സ്ഥാനാർഥിയെ അറസ്റ്റുചെയ്തു ജയിലാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com