ADVERTISEMENT

ഗ്രാഫിക്സ് ഇല്ലാത്ത കാലത്ത് ആക്‌ഷൻ സിനിമ ചെയ്തപ്പോൾ മുറിവേറ്റ പാടുകൾ വിജയശാന്തിയുടെ കാലിലും കയ്യിലുമുണ്ട്. അധികാരമില്ലാത്ത കാലത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തുമ്പോഴും ഇതുപോലെ മുറിവേൽക്കുമെന്നാണ് ശാന്തിയുടെ അനുഭവ പാഠം. അതു പക്ഷേ, മനസ്സിനാണെന്നു മാത്രം. ഇന്നലെ വരെ കൂടെ നിന്ന നേതാക്കൾ ഒരു രാത്രി കൊണ്ടു കൂടുമാറി മറുപാളയത്തിൽ പോകുന്നതിന്റെ വേദന. തെലങ്കാനയിലെ കോൺഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷയാണ് തെലുങ്കു സിനിമയിലെ വനിതാ സൂപ്പർ സ്റ്റാർ വിജയശാന്തി. ബദ്ധശത്രുവായ ടിആർഎസിനോടു പോരാടാനുറച്ചാണ് വിജയശാന്തിയുടെ പ്രചാരണം. 

ബഞ്ജാര ഹിൽസിലെ എംഎൽഎ കോളനിയിലെ വീട്ടിൽ രാവിലെ 10 മണിക്ക് കാണുമ്പോൾ 200 കിലോമീറ്റർ അകലെ ഖമ്മത്ത് പ്രചാരണത്തിനു പോകാൻ ഒരുങ്ങി നിൽക്കുകയാണ് ശാന്തി. 22 വർഷമായി രാഷ്ട്രീയത്തിൽ സജീവമായിട്ടും  ഒരു തവണ മേദക്കിൽ നിന്ന് എംപിയാകാനെ ശാന്തിക്കു കഴിഞ്ഞുള്ളൂ. 2009 ൽ ടിആർഎസ് ടിക്കറ്റിലാണ് ഇന്ദിരാഗാന്ധിയുടെ പഴയ മണ്ഡലത്തിൽ നിന്നു ശാന്തി ജയിച്ചത്. ബിജെപിയിൽ നിന്നു രാഷ്ട്രീയം തുടങ്ങി പിന്നീട് നല്ലി തെലങ്കാന എന്ന പേരിൽ സ്വന്തം പാർട്ടി രൂപീകരിച്ചു തെലങ്കാന സംസ്ഥാനത്തിനായി പോരാടി. അവിടെ നിന്നാണ് കെ.ചന്ദ്രശേഖര റാവുവിനൊപ്പം ടിആർഎസിൽ എത്തുന്നത്. ചന്ദ്രശേഖര റാവുവിന്റെ ഏകാധിപത്യത്തോട് കലഹിച്ച് പാർട്ടി വിട്ടു. അങ്ങനെ കോൺഗ്രസിലെത്തി.

വിജയശാന്തി മനോരമയോട്: 

എന്തു കൊണ്ടാണ് തെലങ്കാന രൂപീകരണത്തിന്റെ  നേട്ടം കോൺഗ്രസിനു ലഭിക്കാതെ പോയത് ?

അതൊരു തന്ത്രപരമായ പിഴവായിപ്പോയി. 2013 ൽ തന്നെ കോൺഗ്രസ് തെലങ്കാന സംസ്ഥാന രൂപവൽക്കരണ കാര്യത്തിൽ തീരുമാനമെടുത്തെങ്കിലും പ്രഖ്യാപനം നടത്തിയത് 2014 ലെ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ്. അപ്പോൾ ടിആർഎസ് അതു പ്രയോജനപ്പെടുത്തി. ഇതു പാർട്ടിയുടെ പോരാട്ടം കൊണ്ടു മാത്രമാണെന്നവർ കള്ളം പറഞ്ഞു.  തിരഞ്ഞെടുപ്പിന് ഒരു വർഷം മുൻപായിരുന്നു പ്രഖ്യാപനമെങ്കിൽ കോൺഗ്രസിന് അതിന്റെ പ്രയോജനം ലഭിച്ചേനെ. ഞാൻ ബിജെപിയിലായിരിക്കുമ്പോൾ തെലങ്കാനയ്ക്കു വേണ്ടി ഒരുപാടു പ്രവർത്തിച്ചു. അന്നു ബിജെപി എന്റെ  വാക്കു കേട്ടിരുന്നെങ്കിൽ ഇന്നവർക്കും നേട്ടമുണ്ടായേനെ.

എന്താണ് ടിആർഎസിന്റെ ജനപ്രീതിക്കു പിന്നിൽ ?

അതൊക്കെ താൽ‍ക്കാലികമാണ്. ഞാൻ ബിജെപിയിലും ടിആർഎസിലും പ്രവർത്തിച്ചിട്ടാണ് കോൺഗ്രസിൽ വരുന്നത്. ബിജെപിയിൽ അഡ്വാനി– വാജ്പേയി കാലത്ത് അച്ചടക്കം ഉണ്ടായിരുന്നു. തെറ്റുകണ്ടാൽ കഠിനമായി ശിക്ഷിക്കും. ഇന്നതില്ല. കോൺഗ്രസിൽ ഒരു ഡെമോക്രാറ്റിക് സ്പേസ് ഉണ്ട്. ചന്ദ്രശേഖര റാവു നരേന്ദ്ര മോദിയുടെ കയ്യാളാണ്. ഫെഡറൽ ഫ്രണ്ടെന്നൊക്കെ ജനങ്ങളെ കബളിപ്പിക്കാൻ പറയുന്നതാണ്. 

തെലങ്കാനയിൽ 17 സീറ്റ് ജയിച്ചാലും  അതുകൊണ്ട് കേന്ദ്രത്തിലെന്തു കാര്യം. ചന്ദ്രശേഖര റാവു ടിആർഎസ് രൂപവൽക്കരിക്കുന്നതിനു മുൻപാണ് ഞാൻ നല്ലി തെലങ്കാനയുണ്ടാക്കിയത്. നല്ലി തെലങ്കാനയെന്നാൽ അമ്മ തെലങ്കാന. നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച കോൺഗ്രസ് എംഎൽഎമാർക്ക് 30 കോടിയാണ് പാർട്ടി മാറാൻ റാവു  വാഗ്ദാനം ചെയ്തത്.

റാവുവിന്റെ കുടുംബത്തിൽ അടി തുടങ്ങി. മകനും മകളും അച്ഛനും മാത്രമാണ് പാർട്ടി. ആ പാർട്ടിക്ക് വലിയ ആയുസ്സില്ല. രാഹുൽ പ്രധാനമന്ത്രിയാകുന്നതോടെ തെലങ്കാനയിൽ കോൺഗ്രസ് വീണ്ടും കരുത്തരാകും. 

സിനിമ പൂർണമായി വിട്ടോ? 

ഇപ്പോൾ രാഷ്ട്രീയം മാത്രമാണ് ജീവിതം. എങ്കിലും സിനിമയെ മറക്കാൻ കഴിയില്ലല്ലോ. ചിലപ്പോൾ തിരക്കഥകൾക്കു കാതോർക്കും. കേരളത്തിൽ ഒടുവിൽ വന്നത് ശ്യാമപ്രസാദിന്റെ ‘കല്ലുകൊണ്ടു പെണ്ണ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനാണ്. എത്രയോ വർഷമായി...

മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം 1990 ലാണ് കർത്തവ്യം എന്ന സിനിമയിൽ വിജയശാന്തിക്കു ലഭിക്കുന്നത്. തമിഴിൽ വൈജയന്തി ഐപിഎസ് എന്ന പേരിൽ റീമേക്ക് ചെയ്ത പടം ശാന്തിയുടെ  പെൺകരുത്തിള്ള പ്രതിച്ഛായക്കു തിളക്കമേകി. കാറിന്റെ പിൻസീറ്റിലേക്ക് ചാടിക്കയറുമ്പോഴും ആക്‌ഷൻ മറക്കാത്ത നായികയുടെ ചുറുചുറുക്ക്. ക്യാംപെയ്ൻ മസ്റ്റ് ഗോ ഓൺ... ശാന്തി പ്രതീക്ഷയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com