ADVERTISEMENT

ന്യൂഡൽഹി∙ പാക്കിസ്ഥാൻ പോർവിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് ആക്രമണത്തിനു ശ്രമിച്ച ഫെബ്രുവരി 27ന് ശ്രീനഗറിലെ ബദ്ഗാമിൽ ഇന്ത്യൻ വ്യോമസേനയുടെ എംഐ 17 വി5 ഹെലികോപ്റ്റർ തകർന്നുവീണ സംഭവത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം തുടങ്ങി. 

ആറ് സൈനികർക്കും ഒരു നാട്ടുകാരനും ജീവൻ നഷ്ടപ്പെട്ട അപകടത്തിനു കാരണമായത് ഇന്ത്യയുടെ വ്യോമസുരക്ഷാ സംവിധാനത്തിന്റെ പിഴവാണോ എന്നാണ് അന്വേഷിക്കുന്നത്. ശ്രീനഗർ വ്യോമതാവളത്തിനു സമീപം ഹെലികോപ്റ്റർ തകർന്നുവീഴുന്നതിനു തൊട്ടുമുൻപ് ഇന്ത്യ ഒരു മിസൈൽ വിക്ഷേപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണു നടപടി.

ഇരുപത്തഞ്ചോളം പാക്ക് വിമാനങ്ങൾ നിയന്ത്രണ രേഖയിൽ ഇന്ത്യൻ വ്യോമാതി‍ർത്തി ലംഘിക്കാൻ ശ്രമിക്കുന്നതിനിടെയാണു സംഭവം. പാക്ക് യുദ്ധവിമാനങ്ങൾക്കൊപ്പം പൈലറ്റില്ലാ വിമാനങ്ങൾ (യുഎവി) ആക്രമണത്തിനു ശ്രമിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്നു. വേഗംകുറച്ച് താഴ്ന്നുപറന്ന ഇന്ത്യൻ കോപ്റ്റർ റഡാറിൽൽ കണ്ടപ്പോൾ പാക്ക് യുഎവി ആയി സംശയിച്ച് മിസൈൽ അയച്ചതാകാമെന്ന സാധ്യതയുണ്ട്. 

രാജ്യാന്തര തലത്തിൽ പേരുകേട്ട, റഷ്യൻ നിർമിത എംഐ17 വി5 ഹെലികോപ്റ്റർ സാങ്കേതിക തകരാർമൂലം തകർന്നുവീഴാൻ സാധ്യതയില്ലെന്നാണു പൊതുവിലയിരുത്തൽ. ആകാശത്തു വലിയൊരു സ്ഫോടനശബ്ദം കേട്ടതായും തുടർന്ന് തീഗോളമായി കോപ്റ്റർ താഴേയ്ക്കു വീഴുകയായിരുന്നുവെന്നുമാണ് ദൃക്സാക്ഷി മൊഴികൾ.

ഇതുപോലൊരു സമ്മർദഘട്ടം ഭാവിയിലുണ്ടായാൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയ്ക്കാണ് അന്വേഷണം. പിഴവുണ്ടെന്നു കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കോർട്ട് മാർഷൽ ഉൾപ്പെടെയുള്ള നടപടികൾക്കും സാധ്യതയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com