ADVERTISEMENT

ന്യൂഡൽഹി ∙ ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ജിഎസ്ടി നിരക്കുകൾ രണ്ടാക്കി ചുരുക്കുമെന്നു ധനമന്ത്രി അരുൺ ജയ്റ്റ്‌ലി. നിലവിലുള്ള 12, 18 ശതമാനം നികുതികൾ ഒറ്റ നികുതിയാക്കും. 5%, ഏറെക്കുറെ 15% എന്നിങ്ങനെയാവും പുതിയ നിരക്കുകളെന്നും അദ്ദേഹം ‘മനോരമ ന്യൂസി’നോടു പറഞ്ഞു.

‌ഭൂരിപക്ഷ സമുദായങ്ങൾ കോൺഗ്രസിന് എതിരായതിനാലാണു രാഹുൽ ഗാന്ധി വയനാട്ടിൽ അഭയം തേടിയതെന്ന് ജയ്റ്റ്ലി പറ‍ഞ്ഞു. ‌‌അതേസമയം, പാർട്ടിയെ ശക്തിപ്പെടുത്താനാണു നരേന്ദ്ര മോദി 2014 ൽ 2 മണ്ഡലത്തിൽ മൽസരിച്ചത്. യുപിയിലും ഗുജറാത്തിലും ബിജെപി ഉജ്വല വിജയം നേടിയതോടെ അതു ശരിയായിരുന്നെന്നു തെളിഞ്ഞു.

ശബരിമലയിലെ യുവതീപ്രവേശത്തെക്കുറിച്ചു കോൺഗ്രസിന്റെയും ഇടതു പാർട്ടികളുടെയും നിലപാട് സംശയകരമാണ്. പ്രത്യയശാസ്ത്ര സ്വത്വം നഷ്ടപ്പെട്ട പ്രസ്ഥാനമായി സിപിഎം മാറി. കഴിഞ്ഞ 5 വർഷം ഇടത് അംഗങ്ങൾ പാർലമെന്റിൽ കോൺഗ്രസിന്റെ കയ്യാളുകളായാണു പ്രവർത്തിച്ചത്. കേരളത്തിൽ ഇത്തവണ ബിജെപിയുടെ വോട്ടുവിഹിതം കൂടും. വൻ ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തും.

കോൺഗ്രസിന്റെ ന്യായ് പദ്ധതി തട്ടിപ്പാണ്. പദ്ധതിക്കു പണം കണ്ടെത്തണമെങ്കിൽ ആദായ നികുതി വർധിപ്പിക്കേണ്ടി വരും. അല്ലെങ്കിൽ ധനക്കമ്മി കൂടുമെന്നും അദ്ദേഹം പറഞ്ഞു.

 75 വയസ്സ് പരിധി പാർട്ടി തീരുമാനം

75 വയസ്സ് കഴിഞ്ഞവരെ മത്സരിപ്പിക്കേണ്ടെന്ന പാർട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് എൽ.കെ. അഡ്വാനിയെയും മുരളി മനോഹർ ജോഷിയെയും ഒഴിവാക്കിയതെന്ന് അരുൺ ജയ്റ്റ്ലി. അഡ്വാനി കരുതും പോലെ തന്നെ വ്യക്തിക്ക് അല്ല പാർട്ടിക്കാണു മുൻഗണന. ഇനി പാർട്ടിക്കു മാർഗനിർദേശം നൽകുകയാണ് അഡ്വാനി ചെയ്യേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com